സ്‌ക്രിപാല്‍ അതിജീവിക്കുമെന്നു കരുതിയില്ല: ഡോക്ടര്‍

സ്‌ക്രിപാല്‍ അതിജീവിക്കുമെന്നു കരുതിയില്ല: ഡോക്ടര്‍

ലണ്ടന്‍: ഈ വര്‍ഷം മാര്‍ച്ച് നാലിന് ബ്രിട്ടനിലെ സാലിസ്‌ബെറിയില്‍ വച്ച് രാസായുധ ആക്രമണത്തിനു വിധേയരായ റഷ്യയുടെ മുന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലും മകള്‍ യൂലിയയും അതിജീവിക്കുമെന്നു കരുതിയിരുന്നില്ലെന്ന് രണ്ട് പേരെയും ചികിത്സിച്ച ഡോക്ടര്‍ സ്റ്റീഫന്‍ ജൂക്ക്‌സ് പറഞ്ഞു. ബിബിസിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്റന്‍സീവ് കെയര്‍ കണ്‍സല്‍ട്ടന്റാണു ഡോ. സ്റ്റീഫന്‍ ജൂക്ക്‌സ്. സെര്‍ജി സ്‌ക്രിപാലിനെയും യൂലിയയെയും ചികിത്സിച്ച മെഡിക്കല്‍ സംഘവുമായിട്ടാണു ബിബിസി അഭിമുഖം നടത്തിയത്. സംഘത്തിലൊരാളായിരുന്നു ഡോ. ജൂക്ക്‌സ്. അഭിമുഖം ബിബിസി ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്തു.
നോവിഷോക് എന്ന നെര്‍വ് ഏജന്റാണു സ്‌ക്രിപാലിനും മകള്‍ യൂലിയക്കുമെതിരേ പ്രയോഗിച്ചതെന്നാണു പരിശോധനയില്‍ വ്യക്തമായത്. ഈ സംഭവത്തെ തുടര്‍ന്ന് ബ്രിട്ടനും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമാവുകയും ചെയ്തിരുന്നു.

‘ സ്‌ക്രിപാലിനും മകള്‍ക്കുമെതിരേ അക്രമികള്‍ പ്രയോഗിച്ചത് നെര്‍വ് ഏജന്റാണെന്നു പരിശോധനയില്‍ തെളിഞ്ഞപ്പോള്‍ ഞങ്ങള്‍ വിചാരിച്ചത് രണ്ട് പേരും അതിജീവിക്കില്ലെന്നായിരുന്നു’ ഡോക്ടര്‍ പറഞ്ഞു. രാസായുധ പ്രയോഗത്തിനു വിധേയരായ സ്‌ക്രിപാലിനെയും മകള്‍ യൂലിയയെയും ആശുപത്രിയിലെത്തിച്ചപ്പോള്‍ മെഡിക്കല്‍ സംഘം ആദ്യം കരുതിയത് ഒപ്പിയോയിഡ് (opioid) അമിതമായി ശരീരത്തിനുള്ളില്‍ പ്രവേശിച്ചെന്നായിരുന്നു. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ നെര്‍വ് ഏജന്റാണ് പ്രയോഗിച്ചതെന്നു ബോദ്ധ്യപ്പെട്ടതായി ഡോക്ടര്‍ പറഞ്ഞു.സാലിസ്‌ബെറി ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിലാണ് രണ്ട് പേരെയും ചികിത്സിച്ചത്. നെര്‍വ് ഏജന്റ് പ്രയോഗത്തിനു വിധേയനായ വ്യക്തിയുടെ തലച്ചോറിനു തകരാര്‍ (brain damage) സംഭവിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ രണ്ട് പേര്‍ക്കും മയങ്ങാനുള്ള മരുന്ന് (sedation)നല്‍കി. പിന്നീട് അപകടനില തരണം ചെയ്‌തെന്നു ബോധ്യപ്പെട്ടപ്പോള്‍ മരുന്നിന്റെ അളവ് കുറച്ചു കൊണ്ടുവന്നെന്നും മെഡിക്കല്‍ സംഘം പറഞ്ഞു.

ചികിത്സയ്ക്കിടെ മെഡിക്കല്‍ സംഘത്തിന് അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. പ്രത്യേകിച്ച് രാസായുധവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പേരെടുത്ത പോര്‍ട്ടോണ്‍ ഡൗണ്‍ ഡിഫന്‍സ് റിസര്‍ച്ച് ലബോറട്ടറിയിലെ വിദഗ്ധര്‍ സ്‌ക്രിപാലിനെയും മകളെയും ചികിത്സിച്ച മെഡിക്കല്‍ സംഘത്തിനു വലിയ തോതില്‍ സഹായം ലഭ്യമാക്കിയിരുന്നു.
സ്‌ക്രിപാലിനെ ഈ മാസം 18 നും യൂലിയയെ ഏപ്രില്‍ ഒന്‍പതിുമാണ് ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.

Comments

comments

Categories: World
Tags: skripal