സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് വിരുദ്ധ സമരം: രണ്ടാമത്തെ പ്ലാന്റിന് അനുവദിച്ച ഭൂമി സര്‍ക്കാര്‍ റദ്ദാക്കി

സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് വിരുദ്ധ സമരം: രണ്ടാമത്തെ പ്ലാന്റിന് അനുവദിച്ച ഭൂമി സര്‍ക്കാര്‍ റദ്ദാക്കി

 

തൂത്തുക്കുടി: ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതിനു പിന്നാലെ രണ്ടാമത്തെ പ്ലാന്റിന് അനുവദിച്ച ഭൂമിയും സര്‍ക്കാര്‍ റദ്ദാക്കി. വേദാന്ത ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചെമ്പ് ശുദ്ധീകരണ ശാലയ്‌ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാവുകയും 13 പേര്‍ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് എടപ്പാടി പളനിസാമിയുടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അനുകൂലമായ ഉത്തരവിറക്കിയത്. സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പ്പറേഷന്‍ ഓഫ് തമിഴ്‌നാട് (സിപ്‌കോട്ട്) ആണ് രണ്ടാമത് പ്ലാന്റിനായി അനുവദിച്ച ഭൂമി റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്.

പ്ലാന്റിനെതിരെയുണ്ടായ സമരവും സമരത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതും വേദനാജനകമാണെന്ന് സിപ്‌കോട്ട് എംഡി കെ ശ്രീനിവാസന്‍ അപലപിച്ചു. പ്ലാന്റ് വന്നാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്താണ് അനുവദിച്ച ഭൂമി സിപ്‌കോട്ട് റദ്ദാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചെമ്പ് ശുദ്ധീകരണശാലയാണ് തൂത്തുക്കുടിയിലേത്. ആദ്യ പ്ലാന്റ് നാട്ടുകാര്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും മലിനീകരണം പോലുള്ള നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചുകൊണ്ട് വേദാന്ത ഗ്രൂപ്പ് രണ്ടാമത് പ്ലാന്റ് തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഈ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടയിലാണ് 13 പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

സംഭവത്തിന് ശേഷം കമ്പനി അടച്ചുപൂട്ടാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അനധികൃതമായ നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ പ്ലാന്റ് മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടയിലാണ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നതും ഭൂമി റദ്ദാക്കാന്‍ വിധിക്കുന്നതും.

 

 

 

Comments

comments