എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിന് നിര്‍ദേശങ്ങളുമായി ആനന്ദ് മഹിന്ദ്ര

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിന് നിര്‍ദേശങ്ങളുമായി ആനന്ദ് മഹിന്ദ്ര

എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ഒരു കമ്പനിയും അവസാന നിമിഷം വരെയും വരാത്ത സാഹചര്യത്തിലാണ് പ്രതികരണം

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന ഇപ്പോള്‍ രാജ്യത്തിന്റെ അഭിമാന പ്രശ്‌നമാണെന്ന് മഹിന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹിന്ദ്ര. പ്രതിസന്ധി അവസരമാക്കി മാറ്റാനുള്ള സമയമാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഏറ്റെടുക്കാന്‍ ആളില്ലാതെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആനന്ദ് മഹിന്ദ്ര ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് താല്‍പ്പര്യ പത്രം സമര്‍പ്പിക്കുന്നതിനുള്ള സമയം വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അവസാനിച്ചിരുന്നു. സര്‍ക്കാര്‍ അവസാന നിമിഷം വരെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും കടബാധ്യത മൂലം പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല. എന്നാല്‍, ഈ താല്‍പ്പര്യമില്ലായ്മ എയര്‍ ഇന്ത്യയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിന് കര്‍ശന നടപടികള്‍ ആവശ്യമാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് ആനന്ദ് മഹിന്ദ്ര പറയുന്നു. എയര്‍ ഇന്ത്യയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുകൊണ്ടുള്ള വേഗത്തിലുളളതും നിര്‍ണായകവുമായ നടപടികള്‍ക്ക് വലിയ പിന്തുണയുണ്ടാകുമെന്നും ഇതൊരു വസരമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര സര്‍ക്കാരിന് എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം മികച്ച രീതിയില്‍ വിജയകരമായി നടപ്പാക്കുന്നതിനുള്ള അഞ്ച് നിര്‍ദേശങ്ങളും ആനന്ദ് മഹിന്ദ്ര മുന്നോട്ടുവെച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ബിസിനസ് ലാഭത്തിലാക്കിയതിനു ശേഷം മാത്രം സ്വകാര്യവല്‍ക്കരണ നീക്കവുമായി മുന്നോട്ടുപോകുക, ഇന്ത്യയുടെ മെട്രോ മാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരനെ പോലെ കഴിവും ശേഷിയുമുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി നിയമിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. പതുതായി നിയമിക്കുന്ന ചെയര്‍മാന് എയര്‍ ഇന്ത്യയുടെ പൂര്‍ണ നിയന്ത്രണാധികാരം നല്‍കണം, എന്നാല്‍ മാത്രമെ കമ്പനിയെ തിരിച്ചുപിടിക്കാനുള്ള ലക്ഷ്യം സാധ്യമാകുകയുള്ളു. യാതൊരുവിധത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദങ്ങളും അദ്ദേഹത്തെ ബാധിക്കരുതെന്നും ചെയര്‍മാന് ഉചിതമെന്നു തോന്നുന്ന നടപടികളില്‍ പൂര്‍ണമായ പിന്തുണ സര്‍ക്കാര്‍ നല്‍കണമെന്നുമാണ് ആനന്ദ് മഹിന്ദ്ര മുന്നോട്ടുവെച്ച മറ്റു നിര്‍ദേശങ്ങള്‍.

Comments

comments

Categories: Current Affairs, Slider
Tags: Air Iindia