സ്വദേശി സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ നിര്‍വചനവുമായി രാജിവ് കുമാര്‍

സ്വദേശി സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ നിര്‍വചനവുമായി രാജിവ് കുമാര്‍

വാള്‍മാര്‍ട്ട്-ഫ്‌ളിപ്കാര്‍ട്ട് ഇടപെടലിന് യാതൊരു സാധ്യതയുമില്ലെന്നും നിതി ആയോഗ് വൈസ് ചെയര്‍മാന്‍

ന്യൂഡെല്‍ഹി: സ്വദേശി സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ തൊഴില്‍ നിര്‍വചനവുമായി നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവ് കുമാര്‍ രംഗത്ത്. രാജ്യത്ത് കൂടുതല്‍ തൊഴില്‍ ഉല്‍പ്പാദനം, ഉയര്‍ന്ന വളര്‍ച്ച എന്നി രണ്ട് നിര്‍ണായക ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സ്വദേശി സമ്പദ് വ്യവസ്ഥയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കണമെന്ന് ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഫ്‌ളിപ്കാര്‍ട്ട്-വാള്‍മാര്‍ട്ട് ഇടപാടിനെതിരെ എതിര്‍പ്പുയര്‍ത്തി ആര്‍എസ്എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗ്രണ്‍ മഞ്ച് (എസ്‌ജെഎം) ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നമ്മുടെ ചെറുപ്പക്കാര്‍ക്ക് വേണ്ടത്ര നല്ല നിലവാരത്തിലുള്ള തൊഴില്‍ സൃഷ്ടിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വദേശി സമ്പദ് വ്യവസ്ഥയെ കാണേണ്ടത്. ഇതിലൂടെ ഉയര്‍ന്ന തോതിലുള്ള വളര്‍ച്ചയും നേടാന്‍ സാധിക്കുന്നു. ഈ രണ്ട് ലക്ഷ്യത്തിലേക്കുമെത്തുന്നതാണ് നമ്മുടെ സാമ്പത്തിക നയങ്ങളെങ്കില്‍ അത് ദേശീയ താല്‍പ്പര്യത്തിനുതകുന്നതാണ് എന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. ഏതുതരം നിക്ഷേപത്തിലൂടെയാണ് തൊഴില്‍ വരുന്നത് എന്നതെല്ലാം രണ്ടാമത് വരുന്ന കാര്യമാണെന്ന് അദ്ദേഹം പറയുന്നു. അതിനാല്‍ ഈ സമാന നിര്‍വചനം സ്വദേശി സാമ്പത്തിക നയം സംബന്ധിച്ച് സ്വീകരിക്കാന്‍ താന്‍ മഞ്ചിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിതി ആയോഗില്‍ കുമാറിന്റെ മുന്‍ഗാമിയായിരുന്ന അര്‍വിന്ദ് പനഗരിയ വിവിധ വിഷയങ്ങളില്‍ സ്വദേശി ജാഗരണ്‍ മഞ്ചിനെതിരെ രംഗത്ത് വന്നിരുന്നു.
വാള്‍മാര്‍ട്ട്-ഫ്‌ളിപ്കാര്‍ട്ട് ഇടപാട് ചെറുകിട റീട്ടെയ്‌ലര്‍മാരെ ബാധിക്കുമെന്നും അതിനാല്‍ സര്‍ക്കാര്‍ ഈ ഇടപാടിനെ തടയണമെന്നുമായിരുന്നു എസ്‌ജെഎം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരു തരത്തില്‍ ഈ ഇടപാട് ചെറുകിട വ്യാപാരികള്‍ക്ക് മികച്ച അവസരമാണെന്നും മേഖലയെ നവീകരിക്കുന്നതിനുള്ള വഴിയാണെന്നും കുമാര്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലിന് യാതോരു സാധ്യതയുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ നിക്ഷേപത്തെ സംബന്ധിച്ച് ആശങ്കകളല്ല, മികച്ച നയമാണ് വേണ്ടത്. വന്‍തോതില്‍ നിക്ഷേപങ്ങള്‍ നേടിയപ്പോള്‍ പോലും ദേശീയ താല്‍പ്പര്യത്തെ സംരക്ഷിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞുവെന്നും ഇന്ത്യയ്ക്കും അപ്രകാരം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: economic