തളര്‍ച്ചയെ അതിജീവിച്ച വിജയം

തളര്‍ച്ചയെ അതിജീവിച്ച വിജയം

പതിനെട്ട് വയസ്സുകാരന്‍ സ്മിത്ത് ഖണ്ഡേവാല്‍ സന്തോഷത്തിന്റെ കൊടുമുടിയിലാണ്. ഇത്തവണത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയമാണ് സ്മിത്ത് കരസ്ഥമാക്കിയത്. ശരീരം തളര്‍ന്നു പോയതിനെ തുടര്‍ന്ന് കഴിഞ്ഞ അധ്യയനവര്‍ഷം പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല. അസുഖം ഭേദമായതിനെ തുടര്‍ന്ന് ഇപ്രാവശ്യം പരീക്ഷ എഴുതി വലിയ വിജയമാണ് സ്മിത്ത് നേടിയിരിക്കുന്നത്. ഒരു വര്‍ഷം നീണ്ട ശാരീരികവും മാനസികവുമായ കഠിനപ്രയത്‌നത്തിലൂടെ സ്മിത്തിന് ലഭിച്ചത് 83 ശതമാനം മാര്‍ക്കാണ്.

ദുബായിലെ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സ്മിത്ത്. തലച്ചോറിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ശരീരത്തിന്റെ ഒരു വശം തളര്‍ന്നുപോയ സ്മിത്ത് സ്‌കൂളിലെ സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ ആയിരുന്നു. പക്ഷാഘാതം തളര്‍ത്തി ഏഴ് മാസത്തോളം ആശുപത്രി വാസം അനുഭവിക്കേണ്ടി വന്ന സ്മിത്ത് പതുക്കെ ഉന്മേഷവാനായി തിരിച്ചുവരികയാണ്.

മസ്തിഷ്‌ക വീക്കം, തലയോട്ടിയിലുണ്ടായ മുറിവുകള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷം അവനെ വേട്ടയാടി കൊണ്ടിരുന്നതായി സ്മിത്തിന്റെ അമ്മ സുജാത പറഞ്ഞു. സിഎഫ്എഫ് ഫ്‌ളോയിഡിനെ നിയന്ത്രിക്കുന്ന ഒരു ഉപകരണം സ്മിത്തിന്റെ ശരീരത്തില്‍ ഘടിപ്പിച്ചുണ്ട്. ഇത് ജീവിതം കാലം മുഴുവന്‍ അവന്റെ ശരീരത്തിന്റെ ഭാഗമായി ഇനി ഉണ്ടാകും. ഫിസിയോതെറാപ്പി ചെയ്തു വരുന്നുണ്ടെന്നും സുജാത പറഞ്ഞു.

എല്ലാത്തരം വെല്ലുവിളികളെയും അതിജീവിച്ച് സ്മിത്ത് സ്‌കൂളിലേക്ക് എത്തിയത് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. മുഴുവന്‍ ദിവസവും സ്‌കൂളില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും പരീക്ഷകള്‍ക്കു വേണ്ടി അവന്‍ കഠിനമായി പ്രവര്‍ത്തിച്ചു. മികച്ച വിജയം നേടുകയും ചെയ്തു.

രോഗം തന്നെ ബാധിച്ചിട്ടുണ്ടെന്നത് മറന്ന് സ്മിത്ത് സ്‌കൂളിലേക്ക് മടങ്ങി എത്തിയത് മറ്റെല്ലാ കുട്ടികള്‍ക്കും ഒരു പ്രചോദനമാണ്. ആരോഗ്യത്തോടെ ഇരിക്കുമ്പോഴും മറ്റ് കുട്ടികള്‍ക്ക് മാതൃകയായിരുന്ന സ്മിത്ത് അസുഖം ബാധിച്ചതിനു ശേഷവും മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീവത്സന്‍ മുരുഗന്‍ പറഞ്ഞു. സ്മിത്തിന്റെ സഹപാഠികള്‍ പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ക്കായും പഠനത്തിനായും അവനെ സഹായിച്ചതായും പിന്‍തുണച്ചതായും അദ്ദേഹം പറഞ്ഞു. പതിനാറ് വയസുകാരനായ സിദ്ധാര്‍ഥ എസ് വി ആണ് സ്മിത്തിന് വേണ്ടി പരീക്ഷകള്‍ എഴുതിയത്.

Comments

comments