ടെലികോം ; 9 സര്‍ക്കിളുകളില്‍ കൂടി വോള്‍ട്ടി സേവനം വിപുലീകരിച്ച് ഐഡിയ

ടെലികോം ; 9 സര്‍ക്കിളുകളില്‍ കൂടി വോള്‍ട്ടി സേവനം വിപുലീകരിച്ച് ഐഡിയ

നിലവില്‍ 15 സര്‍ക്കിളുകളിലാണ് ഐഡിയ വോള്‍ട്ടി സേവനം നല്‍കുന്നത്

ന്യൂഡെല്‍ഹി: രാജ്യത്തെ ഒന്‍പത് സര്‍ക്കിളുകളില്‍ കൂടി വോള്‍ട്ടി സേവനം ആരംഭിച്ചതായി ഐഡിയ സെല്ലുലാര്‍ അറിയിച്ചു. മുംബൈ, പഞ്ചാബ്, കര്‍ണാടക, ഹരിയാന, പശ്ചിമ ബംഗാള്‍, യുപി (ഈസ്റ്റ്), യുപി (വെസ്റ്റ്), ബീഹാര്‍-ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഐഡിയ പുതുതായി വോള്‍ട്ടി സര്‍വീസ് ആരംഭിച്ചത്. ഈ മാസം ആദ്യം മഹാരാഷ്ട്ര-ഗോവ, മധ്യപ്രദേശ്-ചത്തീസ്ഗഢ്, ഗുജറാത്ത്, ആന്ധ്രാപ്രദേഷ്-തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ സര്‍ക്കിളുകളിലും ഐഡിയ വോള്‍ട്ടി സേവനം ആരംഭിച്ചിരുന്നു.
നിലവില്‍ 15 സര്‍ക്കിളുകളിലാണ് ഐഡിയ വോള്‍ട്ടി സേവനം നല്‍കുന്നത്. ഇതിന്റെ ഭാഗമായി വരിക്കാര്‍ക്ക് 30 ജിബി സൗജന്യ 4ജി ഡാറ്റയും ഐഡിയ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആദ്യ വോള്‍ട്ടി കോള്‍ നടത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് 10 ജിബി ഡാറ്റ പാക്ക് ലഭിക്കും. നാല് ആഴ്ചയ്ക്ക് ശേഷം സേവനത്തെകുറിച്ചുള്ള അഭിപ്രായം അറിയിക്കുന്നതോടെ അടുത്ത 10 ജിബിയും എട്ടാഴ്ചയ്ക്കുശേഷമുള്ള അഭിപ്രായം അറിഞ്ഞതിനുശേഷം ബാക്കി 10 ജിബിയും വരിക്കാര്‍ക്ക് നല്‍കും.
ഐഡിയയുടെ 15 സര്‍ക്കിളുകളിലുള്ള ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വോള്‍ട്ടി സേവനം ഉപയോഗപ്പെടുത്താനാകുമെന്നും നെറ്റ്‌വര്‍ക്ക് വിപുലീകരണ പദ്ധതികളുടെ ഭാഗമായി പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വോയ്‌സ്, ഡാറ്റ പാക്ക് ലഭ്യമാക്കുന്നതില്‍ കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതായും ഐഡിയ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശശി ശങ്കര്‍ പറഞ്ഞു. നിലവില്‍ ഐഡിയ 4ജി ഉപയോഗിക്കുന്നവരുടെ 4ജി ഹാന്‍ഡ്‌സെറ്റുകള്‍ ഓട്ടോമാറ്റിക്കലി വോള്‍ട്ടിയിലേക്ക് അപ്‌ഗ്രേഡ്് ആകും.
വിവോ വി7 പ്ലസ്, ഓണര്‍ 5സി, ഓണര്‍ 6എക്‌സ്, ഓണര്‍ 7എക്‌സ്, ഓണര്‍ വ്യൂ10, ഓണര്‍ 9 ലൈറ്റ്, ഓണര്‍ 9ഐ ഹാന്‍ഡുകളിലാണ് നിലവില്‍ ഐഡിയ വോള്‍ട്ടി സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഷഓമി റെഡ്മി 4, സാംസംഗ് ജെ7 പ്രോ/എ5/എ7, വണ്‍ പ്ലസ് 5/5ടി/6, നോക്കിയ 3/5 എന്നീ ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഐഡിയ വോള്‍ട്ടി സര്‍വീസ് ഉടന്‍ ലഭ്യമാകും. കൂടുതല്‍ 4ജി ഡാറ്റ വരിക്കാരെ തങ്ങളുടെ നെറ്റ്‌വര്‍ക്കിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് കമ്പനിക്ക് ഇതുവഴി സാധിക്കും.

Comments

comments

Categories: Slider, Tech
Tags: Idea