ഇനി ഫുഡ് ഡെലിവറിക്കും ഡ്രോണ്‍

ഇനി ഫുഡ് ഡെലിവറിക്കും ഡ്രോണ്‍

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൃത്യസമയത്ത് ഉപഭോക്താവിലേക്ക് എത്തിക്കാന്‍ ഡ്രോണുകളെ രംഗത്തിറക്കാന്‍ ശ്രമിക്കുകയാണ് ഓണ്‍ലൈന്‍ കാക്ക എന്ന ഫുഡ് ടെക് സ്റ്റാര്‍ട്ടപ്പ്. ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭം മുന്നോട്ടുവെച്ച മാതൃകയ്ക്ക് അധികൃതര്‍ പച്ചക്കൊടി കാട്ടിയാല്‍ ഭക്ഷ്യശൃംഖലയില്‍ ഡ്രോണ്‍ ഡെലിവറി വിപ്ലവത്തിന് തുടക്കം കുറിക്കപ്പെടും

ഓര്‍ഡര്‍ ചെയ്ത ആഹാരം സമയത്ത് വീട്ടിലെത്താന്‍ വൈകിയാല്‍ ഡെലിവറി ബോയിയെ തെറി പറയുന്ന കാലമാണിത്. റോഡിലെ തിരക്കുകളാകും പലപ്പോഴും ഈ തെറിവിളി കേള്‍ക്കലിന്റെ കാരണക്കാരന്‍. ഓണ്‍ലൈന്‍ സംരംഭങ്ങളും വീട്ടുപടിക്കലെത്തുന്ന ഓര്‍ഡറുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമയകൃത്യത പാലിക്കാന്‍ ഡ്രോണുകളെ രംഗത്തിറക്കുകയാണ് ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കു ഓണ്‍ലൈന്‍ കാക്ക എന്ന ഫുഡ് ഡെലിവറി സംരംഭം.

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെന്നപോലെ തിരക്കേറിയ ട്രാഫിക് ബ്ലോക്കുകള്‍ ലക്‌നൗവിലും മിക്കപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. നിലവില്‍ പലയിടങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടി നടക്കുന്ന സാഹചര്യം ആയതിനാല്‍ ഓര്‍ഡറുകള്‍ കൃത്യസമയത്ത് എത്തിക്കുന്നതില്‍ ഡെലിബോയ് പരാജയപ്പെടുന്നു. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഭക്ഷ്യശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ്. കൃത്യത പാലിക്കാതെ വന്നാല്‍ ഉപഭോക്താക്കള്‍ നഷ്ടപ്പെടുന്ന സാഹചര്യം സംരംഭങ്ങളെ ക്ഷീണിപ്പിക്കും. ഈ ചിന്തയാണ് അഹദ് അര്‍ഷദ്, മൊഹദ് ബിലാല്‍, മൊഹദ് സല്‍മാന്‍ എന്നിവര്‍ ചേര്‍ന്നു നടത്തുന്ന ഓണ്‍ലൈന്‍ കാക്ക എന്ന ഹോം ഡെലിവറി ഫുഡ് സംരംഭത്തെ ഡ്രോണുകളുടെ സഹായം തേടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ഡ്രോണ്‍

റോഡിലെ വര്‍ധിച്ചു വരുന്ന തിരക്കില്‍ ഭക്ഷണം കൃത്യസമയത്ത് ഉപഭോക്താവിന് എത്തിക്കാന്‍ കഴിയാതെ വന്ന സാഹചര്യമാണ് പുതിയ ഡ്രോണ്‍ പരീക്ഷണത്തിലേക്ക് നയിച്ചതെന്ന് അഹദ് പറയുന്നു. 2017ല്‍ തുടങ്ങിയ പരീക്ഷണം അധികൃതരുടെ അംഗീകാരം കിട്ടിയാല്‍ എത്രയും വേഗം നടപ്പാക്കാനാണ് സംരംഭകരുടെ തീരുമാനം. ഡെലിവറി എക്‌സ്‌ക്യുട്ടീവിന് വേണ്ടി വരുന്ന സമയം വളരെയധികം കുറയ്ക്കാന്‍ ഇതുവഴി കഴിയും. റോഡുകളിലെ ട്രാഫിക് സിഗ്നലുകളില്‍ അകപ്പെട്ട് കാലതാമസം നേരിടുന്നത് ഡ്രോണുകളുടെ സഹായത്തോടെ ഒഴിവാക്കാനാകും. സമയം വൈകിയാല്‍ ഉപഭോക്താക്കളുടെ ദേഷ്യം പലപ്പോഴും ഭക്ഷണം എത്തിക്കുന്ന എക്‌സിക്യുട്ടീവുകളോടെയാണ്, ട്രാഫിക് ബുദ്ധിമുട്ടുകളൊന്നും അവര്‍ കാര്യമാക്കാറില്ല- അഹദ് പറയുന്നു.

ഡ്രോണ്‍ പറപ്പിക്കലിലെ നിയന്ത്രണങ്ങള്‍ അനുസരിച്ച് വീടുകളില്‍ നേരിട്ടുള്ള ഡെലിവറിക്ക് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇതിനുപകരം ഉപയോഗിക്കാനാകുന്ന മികച്ചതും ലളിതവുമായ മാതൃകയാണ് ഓണ്‍ലൈന്‍ കാക്ക രൂപപ്പെടുത്തിയിരിക്കുന്നത്.

