എറിക്‌സണ് 500 കോടി രൂപ നല്‍കാമെന്ന് റിലയന്‍സ്

എറിക്‌സണ് 500 കോടി രൂപ നല്‍കാമെന്ന്  റിലയന്‍സ്

മുംബൈ: എറിക്‌സണുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് മുന്‍കൂര്‍ പണമായി 500 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കുടിശിക തുക കൊടുത്തു തീര്‍ക്കാന്‍ ആറ് മാസം വേണമെന്ന ആര്‍കോമിന്റെ ആവശ്യം എറിക്‌സണ്‍ തള്ളിയതിനു പിന്നാലെയാണ് പണം നല്‍കാന്‍ ആര്‍കോം തീരുമാനിച്ചിരിക്കുന്നത്.

തര്‍ക്ക പരിഹാര നടപടികള്‍ നടക്കുന്ന പാപ്പരത്ത കോടതിയായ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണലില്‍(എന്‍സിഎല്‍എടി) ആര്‍കോമിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് മുന്‍കൂര്‍പണം അടക്കാമെന്ന് നിര്‍ദേശിച്ചത്. ജസ്റ്റിസ് എസ് ജെ മുഖോപാദ്യായ ചെയര്‍മാനായ ബെഞ്ച് ഇരു കമ്പനികളും തമ്മിലുള്ള തര്‍ക്കപരിഹാരം ആവശ്യപ്പെട്ടു.

ആര്‍കോമിന്റെ താത്പര്യ പ്രകാരമാണ് കമ്പനിക്ക് പുറത്ത് വെച്ച് പരിഹാരമുണ്ടാക്കാനായുള്ള ശ്രമങ്ങള്‍ നടന്നത്. എന്നാല്‍ ചര്‍ച്ചകള്‍ കുടിശിക തുക അടച്ചു തീര്‍ക്കാനുള്ള സമയത്തെ ചൊല്ലി പരാജയപ്പെടുകയായിരുന്നു. എറിക്‌സണ് കൊടുത്തു തീര്‍ക്കാനുള്ള കുടിശിക ആറ് മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കാമെന്നായിരുന്നു അനില്‍ അംബാനി മുന്നോട്ട് വെച്ച നിലപാട്. എന്നാല്‍ എറിക്‌സണ്‍ ഇതിനോട് യോജിച്ചില്ല. തങ്ങള്‍ക്ക് ലഭിക്കാനുള്ള 1,000 കോടി രൂപ കുടിശിക മൂന്ന് മാസത്തിനുള്ളില്‍ നല്‍കണമെന്നായിരുന്നു എറിക്‌സന്റെ ആവശ്യം.

നിലവില്‍ ആര്‍കോമിന് 45,733 കോടി രൂപയുടെ കടബാധ്യതയുണ്ട്. ആര്‍കോമിന്റെ രാജ്യത്താകമാനമുള്ള ശൃംഖല പ്രവര്‍ത്തിപ്പിക്കാനാണ് 2014 ല്‍ ഏഴ് വര്‍ഷത്തെ കരാറില്‍ എറിക്‌സണ്‍ ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി ആര്‍കോം എറിക്‌സണ് 1,000 കോടി രൂപ നല്‍കാനുണ്ടായിരുന്നു. ഇതാണ് തര്‍ക്കത്തിലേക്ക് വഴിവെച്ചത്.

 

 

Comments

comments

Categories: FK News, Slider, Top Stories