‘വനിതാ ശാക്തീകരണം; ഗള്‍ഫ് രാജ്യങ്ങള്‍ യുഎഇയെ മാതൃകയാക്കണം’

‘വനിതാ ശാക്തീകരണം; ഗള്‍ഫ് രാജ്യങ്ങള്‍ യുഎഇയെ മാതൃകയാക്കണം’

മേഖലയില്‍ കൂടുതല്‍ സ്ത്രീകള്‍ മുഖ്യധാരയിലേക്ക് എത്തുകയാണെന്ന് യുഎഇ വിദേശകാര്യമന്ത്രി

ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ യുഎഇയെ മാതൃകയാക്കണമെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷേഖ് അബ്ദുള്ള ബിന്‍ സയിദ് അല്‍ നഹ്യാന്‍. പൊതുജീവിതത്തിലും രാഷ്ട്രീയത്തിലുമെല്ലാം വനിതകള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കാന്‍ സാധിക്കും. അതിന് യുഎഇ നടത്തുന്ന പരിശ്രമങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്കെല്ലാം തന്നെ മാതൃകയാക്കാവുന്നതാണ്-ഷേഖ് അബ്ദുള്ള പറഞ്ഞു.

പ്രശസ്ത കനേഡിയന്‍ പത്രമായ ഗ്ലോബ് ആന്‍ഡ് മെയ്‌ലില്‍ എഴുതിയ ലേഖനത്തിലാണ് യുഎഇയുടെ വനിതാ ശാക്തീകരണ മുന്നേറ്റത്തെക്കുറിച്ച് മന്ത്രി വാചാലനായത്.

വനിതകളെ പിന്തുണയ്ക്കാത്തിടത്തോളം കാലം രാഷ്ട്രത്തിന് അതിന്റെ യഥാര്‍ത്ഥ സാധ്യതകളിലേക്കും ശക്തിയിലേക്കും എത്തിച്ചേരാന്‍ കഴിയില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം-ഷേഖ് അബ്ദുള്ള

ഗള്‍ഫ് മേഖലയില്‍ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെട്ടുവരികയാണെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ അടുത്തിടെ മേഖലയിലുണ്ടായ പോസിറ്റീവ് മാറ്റങ്ങള്‍ ഒരേസമയം അംഗീകരിക്കപ്പെടേണ്ടതും അഭിനന്ദിക്കപ്പെടേണ്ടതും ആണെന്ന് ഷേഖ് അബ്ദുള്ള പറഞ്ഞു. ഇപ്പോഴും വനിതകളുടെ അവകാശങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നവരെ മാറ്റത്തിന് നിര്‍ബന്ധിതമാക്കണമെന്നുള്ള അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു.

ഗള്‍ഫ് മേഖലയുടെ വികസനത്തില്‍ വനിതകള്‍ക്ക് സുപ്രധാന പങ്കുവഹിക്കാന്‍ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ഷേഖ് അബ്ദുള്ള പറഞ്ഞു. വലിയ സാധ്യതകളാണ് അവര്‍ക്ക് മുന്നിലുള്ളതെന്നും മേഖലയിലെ ജനസംഖ്യയില്‍ 60 ശതമാനം പേരും 30 വയസ്സിന് താഴെയുള്ളവരാണെന്നും ഷേഖ് അബ്ദുള്ള വ്യക്തമാക്കി.

മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കണം. എന്നിട്ട് അവരുടെ കഴിവ് വികസനാത്മകമായി ഉപയോഗപ്പെടുത്താന്‍ സാധിക്കണം. സമൂഹത്തില്‍ അവര്‍ക്കും തുല്യ അവസരവും തുല്യ വേതനവും എല്ലാം ലഭ്യമാക്കുന്ന സാഹചര്യം ഒരുക്കണം-അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

മതില്‍കെട്ടുകള്‍ തകര്‍ക്കുന്നതിന് മികച്ച ഉദാഹരണമാണ് യുഎഇ എന്നും പൊതു, സ്വകാര്യ മേഖലകളിലുള്ള വനിതാ പങ്കാളിത്തം കൂട്ടാന്‍ കൃത്യമായ പദ്ധതികളാണ് രാജ്യം കൈക്കൊണ്ടതെന്നും ഷേഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി. വനിതകളെ പിന്തുണയ്ക്കാത്തിടത്തോളം കാലം രാഷ്ട്രത്തിന് അതിന്റെ യഥാര്‍ത്ഥ സാധ്യതകളിലേക്കും ശക്തിയിലേക്കും എത്തിച്ചേരാന്‍ കഴിയില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇവിടെ യുഎഇയില്‍ വനിതകളെ ശാക്തീകരിക്കാനായി എടുക്കുന്ന ഓരോ നീക്കവും ശരിയായ ദിശയിലുള്ളത് തന്നെയാണ്-വിദേശകാര്യമന്ത്രി നയം വ്യക്തമാക്കി.

ഗള്‍ഫ് മേഖലയിലെ മറ്റൊരു പ്രമുഖ രാജ്യമായ സൗദി അറേബ്യയിലും വനിതാശാക്തീകരണ മുന്നേറ്റങ്ങള്‍ക്ക് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടക്കമിട്ടിട്ടുണ്ട്. വനിതകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് നീക്കിയതുള്‍പ്പടെയുള്ള വിപ്ലവാത്മക തീരുമാനങ്ങളാണ് കിരീടാവകാശി കൈക്കൊണ്ടത്.

Comments

comments

Categories: Arabia