തേനീച്ച വളര്‍ത്തല്‍ പ്രോല്‍സാഹനം; ലോക റെക്കോഡ് നേടി ഹണി മിഷന്‍

തേനീച്ച വളര്‍ത്തല്‍ പ്രോല്‍സാഹനം; ലോക റെക്കോഡ് നേടി ഹണി മിഷന്‍

തേനീച്ചകളുടെ വംശനാശ ഭീഷണി അതിജീവിക്കുന്നതിനും തേനീച്ച വളര്‍ത്തല്‍ പരിപോഷിപ്പിക്കുന്നതിനുമായി നടപ്പാക്കുന്ന ഹണിമിഷനില്‍ ലോക റെക്കോഡ് നേട്ടം. അസമിലെ കാശിരംഗ മേഖലയില്‍ തേനീച്ച വളര്‍ത്തലിനായി ഒറ്റ ദിവസംകൊണ്ട് 1000 ബോക്‌സുകള്‍ വിതരണം ചെയ്താണ് ഇന്ത്യ, ഇസ്രയേലിനെ മറികടന്നത്

വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗത്തിന്റെ പരിധിയിലാണിപ്പോള്‍ തേനീച്ചകള്‍. ആവാസവ്യവസ്ഥയ്ക്ക് അനുദിനം സംഭവിക്കുന്ന മാറ്റങ്ങളും പ്രകൃതിയില്‍ പച്ചപ്പ് നഷ്ടമാകുന്നതും കീടനാശിനികളുടെ ഉപയോഗവുമെല്ലാമാണ് ഇവയുടെ നാശത്തിന് ഹേതുവാകുന്നത്. കേരളത്തിലും ഇന്ത്യയിലൊട്ടാകെയും ഉപയോഗിക്കുന്ന ചില നവീന കീടനാശിനികള്‍ തേനീച്ചകളെ വന്‍തോതില്‍ കൊന്നൊടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷത്തിനിടയ്ക്ക് ഇന്ത്യയില്‍ തേനീച്ചകളുടെ എണ്ണത്തില്‍ അമ്പതു ശതമാനത്തോളം കുറവ് വന്നിട്ടുണ്ടെന്നാണ് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് തേനീച്ചകളുടെ വംശം നിലനിര്‍ത്താന്‍ പ്രമുഖ ഗാന്ധിയന്‍ സംഘടനയായ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ (കെവിഐസി) പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

ഇസ്രയേലിനെ മറികടന്ന് ലോകനേട്ടത്തില്‍

തേനീച്ചകളുടെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയ കെവിഐസി തേനീച്ച വളര്‍ത്തല്‍ പരിപോഷിക്കുന്നതിന് ആവശ്യമായി പ്രവര്‍ത്തനങ്ങളാണ് സജീവമായി ഏറ്റെടുത്തിരിക്കുന്നത്. തേനിച്ച വളര്‍ത്തലിന്റെ ഗുണങ്ങളും അതു സംബന്ധിച്ച അറിവുകളും പൊതുജനങ്ങള്‍ക്ക് തികച്ചും സൗജന്യമായി പങ്കുവെക്കാന്‍ തയാറായ അവര്‍ കഴിഞ്ഞയാഴ്ച നടന്ന ലോക തേനീച്ച ദിനത്തോടനുബന്ധിച്ച് ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ തേനീച്ച വളര്‍ത്തലിനുള്ള ബോക്‌സുകള്‍ വിതരണം ചെയ്ത് ലോക റെക്കോഡ് കരസ്ഥമാക്കുകയും ചെയ്തു.

അസമിലെ കാശിരംഗ വനാന്തരങ്ങളില്‍ താമസിക്കുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്ക് തേനീച്ച വളര്‍ത്തലിനുള്ള ആയിരം ബോക്‌സുകളാണ് കെവിഐസി ഒരൊറ്റ ദിവസംകൊണ്ട് വിതരണം ചെയ്തത്. രണ്ടു വര്‍ഷം മുമ്പ് സമാന വിഷയത്തില്‍ ഇസ്രയേല്‍ നേടിയ റെക്കോഡ് തകര്‍ത്താണ് ഈ നേട്ടം സ്വന്തമാക്കിയത്. 841 ബോക്‌സുകളായിരുന്നു മുമ്പ് അവര്‍ വിതരണം ചെയ്തിരുന്നത്.

