ശോഭ ഗ്രൂപ്പ് ഐപിഒക്ക് പദ്ധതിയിടുന്നു; 2021ല്‍ ഉണ്ടായേക്കുമെന്ന് പി എന്‍ സി മേനോന്‍

ശോഭ ഗ്രൂപ്പ് ഐപിഒക്ക് പദ്ധതിയിടുന്നു; 2021ല്‍ ഉണ്ടായേക്കുമെന്ന് പി എന്‍ സി മേനോന്‍

യുഎസിലെയും യുകെയിലെയും സാധ്യതകള്‍ അന്താരാഷ്ട്ര വികസനത്തിനായി ശോഭ ഗ്രൂപ്പ് പരിശോധിക്കുന്നു. ഒമാനില്‍ പുതു പദ്ധതി

ദുബായ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ റിയല്‍റ്റി ബിസിനസ് സംരംഭമായ ശോഭ ഗ്രൂപ്പ് പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) നടത്താന്‍ പദ്ധതിയിടുന്നു. ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ പി എന്‍ സി മേനോന്‍ ഒരു പ്രമുഖ അറബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഓഹരിവില്‍പ്പനയുടെ കാര്യം വ്യക്തമാക്കിയത്. 2021ല്‍ കമ്പനിയുടെ ഐപിഒ ഉണ്ടായേക്കും.

തീര്‍ച്ചയായും ഐപിഒ നടത്തും. ദുബായിലെ ഏകീകരണ നീക്കങ്ങള്‍ക്ക് ശേഷമായിരിക്കും അത്. തിടുക്കമില്ല. 2021ല്‍ അത് സംഭവിച്ചേക്കും-മലയാളി കൂടിയായ പി എന്‍ സി മേനോന്‍ പറഞ്ഞു.

അതേസമയം യുഎഇക്ക് പുറത്തുള്ള ജിസിസി രാജ്യങ്ങളില്‍ വികസനത്തിന് ശോഭ ഗ്രൂപ്പ് വലിയ പദ്ധതികളിടുന്നില്ല. മേനോന് പൗരത്വമുള്ള ഒമാനില്‍ ഒരു പ്രൊജക്റ്റിനെ കുറിച്ച് ചിന്തിക്കുന്നതൊഴിച്ചാല്‍ മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള വികസന നീക്കങ്ങള്‍ക്ക് സാധ്യതയില്ല. ഒമാനുമായി തനിക്ക് ശക്തമായ വൈകാരിക ബന്ധമുണ്ടെന്ന് പി എന്‍ സി മേനോന്‍ പറഞ്ഞു. തന്നെ സൃഷ്ടിച്ചെടുത്ത രാജ്യമാണതെന്നും അദ്ദേഹം വ്യക്തമാക്കി.

ലണ്ടനിലേക്കും?

ആഗോളതലത്തിലുള്ള വികസന പദ്ധതികള്‍ ശോഭ ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്. ലണ്ടന്‍, യുഎസ് വിപണികള്‍ തന്റെ സാധ്യതാ പട്ടികയിലുണ്ടെന്നാണ് പി എന്‍ സി മേനോന്‍ വ്യക്തമാക്കിയത്. കിഴക്കന്‍ ഏഷ്യയിലേക്കും ചുവട് വെക്കാന്‍ ശോഭ ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയാണ് ലക്ഷ്യം.

1976ലാണ് ശോഭ ഗ്രൂപ്പിന് പി എന്‍ സി മേനോന്‍ തുടക്കമിട്ടത്. ഇന്ന് യുഎഇ, ഒമാന്‍, ബഹ്‌റൈന്‍, ബ്രൂണെയ്, ഇന്ത്യ എന്നിവിടങ്ങളിലായി കമ്പനിക്ക് നിക്ഷേപമുണ്ട്. നിലവില്‍ മിക്‌സഡ് യൂസ് പദ്ധതിയായ ശോഭ ഹാര്‍ട്ട്‌ലാന്‍ഡിന്റെ നിര്‍മാണം ദുബായില്‍ പുരോഗമിക്കുകയാണ്. കിഴക്കന്‍ ഏഷ്യയിലേക്കും ചുവട് വെക്കാന്‍ ശോഭ ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയാണ് ലക്ഷ്യം

Comments

comments

Categories: Business & Economy
Tags: sobha group