എയര്‍സെല്‍-മാക്‌സിസ് കേസ്: ജൂണ്‍ 5 വരെ ചിദംബരത്തിനെതിരെ നടപടികള്‍ പാടില്ലെന്ന് കോടതി

എയര്‍സെല്‍-മാക്‌സിസ് കേസ്: ജൂണ്‍ 5 വരെ ചിദംബരത്തിനെതിരെ നടപടികള്‍ പാടില്ലെന്ന് കോടതി

ന്യൂഡെല്‍ഹി|; എയര്‍സെല്‍-മാക്‌സിസ് കേസില്‍ ജൂണ്‍ 5 വരെ മുന്‍ ധനമന്ത്രി പി.ചിദംബരത്തിനെതിരെ ഒരു നടപടികളും പാടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റിനോട് ഡെല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് ഡിറക്ടറേറ്റ് നീങ്ങുന്നതിനിടയിലാണ് കോടതിയുടെ ഉത്തരവ്.

ചിദംബരം മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി അടുത്ത അഞ്ചിന് വാദം കേള്‍ക്കുന്നതുവരെ അറസ്റ്റ് നടപടികളിലേക്ക് പോകരുതെന്ന് ഉത്തരവിടുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് പി. ചിദംബരത്തിനു വേണ്ടി കോടതിയില്‍ ഹാജരായത്.

എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ കഴിഞ്ഞ ഫെബ്രുവരിയില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

യുപിഎ അധികാരത്തിലിരുന്നപ്പോള്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരം എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ വിദേശ നിക്ഷേപത്തിനായി നേരിട്ട് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. മാക്‌സിസ് എയര്‍സെല്ലില്‍ 800 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ആവശ്യപ്പെട്ടുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ്( എഫ്‌ഐപിബി) ആണ് നിക്ഷേപത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍ എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ ധനമന്ത്രിയായിരുന്ന ചിദംബരം നേരിട്ട് അനുമതി നല്‍കുകയായിരുന്നുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

 

Comments

comments