എഫ്എംസിജി മേഖല 10-11 % വളര്‍ച്ച നേടുമെന്ന് നീല്‍സണ്‍

എഫ്എംസിജി മേഖല 10-11 % വളര്‍ച്ച നേടുമെന്ന് നീല്‍സണ്‍

ഗ്രാമീണ മേഖലയില്‍ ആവശ്യകത കൂടി വരുകയാണ്. ജിഎസ്ടിയുടെയും നോട്ട് അസാധുവാക്കലിന്റെയും പ്രത്യാഘാതം അവസാനിച്ചുവെന്ന് വിലയിരുത്തല്‍

മുംബൈ: രാജ്യത്തെ ആഭ്യന്തര എഫ്എംസിജി മേഖല 2018ല്‍ 10 മുതല്‍ 11 ശതമാനം വരെ വളര്‍ച്ച കൈകരിക്കുമെന്ന് മാര്‍ക്കറ്റിംഗ് ഗവേഷണ സ്ഥാപനമായ നീല്‍സണ്‍. ഗ്രാമീണ മേഖലയിലെ ഉയര്‍ന്ന ആവശ്യകതയുടെ ഭാഗമായുള്ള വര്‍ധിച്ച ഉപഭോഗവും ജിഎസ്ടി(ചരക്ക് സേവന നികുതി), നോട്ട് അസാധുവാക്കല്‍ എന്നീ പരിഷ്‌കരണങ്ങളുടെ പ്രത്യാഘാതങ്ങള്‍ കുറഞ്ഞതുമാണ് എഫ്എംസിജി മേഖലയെ മുന്നോട്ട് നയിക്കുന്നതെന്ന് നീല്‍സണ്‍ ഡാറ്റ വ്യക്തമാക്കുന്നു.

2017ല്‍ നേടിയ 13.5 ശതമാനം വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 300 ബേസിസ്് പോയ്ന്റുകള്‍ വരെ കുറവായിരിക്കുമെന്നാണ് സ്ഥാപനത്തിന്റെ കണക്കുകള്‍. 2017ലെ സാഹചര്യമല്ല നിലവില്‍ എന്നതിനാല്‍ തന്നെ ശതമാനക്കണക്കുളിലേ നേരിയ വ്യത്യാസം വിപണിയെ ബാധിക്കില്ല. 2016ല്‍ മേഖലയിലെ വളര്‍ച്ചാ നിരക്ക് വെറും ഏഴ് മുതല്‍ എട്ട് ശതമാനം വരെയായിരുന്നുവെന്ന് നീല്‍സണ്‍ ദക്ഷിണേഷ്യന്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ (റീട്ടെയ്ല്‍ മെഷര്‍മെന്റ് സര്‍വീസസ്) സമീര്‍ ശുക്ല പറഞ്ഞു.

ജിഎസ്ടിയുടെ പ്രത്യാഘാതങ്ങള്‍ റീട്ടെയ്‌ലര്‍മാരെയോ ഉപഭോക്താക്കളെയോ അത്ര വലിയ രീതിയില്‍ ഇപ്പോള്‍ ബാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. 2017ല്‍ കൈവരിച്ച ഉയര്‍ന്ന വളര്‍ച്ച ഇത് സാക്ഷ്യപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.

2017ല്‍ നേടിയ 13.5 ശതമാനം വളര്‍ച്ചയില്‍ ഒന്‍പത് ശതമാനവും ഉപഭോഗത്തില്‍ നിന്നുള്ളതായിരുന്നുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2018ലും വളര്‍ച്ചയെ ഉപഭോഗം തന്നെയായിരിക്കും നയിക്കുക എന്നാണ് നീല്‍സണ്‍ ചൂണ്ടിക്കാട്ടുന്നത്. 11 ശതമാനം വളര്‍ച്ചയില്‍ ഏഴ് ശതമാനമെങ്കിലും ഉപഭോഗത്തില്‍ നിന്നായിരിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.

വര്‍ഷാദ്യ പാദത്തില്‍ മികച്ച തുടക്കമാണ് മേഖലയ്ക്ക് ലഭിച്ചത്. 2018 ജനുവരി-മാര്‍ച്ച് പാദത്തില്‍ 11.3 ശതമാനം വളര്‍ച്ച മേഖല നേടി. ഇതില്‍ പ്രധാന പങ്ക് ഉപഭോഗത്തിന്റേതാണ്. ഏപ്രില്‍ ജൂണ്‍ കാലയളവില്‍ ഉയര്‍ന്ന ഇരട്ടയക്ക വളര്‍ച്ച മേഖലയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പേഴ്‌സണല്‍ കെയര്‍, ഹോം കെയര്‍ വിഭാഗങ്ങളേക്കാള്‍ ഗണ്യമായ വളര്‍ച്ച ഭക്ഷ്യ ഇനങ്ങളിലുണ്ടാകുമെന്നാണ് കരുതുന്നത്.

പണപ്പെരുപ്പം നാല്-അഞ്ച് ശതമാനമെന്ന നിരക്കില്‍ ആയിരിക്കുമ്പോള്‍ 10-11 ശതമാനം എന്നത് മാന്യമായ വളര്‍ച്ചാനിരക്കാണെന്ന് സമീര്‍ പറഞ്ഞു. ജനസംഖ്യ പ്രതിവര്‍ഷം ഒരു ശതമാനമെന്ന നിരക്കില്‍ വളരുന്ന ഇന്ത്യ പോലൊരു രാജ്യത്ത് അതില്‍ ഏഴ് ശതമാനം വളര്‍ച്ച ഉപഭോഗത്തില്‍ നിന്നുള്ളതാണെങ്കില്‍, അത് മാന്യമായ നിരക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്രാമീണ മേഖലയിലെ വളര്‍ച്ചയാണ് ഉപഭോഗത്തെ നയിക്കുന്നത്. മുന്‍വര്‍ഷത്തെ സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2018ന്റെ ആദ്യ പാദത്തില്‍ ഗ്രാമീണ വളര്‍ച്ച 13.5 ശതമാനത്തിലേക്ക് ഉയര്‍ന്നു. 10 ശതമാനം എന്ന നഗര വളര്‍ച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കണക്ക് ശ്രദ്ധേയമാണ്.

Comments

comments

Categories: Business & Economy
Tags: FMCG