പ്രശ്‌നമാകുന്നത് ട്രംപിന്റെ നികുതി നയം; പഴയ വസ്ത്രങ്ങളുടെ പേരില്‍ തര്‍ക്കം

പ്രശ്‌നമാകുന്നത് ട്രംപിന്റെ നികുതി നയം; പഴയ വസ്ത്രങ്ങളുടെ പേരില്‍ തര്‍ക്കം

ദരിദ്ര രാജ്യമായ റുവാന്‍ഡയില്‍ നിന്നുള്ള വസ്ത്ര ഇറക്കുമതിക്ക് നികുതി ചുമത്താനുള്ള ട്രംപിന്റെ തീരുമാനം ഇറക്കുമതി മുടങ്ങാന്‍ കാരണമാകുന്നു

ആഫ്രിക്കന്‍ രാജ്യങ്ങളെ വ്യാപാരരംഗത്ത് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി രൂപീകരിച്ച നിയമമാണ് ആഫ്രിക്കന്‍ വളര്‍ച്ചയ്ക്കും അവസരങ്ങള്‍ക്കുമുള്ള നിയമം (എഗോവ). ദരിദ്രരായ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വ്യാപാരം വളര്‍ത്താനും നിക്ഷേപം വര്‍ധിപ്പിക്കാനുമാണ് യുഎസ് സര്‍ക്കാര്‍ എഗോവ പ്രഖ്യാപിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 6,500 കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണ നികുതിയിളവു നല്‍കുന്ന നിയമത്തിന്റെ സൗജന്യങ്ങള്‍ അനുഭവിച്ചു പോന്നിരുന്ന റുവാന്‍ഡയ്ക്ക് തിരിച്ചടി നല്‍കുന്ന പ്രഖ്യാപനമാണ് ഒരു മാസം മുമ്പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. റുവാന്‍ഡയ്ക്കുള്ള എഗോവ ഇളവുകള്‍ എടുത്തുമാറ്റുകയാണെന്നായിരുന്നു പ്രഖ്യാപനം. ഇതിന്‍പ്രകാരം റുവാന്‍ഡയ്ക്ക് അനുവദിച്ച 60 ദിവസത്തെ സമയം അവസാനിച്ചിരിക്കുന്നു. അമേരിക്കയുടെ വാണിജ്യതാല്‍പര്യങ്ങളും വ്യാപാര ബന്ധങ്ങളും സംരക്ഷിക്കാനാണ് ഇളവുകള്‍ പിന്‍വലിക്കുന്നതെന്നാണ് യുഎസ് വാണിജ്യമന്ത്രാലയത്തിന്റെ ഭാഷ്യം.

ഇതോടെ രാജ്യത്ത് പുതുതായി ഉയര്‍ന്നു വരുന്ന വസ്ത്രശാലകളെയും നെയ്ത്തു വ്യവസായത്തെയും സംരക്ഷിക്കുന്നതിനായി ഉപയോഗിച്ച വസ്ത്രങ്ങളുടെ ഇറക്കുമതി റുവാന്‍ഡ നിരോധിച്ചു. ഒരുകാലത്ത് മിക്കവാറും ആഫ്രിക്കന്‍ രാജ്യങ്ങള്‍ നെയ്ത്തു വ്യവസായത്തിന്റെ ഈറ്റില്ലങ്ങളായിരുന്നു. എന്നാല്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യമില്ലായ്മയും അസ്ഥിരതയും ആഗോള കിടമല്‍സരവും മറ്റും ഈ രാജ്യങ്ങളുടെ വ്യവസായ വളര്‍ച്ചയ്ക്കു വിഘാതമായി. ഇതിന്റെ വലിയൊരു ഉദാഹരണമാണ് ഘാന. 1980-ല്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണം രാജ്യത്തിന്റെ വസ്ത്രനിര്‍മാണവ്യവസായത്തെയും മേഖലയിലെ തൊഴിലവസരങ്ങളും കുത്തനെ ഇടിച്ചു താഴ്ത്തുകയായിരുന്നു. 1977-ല്‍ രാജ്യത്തെ വസ്ത്രനിര്‍മാണ മേഖലയില്‍ ജോലി ചെയ്തിരുന്നവരുടെ എണ്ണം 25,000 ആയിരുന്നു. എന്നാല്‍ 2000-ല്‍ ഇവരുടെ എണ്ണം 5,000ത്തിലേക്ക് ഒതുങ്ങി. കെനിയയിലും സമാന സാഹചര്യമാണുള്ളത്. രണ്ടു പതിറ്റാണ്ടു മുമ്പ് അമ്പത് ലക്ഷം പേരുണ്ടായിരുന്ന നെയ്ത്തു തൊഴിലാളികളുടെ എണ്ണം ഇന്ന് പതിനായിരങ്ങളിലേക്ക് താഴ്ന്നിരിക്കുന്നു.

സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങലിലെ വസ്ത്രവ്യവസായത്തിന്റെ തകര്‍ച്ചയ്ക്കു കാരണം ഉപയോഗിച്ച വസ്ത്രങ്ങളുടെ പുനരുപയോഗമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള തുച്ഛവിലയ്ക്കുള്ള രണ്ടാംകിട വസ്ത്രങ്ങളുടെ തള്ളിക്കയറ്റത്തിനോട് മല്‍സരിച്ചു നില്‍ക്കാന്‍ തദ്ദേശ വസ്ത്രനിര്‍മാണശാലകള്‍ക്കോ പ്രാദേശിക തയ്യല്‍ക്കാര്‍ക്കോ കഴിഞ്ഞില്ല. രാജ്യാന്തര വികസനത്തിനായുള്ള അമേരിക്കന്‍ ഏജന്‍സി (യുഎസ് എയ്ഡ്) യുടെ പഠനമനുസരിച്ച് 2015-ല്‍ കിഴക്കന്‍ ആഫ്രിക്കന്‍ സമൂഹം (ഇഎസി) ഇറക്കുമതി ചെയ്ത രണ്ടാം തരം വസ്ത്രങ്ങള്‍ ആഗോള ഇറക്കുമതിയുടെ 13 ശതമാനം വരും. 274 മില്യണ്‍ ഡോളര്‍ മൂല്യം വരുമിതിന് എന്നതു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കിഴക്കന്‍ ആഫ്രിക്കന്‍ ജനതയുടെ 67 ശതമാനം ഉപയോഗിച്ച വസ്ത്ര വിപണിയെയാണ് ആശ്രയിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമായി. ഇതു മൂലം ആഭ്യന്തര വസ്ത്രവിപണിയുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാണെന്ന് ഈ രാജ്യങ്ങത്തെ സര്‍ക്കാരുകള്‍ പരാതിപ്പെടുന്നു. അടുത്ത വര്‍ഷം മുതല്‍ രണ്ടാംകിട വസ്ത്രങ്ങള്‍ക്കു നിരോധനമേര്‍പ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ഇഎസി എത്തിയത് അങ്ങനെയാണ്.

ഇറക്കുമതി ചെയ്ത രണ്ടാംകിട വസ്ത്രങ്ങള്‍ ധരിക്കുന്നത് പൗരന്മാരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചിരിക്കുകയാണെന്ന് റുവാന്‍ഡന്‍ ഭരണകൂടം പറയുന്നു. ഇക്കാരണത്താല്‍ ഇറക്കുമതി വസ്ത്രങ്ങള്‍ക്ക് ചുങ്കമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. കിലോയ്ക്ക് 0.20 ഡോളര്‍ മുതല്‍ 2.50 ഡോളര്‍ വരെ നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2016- ല്‍ പ്രാബല്യത്തിലായ നിയമത്തിലൂടെ ഉപയോഗിച്ച വസ്ത്രങ്ങളുടെ ഉപയോഗം ഘട്ടം ഘട്ടമായി ഇല്ലാതാക്കുകയാണ് ഉദ്ദേശ്യം. ആഭ്യന്തര വസ്ത്രവ്യവസായത്തെ ഇതിലൂടെ സംരക്ഷിക്കാമെന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. കാല്‍ ലക്ഷത്തിലധികം തൊഴിലവസരങ്ങളുണ്ടാക്കാനും ടെക്‌സ്റ്റൈല്‍ വിപണിക്കു കഴിയുമെന്നു വിലയിരുത്തപ്പെടുന്നു. അമേരിക്കന്‍ വസ്ത്ര വ്യാപാരികളില്‍ ആശങ്കയുണ്ടാക്കുന്ന തീരുമാനമാണിത്. അമേരിക്കന്‍ വസ്ത്രവ്യാപാരി സംഘടനകള്‍ ഇതിനെ പ്രതിരോധിക്കാനാവശ്യപ്പെട്ട് യുഎസ് വാണിജ്യ പ്രാതിനിധ്യ മന്ത്രാലയത്തിന് (യുഎസ്ടിആര്‍) പരാതി നല്‍കി.

