ചന്ദാ കൊച്ചാര്‍ അവധിയിലേക്ക്; അവധി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഐസിഐസിഐ ബാങ്ക്

ചന്ദാ കൊച്ചാര്‍ അവധിയിലേക്ക്; അവധി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഐസിഐസിഐ ബാങ്ക്

ന്യൂഡെല്‍ഹി: വീഡിയോകോണ്‍ ഇടപാട് കേസില്‍ ആരോപണവിധേയയായ ഐസിഐസിഐസി ബാങ്ക് സിഇഒ ചന്ദാ കൊച്ചാറിനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ഇടപാട് കേസില്‍ സ്വതന്ത്രാന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അവധിയില്‍ പോകാന്‍ ചന്ദാ കൊച്ചാറിനോട് ആവശ്യപ്പെട്ടതായി വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ബാങ്ക് അധികൃതര്‍.

ചന്ദാ കൊച്ചാര്‍ വാര്‍ഷിക അവധിയില്‍ പ്രവേശിക്കുകയാണെന്നാണ് ബാങ്ക് ഓഹരി ഉടമകള്‍ക്ക് നല്‍കിയ വിശദീകരണം. അവധി മുമ്പ് നിശ്ചയിച്ച പ്രകാരമാണെന്നും ബാങ്ക് വ്യക്തമാക്കി.

വീഡിയോകോണ്‍ കമ്പനിയ്ക്ക് വഴിവിട്ട് വായ്പ നല്‍കിയെന്നാണ് ഐസിഐസിഐ ബാങ്കിനെതിരെയുള്ള പരാതി. 3250 കോടി രൂപയാണ് വായ്പ നല്‍കിയത്. വീഡിയോകോണ്‍ ഗ്രൂപ്പും ബാങ്ക് സിഇഒ ചന്ദാ കൊച്ചറിന്റെ ഭര്‍ത്താവും ചേര്‍ന്നാണ് ഇത് നടത്തിയതെന്ന ആരോപണത്തെ ചന്ദാ കൊച്ചാര്‍ എതിര്‍ക്കുകയും അന്വേഷണത്തിന് വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തതിനെതിരെ ബാങ്ക് ഓഹരി ഉടമകള്‍ രംഗത്ത് വന്നിരുന്നു. 2012 ല്‍ വീഡിയോകോണ്‍ ഇരുപതോളം ബാങ്കുകളില്‍ നിന്നും 40000 കോടി രൂപയോളം കടമെടുത്തിട്ടുണ്ട്.

ബാങ്കിന്റെ പെരുമാറ്റച്ചട്ടം സംബന്ധിച്ച കാര്യങ്ങളില്‍ ചീഫ് എക്‌സിക്യുട്ടീവുകള്‍ പിഴവു വരുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ഒരു സ്വതന്ത്ര സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകും വരെ ചന്ദാ കൊച്ചാര്‍ അവധിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

 

 

 

 

Comments

comments