തട്ടിപ്പുകളില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നഷ്ടം 25,775 കോടി രൂപ

തട്ടിപ്പുകളില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് നഷ്ടം 25,775 കോടി രൂപ

2,224.86 കോടി രൂപയുടെ നഷ്ടമാണ് തട്ടിപ്പുകളുടെ ഫലമായി എസ്ബിഐക്കുണ്ടായത്

ന്യൂഡെല്‍ഹി: ബാങ്കിംഗ് മേഖലയില്‍ നടന്ന തട്ടിപ്പുകളെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകള്‍ക്ക് മൊത്തം 25,775 കോടി രൂപ നഷ്ടമായതായി റിപ്പോര്‍ട്ട്. വിവിധ തട്ടിപ്പ് കേസുകളിലായി പഞ്ചാബ് നാഷണല്‍ ബാങ്കിനാണ് ഇക്കാലയളവില്‍ ഏറ്റവും വലിയ നഷ്ടമുണ്ടായത്, 6461.13 കോടി രൂപ. ചന്ദ്രശേഖര്‍ ഗൗഡ് എന്നയാള്‍ വിവരാവകാശം വഴി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് പിടിഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ തുകയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് റിസര്‍വ് ബാങ്ക് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇക്കാലയളവില്‍ നടന്നിട്ടുള്ള ബാങ്ക് തട്ടിപ്പുകളുടെ എണ്ണമോ സ്വഭാവമോ സംബന്ധിച്ച വെളിപ്പെടുത്തലുകളൊന്നും കേന്ദ്ര ബാങ്ക് നടത്തിയിട്ടില്ല.

ബാങ്ക് തട്ടിപ്പിലൂടെ 2,224.86 കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്ക് ബറോഡ 1,928.25 കോടി രൂപയുടെയും അലഹബാദ് ബാങ്ക് 1,520.37 കോടി രൂപയുടെയും ആന്ധ്രാ ബാങ്ക് 1,303.30 കോടി രൂപയുടെയും യുകോ ബാങ്ക് 1,224.64 കോടി രൂപയുടെയും നഷ്ടം കുറിച്ചു. ഐഡിബിഐ ബാങ്കിന് 1,116.53 കോടി രൂപയുടെ നഷ്ടം തട്ടിപ്പുകളിലൂടെ സംഭവിച്ചതായും വിവരാവകാശ മറുപടിയില്‍ ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (1,095.84 കോടി രൂപ), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (1,084.50 കോടി രൂപ), ബാങ്ക് ഓഫ് മഹാരാഷ്ട്ര ( 1,029.23 കോടി രൂപ), ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (1,015.79 കോടി രൂപ), കോര്‍പ്പറേഷന്‍ ബാങ്ക് (970.89 കോടി രൂപ), യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (880.53 കോടി രൂപ), ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (650.28 കോടി രൂപ), സിന്‍ഡിക്കേറ്റ് ബാങ്ക് (455.05 കോടി രൂപ), കനറാ ബാങ്ക് (190.77 കോടി രൂപ), പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് (90.01 കോടി രൂപ), ദേന ബാങ്ക് ( 89.25 കോടി രൂപ), വിജയ ബാങ്ക് (28.58 കോടി രൂപ), ഇന്ത്യന്‍ ബാങ്ക് ( 24.23 കോടി രൂപ) എന്നിങ്ങനെയാണ് മറ്റു പൊതുമേഖലാ ബാങ്കുകളില്‍ തട്ടിപ്പുകളിലൂടെ സംഭവിച്ച നഷ്ടം.
വജ്ര വ്യവസായി നിരവ് മോദിയും അദ്ദേഹത്തിന്റെ ബന്ധുവായ മെഹുല്‍ ചോക്‌സിയും ബാങ്ക് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട പിഎന്‍ബി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുകയാണ്. പിഎന്‍ബിയുടെ ജാമ്യ രേഖ ഉപയോഗിച്ച് 12,636 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇതിനെതിരെ മുംബൈയിലെ സിബിഐ കോടതിയില്‍ രണ്ട് ചാര്‍ജ് ഷീറ്റ് അന്വേഷണ സംഘം സമര്‍പ്പിച്ചിട്ടുണ്ട്. ഇതുള്‍പ്പെടുത്താതെയുള്ള കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.

ബാങ്ക് തട്ടിപ്പുകളെ തുടര്‍ന്ന് രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകളും അതീവ ഗുരുതരാവസ്ഥയിലാണെന്ന് സാമ്പത്തികവിദഗ്ധനായ ജയന്തിലാല്‍ ഭണ്ഡാരി പ്രതികരിച്ചു. ഇത്തരം തട്ടിപ്പുകളെ തുടര്‍ന്ന് വലിയ സാമ്പത്തിക നഷ്ടം മാത്രമല്ല ബാങ്കുകള്‍ അഭിമുഖീകരിക്കുന്നത്, ഭാവിയില്‍ പുതിയ വായ്പ അനുവദിക്കുന്നതിനുള്ള ബാങ്കുകളുടെ ശേഷിയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Banking, Slider

Related Articles