ഇഎസിയുടെ നിരോധനം അമേരിക്കന്‍ രണ്ടാംകിട വസ്ത്രവ്യവസായത്തിന് വലിയ ഭവിഷ്യത്തുണ്ടാക്കുമെന്ന് സെക്കന്‍ഡറി മെറ്റീരിയല്‍സ് റീസൈക്കിള്‍ഡ് ടെക്‌സ്റ്റൈല്‍സ് അസോസിയേഷന്‍ (എസ്എംആര്‍ടിഎ) മുന്നറിയിപ്പു നല്‍കി. 40,000 തൊഴിലവസരങ്ങളുടെയും 124 മില്യണ്‍ ഡോളറിന്റെ കയറ്റുമതിയുടെയും നഷ്ടം ഇതുമൂലം ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഈ വെളിപ്പെടുത്തലുകള്‍ സംശയാസ്പദമാണെന്ന് വിലയിരുത്തലുകളുണ്ടായി. തൊഴില്‍നഷ്ടത്തിന്റെ കണക്കുകള്‍ സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേ വിവരങ്ങള്‍ പരസ്യമാക്കാന്‍ എസ്എംആര്‍ടിഎ സന്നദ്ധരാകാത്തത് അവരുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്നതാണെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സ് ചൂണ്ടിക്കാട്ടി. എസ്എംആര്‍ടിഎയുടെ കണക്കുകളില്‍ പലതിന്മേലും ഇഎസി തര്‍ക്കമുന്നയിച്ചതായി ആഫ്രിക്കന്‍ പ്രശ്‌നങ്ങളിലെ യുഎസ് പ്രസിഡന്റിന്റെ ഉപദേശകനായിരുന്ന ഗ്രാന്റ് ടി ഹാരിസും വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് യുഎസ്ടിആര്‍, 2017 മാര്‍ച്ചില്‍ റുവാന്‍ഡ, കെനിയ, യുഗാന്‍ഡ, ടാന്‍സാനിയ എന്നീ ഇഎസി രാജ്യങ്ങളെ എഗോവയില്‍ നിന്നു പുറത്താക്കുമെന്നു പ്രസ്താവിച്ചത്.

യുഎസ്ടിആറിന്റെ ഭീഷണി ഫലം കണ്ടെന്നു വേണം പറയാന്‍. കെനിയ എഗോവയില്‍ തിരിച്ചെടുക്കപ്പെടുന്നതിനു വേണ്ടി നിരോധനം പിന്‍വലിക്കാന്‍ തയാറായി. റുവാന്‍ഡയേക്കാള്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ എഗോവയില്‍ നിന്ന് അനുഭവിച്ചുവരുന്ന രാജ്യമായിരുന്നു കെനിയ. യുഎസിലേക്കുള്ള 2017-ലെ കെനിയന്‍ കയറ്റുമതി 600 മില്യണ്‍ ഡോളറിന്റേതായിരുന്നു. റുവാന്‍ഡയുടേതാകട്ടെ 43 മില്യണ്‍ ഡോളറിന്റേതും. ടാന്‍സാനിയയെയും യുഗാന്‍ഡയെയും ലക്ഷ്യമിടുന്നതിന്റെ കാരണങ്ങള്‍ യുഎസ്ടിആര്‍ വിശദീകരിക്കുകയുണ്ടായി. ഇരുരാജ്യങ്ങള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ പ്രസിഡന്റ് നിര്‍ത്തിവെച്ചതല്ല, ഉപയോഗിച്ച വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കും മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ മാത്രമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. ശരിയായാലും തെറ്റായാലും എഗോവ സംബന്ധിച്ച് എന്തു തീരുമാനമെടുക്കാനും അമേരിക്കയ്ക്ക് അവകാശമുണ്ട് എന്നതാണു വസ്തുത. വ്യാപാര തടസങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് നിയമത്തിനുള്ളത് എന്ന ന്യായീകരണവും ഇക്കാര്യത്തില്‍ യുഎസിനുണ്ട്.

