ഫോക്‌സ്‌വാഗണ്‍ ചൈനയില്‍ മൂന്ന് പുതിയ ഫാക്ടറികള്‍ തുറക്കും

ഫോക്‌സ്‌വാഗണ്‍ ചൈനയില്‍ മൂന്ന് പുതിയ ഫാക്ടറികള്‍ തുറക്കും

പ്രാദേശിക പങ്കാളിയായ ഫോ ഗ്രൂപ്പുമായി ചേര്‍ന്ന് കൂടുതല്‍ എസ്‌യുവികളും ഇലക്ട്രിക് വാഹനങ്ങളും നിര്‍മ്മിക്കും

വോള്‍ഫ്‌സ്ബര്‍ഗ് : പ്രാദേശിക പങ്കാളിയായ ഫോ ഗ്രൂപ്പുമായി ചേര്‍ന്ന് ചൈനയില്‍ ഫോക്‌സ്‌വാഗണ്‍ മൂന്ന് പുതിയ ഫാക്ടറികള്‍ തുറക്കും. ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയില്‍ നേതൃ സ്ഥാനം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ പുതിയ നീക്കം. ടിയാന്‍ജിന്‍, ഫോഷന്‍ എന്നിവിടങ്ങളിലായിരിക്കും ഓരോ ഫാക്ടറികളെന്ന് ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. ക്വിംഗ്ഡാവോയില്‍ കഴിഞ്ഞ ദിവസം ഒരു ഫാക്ടറി തുറന്നുകഴിഞ്ഞു. പ്രാദേശികമായി കൂടുതല്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഈ പ്ലാന്റുകളില്‍ നിര്‍മ്മിക്കും. ചൈനീസ് വാഹന വിപണിയില്‍ ഈ രണ്ട് സെഗ്‌മെന്റുകളാണ് അതിവേഗ വളര്‍ച്ച പ്രകടിപ്പിക്കുന്നത്.

ചൈനയില്‍ പുത്തനുണര്‍വ്വോടെ എസ്‌യുവികളും ഇലക്ട്രിക് വാഹനങ്ങളും നിര്‍മ്മിക്കുന്ന വാഹന നിര്‍മ്മാതാക്കളിലൊന്നാണ് ഫോക്‌സ്‌വാഗണ്‍. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഫോക്‌സ്‌വാഗണിന്റെ ചൈനയിലെ വില്‍പ്പന 13.40 ശതമാനമാണ് വര്‍ധിച്ചത്. 1.01 മില്യണ്‍ വാഹനങ്ങള്‍ വിറ്റു. ഫോക്‌സ്‌വാഗണിന്റെ രണ്ട് പ്രാദേശിക സംയുക്ത സംരംഭങ്ങള്‍ വഴി നിര്‍മ്മിച്ച വാഹനങ്ങളാണ് പ്രധാനമായും ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്. മറ്റൊരു ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എസ്എഐസി മോട്ടോര്‍ കോര്‍പ്പുമായി ചേര്‍ന്ന് നിര്‍മ്മിച്ച കോംപാക്റ്റ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനവും ഫോക്‌സ്‌വാഗണ്‍ വില്‍ക്കും. ഫോക്‌സ്‌വാഗണിന്റെ ആഗോള പങ്കാളിയാണ് എസ്എഐസി.

അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ പ്രാദേശികമായി നിര്‍മ്മിച്ച നാല്‍പ്പത് ന്യൂ എനര്‍ജി വാഹനങ്ങള്‍ പുറത്തിറക്കും

എംക്യുബി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന പുതിയ ബോറ നിര്‍മ്മിച്ചാണ് ക്വിംഗ്ഡാവോ ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത്. ബാറ്ററി സിസ്റ്റങ്ങളും ഇവിടെ ഉല്‍പ്പാദിപ്പിക്കും. ഫോഷന്‍ ഫാക്ടറി ജൂണിലും ടിയാന്‍ജിന്‍ ഫാക്ടറി ഓഗ്‌സറ്റിലും പ്രവര്‍ത്തനമാരംഭിക്കും. ചൈനയില്‍ അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ പ്രാദേശികമായി നിര്‍മ്മിച്ച നാല്‍പ്പത് ന്യൂ എനര്‍ജി വാഹനങ്ങള്‍ (എന്‍ഇവി) പുറത്തിറക്കാനാണ് ഫോക്‌സ്‌വാഗണ്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. 2025 ഓടെ പ്രതിവര്‍ഷം 1.5 മില്യണ്‍ എന്‍ഇവികളുടെ വില്‍പ്പനയും ലക്ഷ്യമാണ്. ഇലക്ട്രിക് വാഹനങ്ങള്‍, ഓട്ടോണമസ് ഡ്രൈവിംഗ്, ഡിജിറ്റൈസേഷന്‍, പുതിയ മൊബിലിറ്റി സര്‍വീസ് എന്നിവയ്ക്കായി ഫോക്‌സ്‌വാഗണും പ്രാദേശിക പങ്കാളികളും ചേര്‍ന്ന് 15 ബില്യണ്‍ യൂറോയുടെ (17.5 ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപമാണ് ചൈനയില്‍ നടത്തുന്നത്.

Comments

comments

Categories: Auto