ഐപിഒയ്ക്കായി വിപിഎസ് ഹെല്‍ത്ത്‌കെയര്‍ റോത്ത്ഷില്‍ഡിനെ നിയമിക്കുന്നു

ഐപിഒയ്ക്കായി വിപിഎസ് ഹെല്‍ത്ത്‌കെയര്‍ റോത്ത്ഷില്‍ഡിനെ നിയമിക്കുന്നു

വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ലണ്ടനിലായിരിക്കും ലിസ്റ്റ് ചെയ്യുകയെന്ന് സൂചന

അബുദാബി: പ്രമുഖ പ്രവാസി മലയാളി സംരംഭകന്‍ ഷംഷീര്‍ വയലിലിന്റെ നേതൃത്വത്തിലുള്ള വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ലണ്ടനില്‍ പ്രഥമ ഓഹരി വില്‍പ്പന നടത്തുകയെന്ന ലക്ഷ്യത്തോടെ റോത്ത്ഷില്‍ഡ് ആന്‍ഡ് കോയെ ഉപദേശകരായി നിയമിച്ചെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഓഹരി വില്‍പ്പന ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഓഹരിവില്‍പ്പനയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നും വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് അറേബ്യന്‍ ബിസിനസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

റോത്ത്ഷില്‍ഡിന്റെ വക്താവ് ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. ഗള്‍ഫ്, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിലായി 125ലധികം മെഡിക്കല്‍ കേന്ദ്രങ്ങളും 20 ഹോസ്പിറ്റലുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട് വിപിഎസ് ഹെല്‍ത്ത്‌കെയര്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അബുദാബി നാഷണല്‍ ഓയില്‍ കമ്പനി വിപിഎസിന് തങ്ങളുടെ ഓഫ്‌ഷോര്‍, ഓണ്‍ഷോര്‍ സൈറ്റുകളില്‍ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അനുമതി നല്‍കിയിരുന്നു.

വിപിഎസ് ഹെല്‍ത്ത്‌കെയറിന് പുറമെ നിരവധി ഗള്‍ഫ് കമ്പനികള്‍ ലണ്ടനില്‍ ലിസ്റ്റ് ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്. ആറ് വര്‍ഷം മുമ്പാണ് അബുദാബിയിലെ പ്രമുഖ കമ്പനിയായ എന്‍എംസി ഹെല്‍ത്ത് ലണ്ടനില്‍ ലിസ്റ്റ് ചെയ്തത്. അതിനു ശേഷം കമ്പനിയുടെ ഓഹരി മൂല്യത്തിലുണ്ടായത് 1,700 ശതമാനത്തിന്റെ വര്‍ധനയാണ്. നിലവില്‍ 10.6 ബില്ല്യണ്‍ ഡോളറാണ് കമ്പനിയുടെ മൂല്യം. കഴിഞ്ഞ വര്‍ഷം പ്രശസ്തമായ എഫ്ടിഎസ്ഇ 100 സൂചികയില്‍ എന്‍എംസി ഇടം നേടിയിരുന്നു.

കറന്‍സി, മണി ട്രാന്‍സ്ഫര്‍ സംരംഭങ്ങളായ ട്രാവെലെക്‌സിനെയും യുഎഇ എക്‌സ്‌ചേഞ്ചിനെയും യോജിപ്പിച്ച് പുതിയ ഹോള്‍ഡിംഗ് കമ്പനി രൂപീകരിച്ച് തന്ത്രപരമായ നീക്കം നടത്തിയിരുന്നു അടുത്തിടെ എന്‍എംസിയുടെ സാരഥിയായ ബിആര്‍ ഷെട്ടി. യുകെ ആസ്ഥാനമാക്കി ഫിനേബ്ലര്‍ എന്ന പേരില്‍ അദ്ദേഹം പുതിയ ഹോള്‍ഡിംഗ് കമ്പനി രൂപീകരിച്ചതും ലണ്ടനില്‍ ഐപിഒ ലക്ഷ്യമിട്ട് തന്നെയാണ്.

അല്‍നൂര്‍ ഹോസ്പിറ്റല്‍സ് ഗ്രൂപ്പും ലണ്ടനില്‍ ലിസ്റ്റ് ചെയ്തിരുന്നു, 2013ല്‍. അതിനുശേഷം കമ്പനിയെ മെഡിക്ലിനിക്ക് ഇന്റര്‍നാഷണല്‍ പിഎല്‍സി ഏറ്റെടുത്തു.

Comments

comments

Categories: Arabia
Tags: health care