വീഡിയോകോണ്‍ ഇടപാട്: ഐസിഐസിഐ ബാങ്ക് സ്വതന്ത്രാന്വേഷണം നടത്തും

വീഡിയോകോണ്‍ ഇടപാട്: ഐസിഐസിഐ ബാങ്ക് സ്വതന്ത്രാന്വേഷണം നടത്തും

മുംബൈ: വീഡിയോകോണ്‍ ഇടപാട് കേസില്‍ പ്രമുഖ സ്വകാര്യ ബാങ്ക് ഐസിഐസിഐ ബാങ്ക് സ്വതന്ത്രാന്വേഷണം നടത്താന്‍ തീരുമാനിച്ചു. കേസില്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് (സെബി) ബാങ്കിനും എംഡി ചന്ദാ കൊച്ചാറിനും നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ബാങ്ക് അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അന്വേഷണ കമ്മീഷന്റെ ചുമതല സ്വതന്ത്ര വ്യക്തിയിലായിരിക്കും. അന്വേഷണത്തിനായി നിയമിക്കുന്നതെന്ന് പ്രസ്താവനയില്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.
സ്‌റ്റോക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അന്വേഷണവും സുതാര്യവും സമഗ്രവുമായിരിക്കുമെന്ന് വ്യക്തമാക്കി. ആരോപണ വിധേയരില്‍ നിന്നും വിവരങ്ങള്‍ അന്വേഷിച്ചറിയും. കേസുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും അന്വേഷണ കമ്മീഷന്‍ ശേഖരിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വീഡിയോകോണ്‍ കമ്പനിക്ക് വഴിവിട്ട് വായ്പാ നല്‍കിയെന്നാണ് ഐസിഐസിഐ ബാങ്കിനെതിരെയുള്ള ആരോപണം. 3,250 കോടി രൂപ വീഡിയോകോണ്‍ ഗ്രൂപ്പിന് ബാങ്ക് നല്‍കി. വീഡിയോകോണ്‍ ഗ്രൂപ്പും ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും സംയുക്തമായി നുപവര്‍ റിന്യൂവബ്ള്‍സ് എന്ന പേരില്‍ പാരമ്പര്യേതര ഊര്‍ജ കമ്പനി ഉണ്ടാക്കി. 2012ല്‍ വീഡിയോകോണ്‍ നുപവര്‍ റിന്യൂവബ്ള്‍സിനായി ഇരുപതോളം ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 40,000 കോടി രൂപയുടെ കടമെടുത്തു. ഇതില്‍ 3,250 കോടി നല്‍കിയത് ഐസിഐസിഐ ബാങ്കാണ്. വായ്പ എടുത്തതിനു ശേഷം ദീപക് കൊച്ചാറിന് ഭൂരിപക്ഷം ഓഹരികളായി. ഈ ഇടപാടാണ് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

കേസ് സിബിഐ അന്വേഷിച്ചു വരുന്നതിനിടയിലാണ് സെബി നോട്ടീസ് അയച്ചിരിക്കുന്നത്.

 

 

 

Comments

comments