ഇന്ത്യന്‍ പ്രവേശനം : കര്‍ശന നിബന്ധനകള്‍ തടസ്സമെന്ന് ഇലോണ്‍ മസ്‌ക്

ഇന്ത്യന്‍ പ്രവേശനം : കര്‍ശന നിബന്ധനകള്‍ തടസ്സമെന്ന് ഇലോണ്‍ മസ്‌ക്

കഴിഞ്ഞ വര്‍ഷം ഗ്രീഷ്മത്തില്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതിന് താല്‍പ്പര്യമുണ്ടായിരുന്നതായി ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കര്‍ശന നിബന്ധനകള്‍ മുന്നോട്ടുവെച്ചതാണ് തടസ്സമായതെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയില്‍ പ്രവേശിക്കാന്‍ താല്‍പ്പര്യമായിരുന്നുവെന്നും നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ത്യന്‍ സര്‍ക്കാരിന്റെ ചില നിബന്ധനകളാണ് തടസ്സമായതെന്നും ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. ഒരു ട്വിറ്റര്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മസ്‌ക്.

ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 2019 അവസാനത്തോടെ ലോകമെങ്ങും പതിനായിരം സൂപ്പര്‍ചാര്‍ജര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ടെസ്‌ല സ്ഥാപകന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പ്രധാനമായും യൂറോപ്പിലും വടക്കേ അമേരിക്കയിലും ചൈനയിലുമാണ് സൂപ്പര്‍ചാര്‍ജര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതെങ്കിലും ഇന്ത്യയെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

തങ്ങളുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദീപക് അഹൂജ ഇന്ത്യയില്‍നിന്നാണെന്ന് വ്യക്തമാക്കിയ മസ്‌ക്, ടെസ്‌ല ഇന്ത്യയിലെത്തണമെന്ന് അദ്ദേഹം വിചാരിക്കുന്നപക്ഷം ഉടനടി എത്തുമെന്നും പറഞ്ഞു. ദീപക് അഹൂജ 2010 ലാണ് ടെസ്‌ല മോട്ടോഴ്‌സില്‍ സിഎഫ്ഒ ആയി ചുമതലയേല്‍ക്കുന്നത്. അതിനുമ്പ് പതിനഞ്ച് വര്‍ഷത്തോളം ഫോഡ് മോട്ടോര്‍ കമ്പനിയിലായിരുന്നു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍നിന്നാണ് മെറ്റീരിയല്‍സ് എന്‍ജിനീയറിംഗില്‍ അദ്ദേഹം ബിരുദം നേടിയത്.

കഴിഞ്ഞ വര്‍ഷം ഗ്രീഷ്മത്തില്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയിലെത്തുമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് യാതൊന്നും കേട്ടില്ല. നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ നിബന്ധനകളാണ് ടെസ്‌ലയുടെ മാര്‍ഗ്ഗ തടസ്സമെന്ന് ഇലോണ്‍ മസ്‌ക് പിന്നീട് കുറ്റപ്പെടുത്തി. മോഡല്‍ 3 ഇലക്ട്രിക് കാറുമായി ടെസ്‌ല ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാലിഫോര്‍ണിയ പാലോ ആള്‍ട്ടോയിലെ ടെസ്‌ല ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു.

2019 അവസാനത്തോടെ ലോകമെങ്ങും പതിനായിരം സൂപ്പര്‍ചാര്‍ജര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും

നിലവില്‍ ടെസ്‌ലയുടേതായി ലോകമാകമാനം 1,229 സൂപ്പര്‍ചാര്‍ജര്‍ സ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുന്നത്. മുപ്പത് മിനിറ്റിനുള്ളില്‍ 80 ശതമാനം ഇലക്ട്രിക് വാഹന ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 9,623 സൂപ്പര്‍ചാര്‍ജറുകള്‍ ഇത്രയും സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്നു. ഇതുവരെയായി മൂന്ന് ലക്ഷം വാഹനങ്ങളാണ് ടെസ്‌ല നിര്‍മ്മിച്ചത്. 2,12,821 മോഡല്‍ എസ് കാറുകളും 71,927 മോഡല്‍ എക്‌സ് കാറുകളും 1,770 മോഡല്‍ 3 കാറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

Comments

comments

Categories: Auto