അടിസ്ഥാനസൗകര്യ നിക്ഷേപം; ആഗോളതലത്തില്‍ ദുബായ്ക്ക് മൂന്നാം സ്ഥാനം

അടിസ്ഥാനസൗകര്യ നിക്ഷേപം; ആഗോളതലത്തില്‍ ദുബായ്ക്ക് മൂന്നാം സ്ഥാനം

ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ ആദ്യ 15 രാജ്യങ്ങളില്‍ സൗദി അറേബ്യയും

ദുബായ്: അടിസ്ഥാനസൗകര്യ നിക്ഷേപത്തിന്റെ കാര്യത്തില്‍ യുഎഇ ബഹുദൂരം മുന്നില്‍. എക്‌സ്‌പോ 2020ക്കായി ദുബായ് വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതാണ് യുഎഇക്ക് കരുത്ത് പകര്‍ന്നത്. ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം സിംഗപ്പൂരിന് താഴെ ആഗോള പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് യുഎഇ. അടിസ്ഥാനസൗകര്യ നിക്ഷേപം കൂടുതല്‍ നടത്തുന്ന ആദ്യ 15 രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയും സ്ഥാനം പിടിച്ചിട്ടുണ്ട്.

മെഗാ റീട്ടെയ്ല്‍ ഇവന്റായ എക്‌സ്‌പോ 2020യുമായി ബന്ധപ്പെട്ട് അടിസ്ഥാനസൗകര്യ മേഖലയില്‍ ബില്ല്യണ്‍കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് ദുബായ് നടത്തിക്കൊണ്ടിരിക്കുന്നത്. ദുബായുടെ പൊതുചെലവിടലിന്റെ 21 ശതമാനം ഈ വര്‍ഷം നീക്കിവച്ചിരിക്കുന്നത് അടിസ്ഥാനസൗകര്യ നിക്ഷേപങ്ങള്‍ക്കാണ്. ദുബായ് എക്‌സ്‌പോ 2020 വിവിധ മേഖലകളില്‍ അസാധാരണമായ കുതിപ്പുണ്ടാക്കുമെന്നാണ് യുഎഇ കരുതുന്നത്. വന്‍ നിക്ഷേപത്തോടൊപ്പം അഭൂതപൂര്‍വമായ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും എക്‌സ്‌പോ 2020 കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ചൈന ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന് ശേഷം ഏറ്റവും കൂടുതല്‍ നിക്ഷേപം അടിസ്ഥാനസൗകര്യ രംഗത്ത് നടത്തുന്നത് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയാണ്. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ അടിസ്ഥാനസൗകര്യ ആസ്തി ഏകദേശം 24.8 ബില്ല്യണ്‍ ഡോളറോളം വരും. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അടിസ്ഥാനസൗകര്യത്തിന്റെ മൊത്തിലുള്ള ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് യുഎഇ.

ലോകത്ത് ഏറ്റവും മികച്ച റോഡുകളുള്ള രാജ്യവും യുഎഇ ആണെന്ന് അതേ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക മാന്ദ്യത്തിന് ശേഷം ലോകത്തെ ഏറ്റവും വലിയ 20 സമ്പദ് വ്യവസ്ഥകളില്‍ 11ഉം അടിസ്ഥാനസൗകര്യ നിക്ഷേപത്തില്‍ വന്‍കുറവ് വരുത്തിയിട്ടുണ്ട്. ആഗോള അടിസ്ഥാനസൗകര്യ മേഖല പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും മെറില്‍ ലിഞ്ച് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

2040 ആകുമ്പോഴേക്കും ആഗോള അടിസ്ഥാനസൗകര്യ നിക്ഷേപം 80 ട്രില്ല്യണ്‍ ഡോളറിലെത്തിക്കാനാണ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കൂടുതല്‍ അടിസ്ഥാനസൗകര്യ പദ്ധതികള്‍ നടപ്പിലാക്കണമെന്ന നിര്‍ദേശമാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നത്.

Comments

comments

Categories: Business & Economy
Tags: UAE