എച്ച് 1ബി വിസാ തട്ടിപ്പ്; അയ്യായിരത്തില്‍ അധികം പരാതികള്‍ ലഭിച്ചുവെന്ന് യുഎസ്

എച്ച് 1ബി വിസാ തട്ടിപ്പ്; അയ്യായിരത്തില്‍ അധികം പരാതികള്‍ ലഭിച്ചുവെന്ന് യുഎസ്

പരാതികളുടെ സ്വഭാവം സംബന്ധിച്ച വിവരങ്ങള്‍ യുഎസ്‌സിഐഎസ് പുറത്തുവിട്ടിട്ടില്ല

വാഷിംഗ്ടണ്‍: എച്ച് 1 ബി വിസയുടെ തട്ടിപ്പും ദുരുപയോഗവും സംബന്ധിച്ച് യുഎസ് ഫെഡറല്‍ ഏജന്‍സിക്ക് ലഭിച്ചത് അയ്യായിരത്തില്‍ അധികം പരാതികള്‍. കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം ആരംഭിച്ച ഇ മെയില്‍ ഹെല്‍പ്‌ലൈന്‍ വഴിയാണ് ഇത്രത്തോളം പരാതികള്‍ ലഭിച്ചത്. മാര്‍ച്ച് 21 വരെ ലഭിച്ച പരാതികളുടെ എണ്ണമാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) വക്താവ് ഫിലിപ് സ്മിത് പുറത്തുവിട്ടത്.

.കഴിഞ്ഞ വര്‍ഷം ‘ബയ് അമേരിക്കന്‍ ഹയര്‍ അമേരിക്കന്‍’എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടതിനു പിന്നാലെയാണ് ഫ്രോഡ് ഡിറ്റക്ഷന്‍ ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി ഡയറക്റ്ററേറ്റ് ഈ ഇമെയില്‍ അഡ്രസ് സ്ഥാപിച്ചത്. ഇമിഗ്രേഷന്‍ ആനുകൂല്യങ്ങളിലെ തട്ടിപ്പുകള്‍ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. അമേരിക്കന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഇതില്‍ പരാതി നല്‍കാന്‍ സാധിക്കും.
അതേസമയം പരാതികളുടെ സ്വഭാവം സംബന്ധിച്ച വിവരങ്ങള്‍ യുഎസ്‌സിഐഎസ് പുറത്തുവിട്ടിട്ടില്ല. പരാതിയിലുള്‍പ്പെട്ട കമ്പനികള്‍ ഏതാണെന്നും ഏത് രാജ്യങ്ങളിലെ ഹൈടെക് പ്രൊഫഷണലുകളാണ് എച്ച് 1 ബി വിസാ തട്ടിപ്പിന് ഇരയായതെന്നും ഏജന്‍സി വെളിപ്പെടുത്തിയിട്ടില്ല. ഇമിഗ്രേഷന്‍ ആനുകൂല്യ പ്രക്രിയയുടെ കാര്യക്ഷമമായ നടത്തിപ്പ് ലക്ഷ്യമിട്ട് 2017 ഏപ്രില്‍ മുതല്‍ ടാര്‍ഗറ്റഡ് സൈറ്റ് വിസിറ്റ് ആന്‍ഡ് വെരിഫിക്കേഷന്‍ പ്രോഗ്രാം (ടിഎസ്‌വിവിപി) ആരംഭിച്ചു.

രാജ്യത്ത് യോഗ്യതയുള്ള തൊഴിലാളികള്‍ കുറവുള്ളപ്പോള്‍ ഉയര്‍ന്ന നൈപുണ്യമുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് എച്ച് 1 ബി വിസ പദ്ധതി യുഎസ് കമ്പനികളെ സഹായിച്ചുവെന്ന് യുഎസ്‌സിഐഎസ് പറയുന്നു. എങ്കിലും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യതയുള്ള നിരവധി അമേരിക്കന്‍ തൊഴിലാളികള്‍ അവഗണിക്കപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും കൂടുതല്‍ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നത് യുഎസ് തൊഴിലാളികളെ നെഗറ്റീവായി ബാധിച്ചിട്ടുണ്ടെന്നും ഏജന്‍സി വിലയിരുത്തുന്നു.

Comments

comments

Categories: Business & Economy
Tags: Visa