ടെക് ഈഗിള്‍ എന്ന ഡ്രോണ്‍ നിര്‍മാണ കമ്പനിയുമായി ചേര്‍ന്നാണ് ഓണ്‍ലൈന്‍ കാക്ക തങ്ങളുടെ ഡ്രോണ്‍ ഡെലിവറി വികസിപ്പിച്ചിരിക്കുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭക്ഷണ വിതരണത്തില്‍ സമയനഷ്ടം മാത്രമല്ല എടുത്തു പറയേണ്ട പ്രയോജനം. വാഹനങ്ങളില്‍ നിന്നും മറ്റുമുള്ള മലീനികരണത്തെ ഒരു പരിധി വരെ തടയാനും ഇതുവഴി കഴിയും

നാല് ഹബ്ബുകളിലായി വിതരണം

ലക്‌നൗവിലാകെ വ്യാപിച്ചു കിടക്കുന്ന ശൃംഖലയാണ് ഓണ്‍ലൈന്‍ കാക്കയുടേത്. അതുകൊണ്ടുതന്നെ ഫുഡ് ഡെലിവറി എളുപ്പത്തിലാക്കാന്‍ ലക്‌നൗവിനെ നാല് മേഖലകളാക്കി തിരിച്ച അവര്‍ ഓരോ മേഖലയിലും കമ്പനി ഹബ്ബുകളും സ്ഥാപിച്ചു. റെസ്റ്റൊറന്റില്‍ നിന്നും റോഡ് മാര്‍ഗം ഹബ്ബിലെത്തുന്ന ഡെലിവറി പാക്കേജ് , ഡ്രോണിന്റെ സഹായത്തോടെ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിനു സമീപമുള്ള ഹബ്ബില്‍ എത്തുന്നു. ഇവിടെ നിന്നും എക്‌സിക്യൂട്ടീവ് നേരിട്ട് പാക്കേജ് ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ എത്തിക്കും. റെസ്റ്റൊറന്റില്‍ നിന്നും ഭക്ഷണം മുഴുവന്‍ സമയം റോഡിലൂടെ സഞ്ചരിക്കുമ്പോഴുള്ള സമയ നഷ്ടം ഇത്തരത്തില്‍ വലിയ തോതില്‍ കുറയ്ക്കാന്‍ കഴിയുമെന്നതാണ് ഓണ്‍ലൈന്‍ കാക്ക മുന്നോട്ടു വെക്കുന്ന ഡ്രോണ്‍ ഡെലിവറി മാതൃക. ആകാശമാര്‍ഗത്തിലൂടെയുള്ള ഡ്രോണ്‍ സഞ്ചാരം സംരംഭത്തിന് ഏറെ ഗുണം ചെയ്യുന്നതിനാല്‍ അംഗീകാരത്തിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍ കമ്പനി.

ടെക് ഈഗിള്‍ എന്ന ഡ്രോണ്‍ നിര്‍മാണ കമ്പനിയുമായി ചേര്‍ന്നാണ് ഓണ്‍ലൈന്‍ കാക്ക തങ്ങളുടെ ഡ്രോണ്‍ ഡെലിവറി വികസിപ്പിച്ചിരിക്കുന്നത്. ഐഐടി കാണ്‍പൂര്‍ ബിരുദധാരിയായ വിക്രം സിംഗും നാല് സുഹൃത്തുക്കളും ചേര്‍ന്നാണ് മൂന്നു വര്‍ഷം മുമ്പ് ടെക് ഈഗിളിന് രൂപം നല്‍കിയത്. ഡ്രോണ്‍ നിയന്ത്രിക്കുന്നതിന് സമര്‍ത്ഥരായ പൈലറ്റ് വേണം. കാമറ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ അവയുടെ സഞ്ചാപഥം കൃത്യമായി വീക്ഷിക്കാനും കഴിയും. മരങ്ങളും മറ്റും നിറഞ്ഞ സ്ഥലങ്ങളില്‍ ഇത്തരം ഡ്രോണ്‍ പറത്തലിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് ഹബ്ബുകള്‍ തിരിച്ച് വിതരണം നടത്താന്‍ തീരുമാനിച്ചത്- അഹദ് പറയുന്നു.

ഡ്രോണ്‍ സഹായത്തോടെ ഫുഡ് ഡെലിവറിക്ക് ശ്രമിക്കുന്ന ആദ്യ കമ്പനിയല്ല ഓണ്‍ലൈന്‍ കാക്ക. 2014ല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ് ഡെലിവറി സംരംഭമായ ഫ്രാന്‍സെസ്‌കോ പിസേറിയ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാ സംഘം ഇടപെട്ടതിനാല്‍ ആ പദ്ധതി ഉപേക്ഷിച്ചിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭക്ഷണ വിതരണത്തില്‍ സമയനഷ്ടം മാത്രമല്ല എടുത്തു പറയേണ്ട പ്രയോജനം. വാഹനങ്ങളില്‍ നിന്നും മറ്റുമുള്ള മലീനികരണത്തെ ഒരു പരിധി വരെ തടയാനും ഇതുവഴി കഴിയുമെന്ന് ഓണ്‍ലൈന്‍ കാക്ക അധികൃതര്‍ പറയുന്നു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡിജിസിഎ, സംസ്ഥാന സര്‍ക്കാര്‍, പ്രദേശിക ഭരണാധികള്‍ ഉള്‍പ്പെടെയുള്ളവരുടെ അംഗീകാരം ലഭിച്ചാല്‍ ഭക്ഷ്യ മേഖലയില്‍ പുതിയ വിപ്ലവം തീര്‍ത്തുകൊണ്ട് ഡ്രോണുകള്‍ ഡെലിവറി രംഗത്തേക്ക് ഇറങ്ങുന്ന കാഴ്ചയാകും നാം അടുത്തു തന്നെ കാണുക.

Comments

comments

Categories: Entrepreneurship, Slider
Tags: Drone