2017-18ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.7%

2017-18ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.7%

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍  വാര്‍ഷിക വളര്‍ച്ചയാണ് ജിഡിപിയിലുണ്ടായത്

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ (ജിഡിപി) വാര്‍ഷിക വളര്‍ച്ച 6.7 ശതമാനം. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 7.7 ശതമാനത്തിന്റെ ജിഡിപി വളര്‍ച്ചയാണ് ഇന്ത്യ നേടിയതെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കല്‍ നയവും ജിഎസ്ടിയും സൃഷ്ടിച്ച ആഘാതങ്ങളില്‍ നിന്നും ഇന്ത്യ തിരിച്ചുവരവു നടത്തുന്നതിന്റെ സൂചനയാണിത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന ബഹുമതിയും ഇതോടൊപ്പം ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്.
നോട്ട് അസാധുവാക്കലിന്റെയും ജിഎസ്ടിയുടെയും ആഘാതങ്ങള്‍ മങ്ങിയതിനൊപ്പം കോര്‍പ്പറേറ്റ് വരുമാനം മെച്ചപ്പെട്ടതും മികച്ച റാബി വിളവ് ലഭിച്ചതും നാലാം പാദത്തില്‍ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിക്ഷേപത്തിലും ഉപഭോഗത്തിലുമുണ്ടായ വീണ്ടെടുപ്പും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്നു. ഉയര്‍ന്ന താങ്ങുവിലയും കാലവര്‍ഷം സംബന്ധിച്ച ശുഭപ്രതീക്ഷകളും ഗ്രാമീണ മേഖലയില്‍ ഉപഭോഗം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. 2
016-2017 സാമ്പത്തിക വര്‍ഷം 6.6 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡപി വളര്‍ച്ച. എന്നാല്‍, 2017-2018ന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച മൂന്ന് വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കായ 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. നോട്ട് അസാധുവാക്കലും ജിഎസ്ടിയിലേക്കുള്ള പരിവര്‍ത്തനവും ചേര്‍ന്ന് നല്‍കിയ ഇരട്ട ആഘാതമായിരുന്നു ഇതിന് പ്രധാന കാരണം. അതേസമയം, മൂന്നാം പാദത്തില്‍ 7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.
നാലാം പാദത്തില്‍ ജിഡിപി വളര്‍ച്ച 7.7 ശതമാനത്തിലെത്തുമെന്നായിരുന്നു ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ നോമുറയുടെ പ്രവചനം. ഇത് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരിക്കുമെന്നും നോമുറ വ്യക്തമാക്കിയിരുന്നു. ഇക്കാലയളവില്‍ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് ബ്ലൂംബെര്‍ഗ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. നാലാം പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന നിഗമനം ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐക്രയും പങ്കുവെച്ചിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും എണ്ണ വില ഉയരുന്നതും സുസ്ഥിര വളര്‍ച്ച നിലനിര്‍ത്തുന്നതില്‍ രാജ്യത്തിന് വെല്ലുവിളിയാകുമെന്നാണ് ബ്ലൂബെര്‍ഗിന്റെ വിലയിരുത്തല്‍. ഇതേ അഭിപ്രായം പങ്കുവെച്ച മൂഡീസ് 2018ലെ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം 7.5 ശതമാനത്തില്‍ നിന്നും 7.3 ശതമാനമായി ചുരുക്കുകയും ചെയ്തിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: GDP