ഒരുകാലത്ത് മിക്കവാറും ആഫ്രിക്കന്‍ രാജ്യങ്ങള്‍ നെയ്ത്തു വ്യവസായത്തിന്റെ ഈറ്റില്ലങ്ങളായിരുന്നു. എന്നാല്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യമില്ലായ്മയും അസ്ഥിരതയും ആഗോള കിടമല്‍സരവും മറ്റും ഈ രാജ്യങ്ങളുടെ വ്യവസായ വളര്‍ച്ചയ്ക്കു വിഘാതമായി

എന്നാല്‍ ഇതു കൊണ്ടു മാത്രം ഇതൊരു ശരിയായ കീഴ്‌വഴക്കമാണെന്ന് അവകാശപ്പെടാനാകില്ലെന്ന് ഹാരിസ് ചൂണ്ടിക്കാട്ടുന്നു. എഗോവയുടെ വിശാലതാല്‍പര്യങ്ങള്‍ക്ക് ഇണങ്ങുന്ന നടപടിയല്ല ഇത്. വികസനത്തെയും സാമ്പത്തിക വളര്‍ച്ചയെയും പിന്തുണയ്ക്കാന്‍ വേണ്ടിയാണ് ഈ നിയമം ആവിഷ്‌കരിച്ചിരിക്കുന്നതു തന്നെ. യുഎസ് കയറ്റുമതിയെ തടസപ്പെടുത്തുന്ന ഇന്ത്യയും ബ്രസീലുമടക്കമുള്ള പല രാജ്യങ്ങള്‍ക്കും രാജ്യം ചുങ്കത്തില്‍ ഇളവ് അനുവദിച്ചിട്ടുമുണ്ട്. ഇക്കാര്യത്തില്‍ തത്വദീക്ഷയുള്ള നിലപാടാണ് അമേരിക്കയുടേതെങ്കില്‍ സമാന നിലപാടെടുക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കുമെതിരേ ഒരേ നടപടി കൈക്കൊള്ളണം. ദരിദ്രരാജ്യമായ റുവാന്‍ഡയോട് മാത്രം പ്രത്യേക സമീപനം സ്വീകരിക്കുന്നത് നിയമത്തില്‍ വെള്ളം ചേര്‍ക്കലാണ്. എഗോവ ഉപയോഗിച്ചല്ലാതെ തന്നെ അമേരിക്കയ്ക്ക് റുവാന്‍ഡയുമായി വിലപേശല്‍ നടത്താമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. റുവാന്‍ഡയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയല്ല അമേരിക്കയെങ്കിലും തീരുമാനം രാജ്യത്തിന് ദോഷകരമാണ്.

