ജര്‍മന്‍ കമ്പനികളുമായുള്ള ബിസിനസ് സൗദി അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ജര്‍മന്‍ കമ്പനികളുമായുള്ള ബിസിനസ് സൗദി അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ജര്‍മനിയുടെ ഡെല്‍ സ്പീഗെല്‍ മാസികയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ബഹുരാഷ്ട്ര ജര്‍മന്‍ കമ്പനികളായ സീമെന്‍സിനെയും ഡയിംലറിനെയും സൗദിയുടെ തീരുമാനം ബാധിച്ചേക്കും

റിയാദ്: ജര്‍മനിയുമായുള്ള സൗദി അറേബ്യയുടെ ബന്ധം കൂടുതല്‍ വഷളാകുന്നു. ജര്‍മന്‍ കമ്പനികള്‍ക്ക് സൗദി സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന കരാറുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ജര്‍മനിയിലെ ഡെല്‍ സ്പീഗെല്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

സൗദിയുടെ യൂറോപ്പിലെ വ്യാപാര പങ്കാളിയായ ജര്‍മനിയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വരുന്നതിന്റെ സൂചനകള്‍ നേരത്തെ തന്നെ വ്യക്തമായിരുന്നു. ജര്‍മന്‍ കമ്പനികളുമായുള്ള കരാറുകളില്‍ പലതും ഇനി പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകായണ് സൗദിയെന്ന് മാര്‍ച്ചില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ അപ്പോഴത്തെ ജര്‍മന്‍ വിദേശകാര്യമന്ത്രിയായിരുന്ന സിഗ്മര്‍ ഗബ്രിയേല്‍ നടത്തിയ പ്രസ്താവനയെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വന്ന് തുടങ്ങിയത്. കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 32കാരനായ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ വിദേശനയത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന ചില ഉറച്ച നിലപാടുകളും കൂടിയായപ്പോള്‍ ജര്‍മനിയുമായുള്ള ബന്ധത്തിലെ ഉലച്ചിലുകള്‍ ശക്തമായി.

ലെബനന്‍ സൗദി അറേബ്യയുടെ കയ്യിലെ പാവയാണെന്നായിരുന്നു നവംബറില്‍ ഗബ്രിയേല്‍ ബ്രസല്‍സില്‍ വെച്ച് നടത്തിയ പ്രസ്താവന. ലെബനീസ് പ്രധാനമന്ത്രിയായിരുന്ന സാദ് ഹരിരിയുടെ പെട്ടെന്നുള്ള രാജിയുടെ പശ്ചാത്തലത്തിലായിരുന്നു അന്നത്തെ ജര്‍മന്‍ മന്ത്രിയുടെ പ്രസ്താവന. ഇതിനെത്തുടര്‍ന്ന് സൗദി അതൃപ്തി പ്രകടിപ്പിക്കുകയും നിലപാടുകള്‍ കര്‍ക്കശമാക്കുകയും ചെയ്തു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ബദ്ധശത്രുക്കളായ ഇറാനുമായി ബന്ധപ്പെട്ട നയതത്ര വിഷയങ്ങളിലും തീവ്രമായ നിലപാടുകളാണ് പ്രിന്‍സ് മൊഹമ്മദ് സ്വീകരിച്ചുപോരുന്നത്. ഗള്‍ഫ് രാജ്യമായ ഖത്തറുമായുള്ള ബന്ധം സൗദിയുടെ നേതൃത്വത്തിലുള്ള ജിസിസിയിലെ മറ്റ് രാഷ്ട്രങ്ങള്‍ വിച്ഛേദിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഖത്തര്‍ ഇറാനുമായുള്ള സൗഹൃദം ദൃഢമാക്കിയതായിരുന്നു.

യൂറോപ്പിലെ സൗദിയുടെ ശക്തമായ വ്യാപാര പങ്കാളിയാണ് ജര്‍മനി. ഇറക്കുമതിയുടെ ഏറ്റവും വലിയ മൂന്നാമത്തെ സ്രോതസ്സും. സീമന്‍സ് പോലുള്ള കമ്പനികള്‍ക്ക് സൗദിയുമായി മികച്ച സഹകരണമാണുള്ളത്. അതുപോലെ തന്നെയാണ് ജര്‍മന്‍ സിറ്റീല്‍ ആന്‍ഡ് ഇലവേറ്റര്‍ കമ്പനിയായ തൈസെന്‍ക്രപ്പ് എജിയുടെ കാര്യവും. ഡ്യൂഷെ ബാങ്കും വലിയ പദ്ധതികളാണ് സൗദിയില്‍ ആസൂത്രണം ചെയ്തത്. ആഗോള തലത്തില്‍ ജീവനക്കാരെ വെട്ടിച്ചുരുക്കുമ്പോള്‍ സൗദിയില്‍ കൂടുതല്‍ പേരെ നിയമിക്കാനാണ് ഡ്യൂഷെ ശ്രമിക്കുന്നത്. ഇതെല്ലാം സൗദിയുടെ പുതിയ തീരുമാനത്തെ തുടര്‍ന്ന് അവതാളത്തിലാകുമോയെന്നാണ് കമ്പനികളുടെ ആശങ്ക.

ജര്‍മന്‍കാരെ സംബന്ധിച്ചിടത്തോളം റിയാദിന്റെ വാതിലുകള്‍ പെട്ടെന്ന് കൊട്ടിയടച്ചു-പുതിയ സംഭവവികാസങ്ങളോട് ഒരു ജര്‍മന്‍ ബിസിനസുകാരന്‍ പ്രതികരിച്ചിതങ്ങനെയാണ്. 2017ല്‍ 7.7 ബില്ല്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് സൗദിയിലേക്ക് ജര്‍മനി നടത്തിയത്. ഏകദേശം 800 കമ്പനികള്‍ സൗദിയില്‍ ബിസിനസ് നടത്തുന്നുണ്ട്.

Comments

comments

Categories: Business & Economy
Tags: German