വാട്‌സാപ്പിനെ വെല്ലുവിളിച്ച് കിംഭോ ആപ്പുമായി പതഞ്ജലി

വാട്‌സാപ്പിനെ വെല്ലുവിളിച്ച് കിംഭോ ആപ്പുമായി പതഞ്ജലി

സ്വദേശി സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് മെസേജിംഗ് ആപ്പും അവതരിപ്പിക്കുന്നത്

ന്യൂഡെല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി സ്വദേശി മെസേജിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കി. വാട്‌സാപ്പിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും കിംഭോ എന്ന ഈ ആപ്പെന്നാണ് കമ്പനി പറയുന്നത്.
‘ ഇനി ഭാരതം സംസാരിക്കും. സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിന് ശേഷം കിംഭോ മെസേജിംഗ് ആപ്ലിക്കേഷനുമായി പതഞ്ജലി എത്തുകയാണ്. വാട്‌സാപ്പിന് ഇത് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുക. നമ്മുടെ സ്വന്തം സ്വദേശി മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് കിംഭോ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇത് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും’, പതഞ്ജലി വക്താവ് എസ് കെ തിജരവാല പറഞ്ഞു.
സ്വകാര്യ,ഗ്രൂപ്പ് ചാറ്റുകള്‍ക്കും സൗജന്യ വോയ്‌സ്, വീഡിയോ കോളിംഗിനുമുള്ള സൗകര്യങ്ങള്‍ കിംഭോയിലുണ്ട്. ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങള്‍, ഫോട്ടോകള്‍ ,വീഡിയോ, സ്റ്റിക്കറുകള്‍, ലൊക്കേഷനുകള്‍, ജിഐഎഫുകള്‍, ഡൂഡില്‍ തുടങ്ങിയവ പങ്കുവയ്ക്കുന്നതടക്കം ധാരാളം ഫീച്ചറുകള്‍ ഈ ആപ്ലിക്കേഷനിലുണ്ട്. ഇനി ഭാരതം സംസാരിക്കും എന്ന ടാഗ്‌ലൈനോടെയാണ് ആപ് പുറത്തിറങ്ങുന്നത്.
പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡു (ബിഎസ്എന്‍എല്‍) മായി സഹകരിച്ച് സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് മെസേജിംഗ് ആപ്പുമായി പതഞ്ജലി രംഗത്തെത്തിയിരിക്കുന്നത്. 144 രൂപയ്ക്ക് സ്വദേശി സിം കാര്‍ഡുകള്‍ റീ ചാര്‍ജ് ചെയ്താല്‍ രാജ്യത്തുടനീളം പരിധിയില്ലാതെ വിളിക്കാന്‍ ഉപഭോക്താവിന് സാധിക്കും. കൂടാതെ 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ലഭിക്കും. പതഞ്ജലിയിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ സിം കാര്‍ഡുകള്‍ നല്‍കുക. ഇതിന് ശേഷമാണ് പൊതുജനങ്ങള്‍ക്ക് സിം കാര്‍ഡ് ലഭ്യമാക്കുക. കാര്‍ഡ് വാങ്ങുന്നവര്‍ക്ക് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ബിഎസ്എന്‍എലിന്റെ അഞ്ച് ലക്ഷം കൗണ്ടറുകളിലൂടെ വൈകാതെ പതഞ്ജലി സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

Comments

comments

Categories: Entrepreneurship, Slider
Tags: Patanjali