2018ല്‍ ഇന്ത്യന്‍ സിഎഫ്ഒമാരുടെ യാത്രാ,വിനോദ ചെലവിടല്‍ വര്‍ധിക്കും

2018ല്‍ ഇന്ത്യന്‍ സിഎഫ്ഒമാരുടെ യാത്രാ,വിനോദ ചെലവിടല്‍ വര്‍ധിക്കും

എക്‌സിക്യൂട്ടീവുകളില്‍ ഭൂരിഭാഗവും മൊബീല്‍ ടെക്‌നോളജികളിലെ ഉയര്‍ന്ന ചെലവിടല്‍ ലക്ഷ്യം വെക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ സീനിയര്‍ ഫിനാന്‍സ് എക്‌സിക്യൂട്ടീവുകളില്‍ ഭൂരിഭാഗവും ഈ വര്‍ഷം യാത്രകള്‍ക്കും വിനോദത്തിനുമായി ഉയര്‍ന്ന ചെലവിടല്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബല്‍ ബിസിനസ് ആന്‍ഡ് സ്‌പെന്‍ഡിംഗ് ഔട്ട്‌ലുക് സര്‍വെ. കൂടാതെ തങ്ങളുടെ ബിസിനസ് മുന്‍ഗണനകളുടെ ഭാഗമായി ഭരണനിര്‍വഹണത്തിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടെന്നും സര്‍വെ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചെലവിടല്‍ ഈ വര്‍ഷം യാത്രകള്‍ക്കും വിനോദങ്ങള്‍ക്കുമായി നടത്തുമെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 37 ശതമാനം സിഎഫ്ഒമാരും പറഞ്ഞത്.21 രാജ്യങ്ങളിലെ 870 സീനിയര്‍ എക്‌സിക്യൂട്ടിവുകളിലാണ് സര്‍വെ നടത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ രീതിയിലുള്ള ചെലവിടലാണ് ഇക്കാര്യത്തില്‍ ഈ വര്‍ഷവും നടപ്പാക്കുകയെന്നാണ് 50 ശതമാനം സിഎഫ്ഒമാര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്ററായ തോട്ട് ലീഡര്‍ഷിപ്പ് സ്റ്റുഡിയോയാണ് ഈ സര്‍വെ നടത്തിയത്.
തങ്ങളുടെ കമ്പനികളിലെ തൊഴില്‍ ശക്തി വര്‍ധിപ്പിക്കാന്‍ ഇന്ത്യയിലെ മുതിര്‍ന്ന ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടീവുകള്‍ പദ്ധതിയിടുന്നുണ്ട്. വരും വര്‍ഷത്തില്‍ തങ്ങളുടെ കമ്പനികളിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയാണ് സര്‍വെയില്‍ പങ്കെടുത്ത 97 ശതമാനം പേരും പങ്കിട്ടത്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജീവനക്കാരെ ആകര്‍ഷിക്കാനും നിലനിര്‍ത്താനുമായി തൊഴില്‍ പശ്ചാത്തലം കമ്പനികള്‍ മെച്ചപ്പെടുത്തിയേക്കുമെന്നും കൂടുതല്‍ അനുയോജ്യമായ തൊഴില്‍ സംവിധാനവും ലൊക്കേഷനുകളും വാഗ്ദാനം ചെയ്യുമെന്നും കരിയര്‍ വികസന പദ്ധതികള്‍ വ്യാപിപ്പിക്കുമെന്നും സര്‍വെ വെളിപ്പെടുത്തുന്നു.
സര്‍വെയില്‍ പങ്കെടുത്ത ഇന്ത്യന്‍ സിഎഫ്ഒമാരില്‍ 33 ശതമാനം പേര്‍ ചരക്കുനീക്കം/ലോജിസ്റ്റിക്‌സ് എന്നിവയില്‍ കൂടുതല്‍ ചെലവിടല്‍ നടത്താനുള്ള താല്‍പ്പര്യമാണ് പ്രകടിപ്പിച്ചത്. 53 ശതമാനം പേര്‍ ഹാര്‍ഡ്‌വെയര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ചെലവിടലുകള്‍ വര്‍ധിപ്പിക്കമെന്ന് പ്രതികരിച്ചു. കൂടാതെ സീനിയര്‍ എക്‌സിക്യൂട്ടീവുകളില്‍ ഭൂരിഭാഗവും മൊബീല്‍ ടെക്‌നോളജികളിലെ ഉയര്‍ന്ന ചെലവിടല്‍ ലക്ഷ്യം വെക്കുന്നുണ്ട്.
ബിസിനസ് ലക്ഷ്യങ്ങളില്‍ ചെന്നെത്തുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 40 ശതമാനം സിഎഫ്ഒമാരും പറഞ്ഞത്.

Comments

comments

Categories: Current Affairs
Tags: CFO