എന്‍ടിപിസിയുടെ അറ്റാദായം 41% ഉയര്‍ന്ന് 2,926 കോടി രൂപയായി

എന്‍ടിപിസിയുടെ അറ്റാദായം 41% ഉയര്‍ന്ന് 2,926 കോടി രൂപയായി

ന്യൂഡെല്‍ഹി: മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ ഊര്‍ജോല്‍പാദന കമ്പനിയായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ടിപിസി) അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 40.69 ശതമാനം വര്‍ധിച്ച് 2,925.59 കോടി രൂപയായി. മുന്‍ വര്‍ഷം മാര്‍ച്ച് പാദത്തില്‍ 2,079.40 കോടി രൂപയായിരുന്നു എന്‍ടിപിസിയുടെ അറ്റാദായം. നിഗമനങ്ങളേക്കാള്‍ വളരെ ഉയര്‍ന്ന അറ്റാദായമാണ് എന്‍ടിപിസി രേഖപ്പെടുത്തിയത്.
കമ്പനിയുടെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 13.14 ശതമാനം വര്‍ധിച്ച് 23,100.26 കോടി രൂപയായി. മുന്‍വര്‍ഷം 20416.67 കോടി രൂപയായിരുന്നു വരുമാനമായി കമ്പനി നേടിയിരുന്നത്. പ്രകടന ഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് ഓഹരി വിപണിയിലും കമ്പനിക്ക് ഉയര്‍ച്ചയുണ്ടായി.
മാര്‍ച്ച് പാദത്തില്‍ 2017-18 വര്‍ഷത്തിലേക്കായി ഒരു ഇക്വിറ്റി വിഹിതത്തിന് 2.73 രൂപയാണ് ഇടക്കാല ഡിവിഡന്റായി കമ്പനി നല്‍കിയത്. ഒരു ഇക്വിറ്റി വിഹിതത്തിന് 2.39 രൂപയെന്ന അന്തിമ ഡിവിഡന്റ് നല്‍കുന്നതിന് കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം ഡിവിഡന്റ് (ഇടക്കാല ഡിവിഡന്റ് ഉള്‍പ്പെടെ) ഒരു ഓഹരിക്ക് 5.12 രൂപയാണ്.

Comments

comments

Categories: Business & Economy
Tags: NTPC