എഗോവയുടെ ഇളവുണ്ടായിരുന്ന ഒരു ബാഗ് നിര്‍മാണസംരംഭത്തില്‍ 150 സ്ത്രീകള്‍ ജോലി ചെയ്തിരുന്നതായി ആഫ്രിക്കയിലേക്കുള്ള യുഎസ് വാണിജ്യമന്ത്രാലയത്തിന്റെ പ്രതിനിധിയായിരുന്ന ഫ്‌ളോറി ലൈസര്‍ സാക്ഷ്യപ്പെടുത്തുന്നു. അത്തരം അനിശ്ചിതത്വം നിഴലിക്കുന്ന സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ എഗോവയുടെ ആനുകൂല്യം തേടാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണെന്ന് അവര്‍ പറയുന്നു. സാമ്പത്തികവളര്‍ച്ചയെ ബലികഴിക്കാന്‍ റുവാന്‍ഡന്‍ പ്രസിഡന്റ് പോള്‍ കഗാമെ തയാറാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച വഴിയിലാണ് രാജ്യം ചരിക്കുന്നത്. ആശങ്കപ്പെട്ടിരുന്നതു പോലെ പ്രത്യാഘാതങ്ങള്‍ നേരിടണമെങ്കിലും ഈ തെരഞ്ഞെടുപ്പ് എളുപ്പമായിരുന്നുവെന്ന് അദ്ദേഹം കഴിഞ്ഞവര്‍ഷം തന്നെ വ്യക്തമാക്കിയിരുന്നു. റുവാന്‍ഡയും എഗോവ ആനുകൂല്യങ്ങള്‍ പറ്റിയിരുന്ന ഇതര ആഫ്രിക്കന്‍ രാജ്യങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വ്യവസായവികസനത്തിനും വേണ്ടി സ്വന്തം വഴി നോക്കേണ്ട സമയമായിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ഈ തര്‍ക്കത്തിന്റെ ഗുണഭോക്താവ് ചൈനയാണെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതി വസ്ത്രങ്ങള്‍ കിഴക്കന്‍ ആഫ്രിക്കയിലേക്കൊഴുകും. 1.2 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇതുവഴി ചൈന നേടാനിരിക്കുന്നതെന്ന് യുഎസ് എയ്ഡ് വിലയിരുത്തുന്നു. കിഴക്കന്‍ ആഫ്രിക്കയിലെ ദരിദ്ര ജനവിഭാഗങ്ങളില്‍ 40 ശതമാനം അമേരിക്കന്‍ രണ്ടാംകിട വസ്ത്രങ്ങള്‍ക്ക് വേണ്ടി മുടക്കുന്ന തുകയേക്കാള്‍ കുറവേ ഇതിന് ആകുന്നുള്ളൂ. ഇത് ചൈനയ്ക്കു മുമ്പാകെ വിശാലമായ വിപണി തുറന്നിടുകയും അവര്‍ക്കു മേല്‍ ആഫ്രിക്കയുടെ ആശ്രിതത്വം കൂട്ടുകയും ചെയ്യുമെന്ന് ഹാരിസ് പറയുന്നു. സാധാരണക്കാര്‍ ആഭ്യന്തര വിപണിയെ പ്രോല്‍സാഹിപ്പിക്കാന്‍ തദ്ദേശ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പോകുന്നില്ല. അവര്‍ ചൈനയില്‍ നിന്നു വരുന്ന വിലക്കുറവുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തേടിപ്പോകുകയേ ഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ നയത്തില്‍ അതൃപ്തരായ റുവാന്‍ഡന്‍ പൗരന്മാരുമുണ്ട്. 17 മില്യണ്‍ ഡോളറിന്റെ മൂല്യമുണ്ടായിരുന്ന അമേരിക്കന്‍ രണ്ടാംകിട വസ്ത്രവിപണി 22,000 തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ചിരുന്നു. രണ്ടു വര്‍ഷം മുമ്പുണ്ടായിരുന്ന ഈ സംവിധാനത്തിനാണ് കഗാമെയുടെ തീരുമാനത്തോടെ അറുതി വന്നിരിക്കുന്നത്. വിപണി കീഴടക്കിക്കൊണ്ടിരിക്കുന്ന ചൈനീസ് വസ്ത്രങ്ങള്‍ ചെലവേറിയവയാണെന്നുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തര വ്യവസായങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് സാധാരണക്കാരിയായ മറിയം പറയുന്നു. മെയ്ഡ് ഇന്‍ റുവാന്‍ഡ ക്യാംപെയ്ന്‍ ശക്തമാക്കണം. എന്നാല്‍ ഇതിന് വ്യവസായങ്ങളെ സസൂക്ഷ്മം ശ്രദ്ധിച്ചു വേണം ശ്രമങ്ങള്‍ നടത്താന്‍. അതു വരെ രണ്ടാം കിട വസ്ത്രങ്ങളുടെ ഇറക്കുമതി സര്‍ക്കാര്‍ അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ആഭ്യന്തര വ്യവസായം വളര്‍ത്താനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നില്ലെന്ന് രണ്ടാംകിട വസ്ത്രവ്യാപാരി റുലിന്‍ഡ എല്‍മാസും പറയുന്നു. എന്നാല്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ അത്തരം വ്യവസായങ്ങള്‍ വിരലിലെണ്ണാവുന്നത്രയും കുറവാണ്. യുഎസ് ഉപരോധത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ഇവിടെയാണ്. ഈ പ്രശ്‌നം രാജ്യത്തെ തുറിച്ചു നോക്കുകയാണ്. എല്ലാവരും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുമെന്നും അവര്‍ മുന്നറിയിപ്പു തരുന്നു.

 

Comments

comments

Categories: FK News
Tags: Trump

Related Articles