ടാറ്റ മോട്ടോഴ്‌സ് ആയിരം ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കും

ടാറ്റ മോട്ടോഴ്‌സ് ആയിരം ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കും

ടാറ്റ മോട്ടോഴ്‌സും മഹാരാഷ്ട്ര സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു

മുംബൈ : മഹാരാഷ്ട്ര സര്‍ക്കാരിന് ടാറ്റ മോട്ടോഴ്‌സ് ആയിരം ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കും. ടാറ്റ മോട്ടോഴ്‌സും സംസ്ഥാന സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു. പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ ഇലക്ട്രിക് വാഹനങ്ങളാണ് നല്‍കുന്നത്. സംസ്ഥാനത്ത് ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹന (ഇവി) ചാര്‍ജിംഗ് സ്‌റ്റേഷനുകളും സ്ഥാപിക്കും. മഹാരാഷ്ട്ര ഇലക്ട്രിക് വാഹന നയത്തെ ശക്തിപ്പെടുത്തുന്നതാണ് പുതിയ പങ്കാളിത്തം.

ഇതോടൊപ്പം, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ടാറ്റ മോട്ടോഴ്‌സ് സിഇഒയും എംഡിയുമായ ഗുന്ദര്‍ ബുഷെകും ചേര്‍ന്ന് ഗേറ്റ്‌വേ പരിസരത്ത് അഞ്ച് ടാറ്റ ടിഗോര്‍ ഇലക്ട്രിക് കാറുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ടെന്‍ഡര്‍ അനുസരിച്ച് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന് (ഇഇഎസ്എല്‍) ടാറ്റ മോട്ടോഴ്‌സ് നല്‍കിയതാണ് ഈ കാറുകള്‍. ടാറ്റ പവറുമായി സഹകരിച്ചാണ് ടാറ്റ മോട്ടോഴ്‌സ് മുംബൈയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് സൗകര്യം ഒരുക്കുന്നത്.

ഗേറ്റ്‌വേ പരിസരത്ത് അഞ്ച് ടാറ്റ ടിഗോര്‍ ഇലക്ട്രിക് കാറുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

250 ടിഗോര്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഈ കാറുകള്‍ പൊതുമേഖലാ സ്ഥാപനമായ ഇഇഎസ്എല്ലിന് കൈമാറും. ടാറ്റ മോട്ടോഴ്‌സ് ഇഇഎസ്എല്ലിന് വിതരണം ചെയ്ത അഞ്ച് ടിഗോര്‍ ഇലക്ട്രിക് കാറുകളാണ് ഇഇഎസ്എല്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കൈമാറിയത്. ഇലക്ട്രിക് മൊബിലിറ്റിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി യോജിച്ചുപ്രവര്‍ത്തിക്കുമെന്ന് ഗുന്ദര്‍ ബുഷെക് പറഞ്ഞു. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ടാറ്റ മോട്ടോഴ്‌സ് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Auto