കയറ്റുമതിയില്‍ 705 ശതമാനം വര്‍ധനവ്

കയറ്റുമതിയില്‍ 705 ശതമാനം വര്‍ധനവ്

 

കൊച്ചി: രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുള്ള കയറ്റുമതിയില്‍ അഞ്ചു ശതമാനം വര്‍ധനവ്. ഏപ്രിലില്‍ രാജ്യത്തു നിന്നുള്ള കയറ്റുമതി 20,548 കോടിയായി ഉയര്‍ന്നു. പ്രത്യേക സാമ്പത്തിക മേഖലകളില്‍ (സ്‌പെഷ്യല്‍ എക്കണോമിക്കല്‍ സോണ്‍സെസ്) നിന്നുള്ള കയറ്റുമതിയുടെ വളര്‍ച്ചയില്‍ ഏപ്രില്‍ മാസം 705 ശതമാനം വര്‍ധനവോടെ കൊച്ചി പ്രത്യേക സാമ്പത്തിക മേഖല മുന്നിലെത്തി. പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും കയറ്റുമതി അധിഷ്ഠിത യൂണിറ്റുകള്‍ക്കുമായുള്ള എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ഇഒയു ആന്‍ഡ് സ്‌പെഷ്യല്‍ എക്കണോമിക്കല്‍ സോണ്‍ ) പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണ് കൊച്ചിയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി പറയുന്നത്. 2017 ഏപ്രിലില്‍ 461 കോടിയായിരുന്ന കയറ്റുമതി 2018 ഏപ്രിലില്‍ 3708 കോടി രൂപയായി ഉയര്‍ന്നു. ബയോടെക്ക്, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, പാരമ്പര്യേതര ഊര്‍ജ്ജം, പ്ലാസ്റ്റിക്ക്, റബ്ബര്‍, വാണിജ്യ സേവനം തുടങ്ങിയ മേഖലകളിലാണ് കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തിയത്.

പുതിയ സര്‍ക്കാര്‍ നയങ്ങള്‍ നിര്‍മാണ, സേവന മേഖലകള്‍ക്ക് ആരോഗ്യകരമായ വളര്‍ച്ച നേടാന്‍ സഹായകരമായിട്ടുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ കൗണ്‍സില്‍ ഒഫീഷ്യയേറ്റിംഗ് ചെയര്‍മാന്‍ ഡോ. വിനയ് ശര്‍മ പറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ 204 പ്രത്യേക സാമ്പത്തിക മേഖലകളില്‍ 18 ശതമാനം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. ലാഭവിഹിത വിതരണ നികുതി ഏര്‍പ്പെടുത്തല്‍, 2020 ഓടെ നികുതി ആനുകൂല്യങ്ങള്‍ ഇല്ലാതാകുന്ന സാഹചര്യം, ആഗോള തലത്തിലെ കടുത്ത മല്‍സരം, മിക്കവാറും എല്ലാ രാജ്യങ്ങളിലും ഫ്രീ സോണുകള്‍ ഉയര്‍ന്നു വരുന്നു തുടങ്ങിയ നിരവധി വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുള്ളത്. സേവന, നിര്‍മാണ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങളാണ് പ്രത്യേക സാമ്പത്തിക മേഖലകള്‍ ലഭ്യമാക്കിയിട്ടുള്ളതെന്നും ആവശ്യമില്ലാത്ത നയങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ഡോ. വിനയ് ശര്‍മ കൂട്ടിച്ചേര്‍ത്തു.

പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുള്ള ബയോടെക്ക് കയറ്റുമതി 58 ശതമാനം വര്‍ധിച്ചു. ഏപ്രില്‍ മാസം ഇന്ത്യ 30,892 കോടി രൂപയുടെ കമ്പ്യൂട്ടര്‍ ഇലക്ട്രോണിക് സോഫ്റ്റ് വെയര്‍ കയറ്റുമതി ചെയ്തു. പാരമ്പര്യേതര ഊര്‍ജ്ജമേഖലയില്‍ കയറ്റുമതി ഈ കാലയളവില്‍ 161 ശതമാനം വര്‍ധിച്ചു. രാജ്യത്ത് നിന്നുള്ള ചരക്ക് ഉല്‍പ്പന്നങ്ങളും സോഫ്റ്റ് വെയറും ചേര്‍ന്നുള്ള കയറ്റുമതി 2017 ഏപ്രിലില്‍ 44,102 കോടിയുണ്ടായിരുന്നത് 2018 ഏപ്രിലില്‍ 51,440 കോടിയായി ഉയര്‍ന്നു.

 

 

Comments

comments

Tags: Export, Kochi