ആദിവാസി ജനതയ്ക്ക് മികച്ച തൊഴിലവവസരങ്ങള്‍

പുതിയ പദ്ധതിയിലൂടെ തേനീച്ച വളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കുക മാത്രമല്ല കെവിഐസിയുടെ ലക്ഷ്യം, മറിച്ച് മേഖലയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ മികച്ച തൊഴിലവസരങ്ങളും പ്രകൃതിയോടിണങ്ങിക്കൊണ്ടുതന്ന ജീവിതം മെച്ചപ്പെടുത്താനുള്ള മാര്‍ഗവും തുറന്നു കൊടുത്തിരിക്കുകയാണിവര്‍.

തേനീച്ച കോളനികള്‍ കണ്ടെത്തുന്നതിലും എപ്പികള്‍ച്ചര്‍ ഉപകരണങ്ങള്‍ പരിചയിക്കുന്നതിലും നൂറോളം ആളുകള്‍ക്ക് മികച്ച പ്രായോഗിക പരിശീലനവും ഇവര്‍ നല്‍കുകയുണ്ടായി. കൂടാതെ തേനീച്ചകളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചും തേന്‍ വേര്‍തിരിക്കല്‍, ശുദ്ധീകരണം, വിവിധ സീസണുകളില്‍ ആവശ്യമായ തേനീച്ച പരിപാലനം എന്നിവയിലും ക്ലാസുകള്‍ ലഭ്യമാക്കി.

അസം മേഖലയില്‍ കെവിഐസി നടപ്പാക്കിയ വികസന പദ്ധതികള്‍ ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ സഹായകമായിട്ടുണ്ടെന്ന് കെവിഐസി ചെയര്‍മാന്‍ വി കെ സക്‌സേന പറഞ്ഞു. പദ്ധതിയുടെ ഗുണഫലങ്ങള്‍ മനസിലാക്കി ഇതിന്റെ ഭാഗമാകാന്‍ ആദിവാസികള്‍ തയാറായി എന്നതാണ് എടുത്തുപറയേണ്ട വസ്തുത. ക്രോസ് പോളിനേഷനിലൂടെ കാശിരംഗ വനപ്രദേശങ്ങളിലെ മൃഗ സസ്യജാലങ്ങള്‍ പരിപോഷിപ്പിക്കപ്പെടുന്നതിനും ഈ പദ്ധതി ഏറെ സഹായിക്കും-വി കെ സക്‌സേന പറയുന്നു. ഉയര്‍ന്ന ഗുണമേന്‍മയോടുകൂടിയ 30,000 കിലോഗ്രാം തേന്‍ ഈ ബോക്‌സുകളിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക തേനീച്ച ദിനാഘോഷത്തോടനുബന്ധിച്ച് കാശിരംഗയിലെ കൊഹെരെ ഗ്രാമത്തിലെ ശങ്കര്‍ദേവ് ശിശു നികേതന്‍ സ്‌കൂളിലെ 500 കുട്ടികള്‍ക്ക് 200 ഗ്രാം വീതമുള്ള തേന്‍ ബോട്ടിലുകള്‍ നല്‍കുകയും ചെയ്തു. ഈ വര്‍ഷം നവംബറിനു മുമ്പ് രാജ്യത്തിന്റെ നാല് കോണുകളിലായി 1. 3 ലക്ഷം തേനീച്ച വളര്‍ത്തല്‍ ബോക്‌സുകള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഹണി മിഷന്റെ ഭാഗമായാണ് കെവിഐസി ഈ പദ്ധതി നടപ്പാക്കിവരുന്നത്.

Comments

comments

Categories: Top Stories
Tags: Honeybee

Related Articles