ആമസോണ്‍ നൗ ഇനി പ്രൈം നൗ

ആമസോണ്‍ നൗ ഇനി പ്രൈം നൗ

ബെംഗളൂരു : യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍ കമ്പനിയുടെ ഗ്രോസറി സേവനമായ ആമസോണ്‍ നൗവിനെ പ്രൈം നൗ എന്നു റീബ്രാന്‍ഡ് ചെയ്തു. ആമസോണ്‍ പ്രൈം അംഗത്വമുള്ള ഉപഭോക്താക്കള്‍ക്ക് സഹായകരമാകുന്നതാണ് നടപടി. ഇതു വഴി പ്രൈം ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ രണ്ടു മണിക്കൂറിനുള്ളില്‍ വീടുകളില്‍ ലഭ്യമാകുന്നതാണ്. രാവിലെ ആറു മണി മുതല്‍ അര്‍ധരാത്രി 12 മണി വരെയാണ് സേവനം ലഭ്യമാകുന്നത്.

പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍, പലചരക്ക്, വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ പതിനായിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ പ്ലാറ്റ്‌ഫോമിലൂടെ സ്വന്തമാക്കാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് സമയക്രമം നിശ്ചയിച്ചിട്ടുള്ള ഡെലിവറി സേവനവും ആമസോണ്‍ നൗ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ മുംബൈ, ബെംഗളൂരു, ഡെല്‍ഹി, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് നിലവില്‍ ആമസോണ്‍ നൗ സേവനം ലഭ്യമാകുന്നത്.

തുടര്‍ച്ചയായി ഓര്‍ഡറുകള്‍ ലഭിക്കുന്ന ഈ വിഭാഗത്തില്‍ നിലവില്‍ ബിഗ്ബാസ്‌ക്കറ്റും ഗ്രോഫേഴ്‌സ് പോലുള്ള കമ്പനികളുമാണ് ആധിപത്യം പുലര്‍ത്തുന്നത്. ഗ്രോസറി ആപ്പ് ബിസിനസിനായി 15 ഫുള്‍ഫില്‍മെന്റ് ബിസിനസുകള്‍ ആരംഭിക്കുമെന്ന് ഈ വര്‍ഷമാദ്യം ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ വെയര്‍ഹൗസില്‍ പെട്ടെന്നു കേടുവരാന്‍ സാധ്യതയുള്ള പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, ശീതീകരിച്ച ഉല്‍പ്പന്നങ്ങള്‍ എന്നിവ സൂക്ഷിക്കാന്‍ കഴിയുന്ന താപനില ക്രമീകരിച്ചിരിക്കുന്ന മേഖലകളുണ്ടാകും. നേരത്തെ താപനില ക്രമീകരിക്കാന്‍ സൗകര്യമുള്ള വെയര്‍ഹൗസുകളില്ലാത്തതിനാല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നതിന് ഹൈപ്പര്‍സിറ്റി, പോലുള്ള സറ്റോറുകളെയാണ് ആമസോണ്‍ ആശ്രയിച്ചിരുന്നത്.

ബിഗ്ബസാര്‍, ആദിത്യ ബിര്‍ള പോലുള്ള മൂന്നാം കക്ഷികളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഡെലിവറി സേവനം പ്രൈം നൗ തുടരുന്നതാണെന്ന് പ്രൈം നൗ മേധാവി സിദ്ധാര്‍ത്ഥ് നമ്പ്യാര്‍ പറഞ്ഞു. ആപ്ലിക്കേഷനിലെ നൗ വിഭാഗത്തില്‍ ആമസോണ്‍ വിതരണ ശൃംഖല വഴി ഡെലിവറി നടത്തുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടിക കാണാവുന്നതാണ്. പ്രൈം നൗവിലെ രണ്ടു മണിക്കൂറിനുള്ളില്‍ ഡെലിവറി ലഭിക്കുന്ന സൗകര്യത്തിനു കീഴില്‍ സ്മാര്‍ട്ട്‌ഫോണ്‍, സ്പീക്കറുകള്‍, ഹെഡ്‌ഫോണുകള്‍ എന്നിവയും ലഭ്യമാകുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

ആമസോണ്‍ ഇന്ത്യയില്‍ ഫുഡ് റീട്ടെയ്ല്‍ ബിസിനസ് ആരംഭിച്ചതോടെയാണ് രാജ്യത്ത് ആമസോണ്‍ നൗവിന്റെ പ്രചാരം വര്‍ധിക്കുന്നത്. പൂനെയില്‍ പരീക്ഷണാര്‍ത്ഥം ആരംഭിച്ചിരിക്കുന്ന ആമസോണ്‍ ഫുഡ് റീട്ടെയ്ല്‍ ബിസിനസ് മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നതായാണ് കമ്പനി അവകാശപ്പെടുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ആമസോണ്‍ റീട്ടെയ്ല്‍ ആമസോണ്‍ ഇന്ത്യയിലെ സേവനമായ ആമസോണ്‍ പാന്‍ട്രിയിലെ വില്‍പ്പനക്കാരാണ്. എന്നാല്‍ പ്രൈം നൗ വഴി ആമസോണ്‍ റീട്ടെയ്ല്‍ ഉല്‍പ്പന്നങ്ങള്‍ ഇതു വരെ ലഭ്യമായി തുടങ്ങിയിട്ടില്ല. അടുത്തിടെ വാള്‍മാര്‍ട്ട് ഏറ്റെടുത്ത ആമസോണിന്റെ ഇന്ത്യന്‍ വിപണിയിലെ എതിരാളികളായ ഫ്‌ളിപ്കാര്‍ട്ട് തങ്ങളുടെ ഗ്രോസറി ബിസിനസ് വികസിപ്പിക്കാനുള്ള നടപടികളാരംഭിച്ചു കഴിഞ്ഞു. ബെംഗളൂരുവിലാരംഭിച്ച ഗ്രോസറി സേവനം ഹൈദരാബാദ്, മുംബൈ, ചെന്നൈ, പൂനെ തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫ്‌ളിപ്കാര്‍ട്ട്.

Comments

comments

Categories: Tech
Tags: Amazon