മഞ്ജു ദേവി: ഇന്ത്യന്‍ റെയില്‍വെയിലെ ആദ്യ വനിതാ ചുമട്ടുതൊഴിലാളി

മഞ്ജു ദേവി: ഇന്ത്യന്‍  റെയില്‍വെയിലെ ആദ്യ വനിതാ ചുമട്ടുതൊഴിലാളി

ജയ്പൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ സേവന ദാതാവായ ഇന്ത്യന്‍ റെയില്‍വെയില്‍ ഒരുപാട് സ്ത്രീകള്‍ വ്യത്യസ്തങ്ങളായ ജോലി ചെയ്യുന്നവരായുണ്ട്. എന്നാല്‍ പുരുഷ കേന്ദ്രീകൃതം എന്ന് പൊതുവെ പറയാറുള്ള ചുമടെടുപ്പ് ജോലിയില്‍ ഇന്ന് സ്ത്രീകളും മുന്നിട്ടിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ജയ്പൂരിലെ മഞ്ജു ദേവി ആദ്യമായി ചുമട്ടുതൊഴിലാളിയാകുന്ന സ്ത്രീയാണ്. നമുക്ക് ചെയ്യാന്‍ കഴിയുന്ന ജോലിയാണെങ്കില്‍ അത് എന്താണെന്നും നോക്കിയില്ല. അങ്ങനെയാണ് ചുമടെടുക്കാന്‍ തീരുമാനിച്ചതെന്ന് മഞ്ജു ദേവി പറയുന്നു. എന്തു തൊഴിലും സ്ത്രീകള്‍ക്ക് ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ജു ദേവി.

ശാരീരികാധ്വാനം ഏറെ വേണ്ടുന്ന മേഖലയാണിത്. അതിനാല്‍ തന്നെ പുരുഷന്മാരല്ലാതെ സ്ത്രീകള്‍ ഈ ജോലി ചെയ്യാന്‍ ആദ്യമൊന്നു മടിക്കും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മഞ്ജു ദേവി ചുമട്ടു തൊഴിലാളിയായി റെയില്‍വെ സ്‌റ്റേഷനിലേക്ക് ഇറങ്ങുകയായിരുന്നു.

ഭര്‍ത്താവ് മഹാദേവ് റെയില്‍വെയില്‍ പോര്‍ട്ടറായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ച ഇവര്‍ക്ക് മൂന്ന് മക്കളാണ്. മൂന്ന് മക്കളുടെയും പഠനത്തിനും മറ്റ് ചെലവുകള്‍ക്കുമായി സാമ്പത്തികമില്ലാതെ വന്നപ്പോള്‍ ഈ ജോലി ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. ഭര്‍ത്താവിന്റെ പോര്‍ട്ടര്‍ ലൈസന്‍സ് താന്‍ ഏറ്റെടുത്ത് ഈ ജോലി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. അമ്മ മോഹിനിയാണ് ജോലി ചെയ്യാനുള്ള പ്രോത്സാഹനം.

 

ആദ്യം റെയില്‍വെ അധികൃതര്‍ ജോലി ചെയ്യാനായി അനുവദിച്ചില്ല. തൊഴില്‍ മേഖലയില്‍ സ്ത്രീകളില്ലെന്നതും സത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത തൊഴിലാണിതെന്നതും കാരണം പറഞ്ഞ് പിന്മാറാന്‍ പറഞ്ഞെങ്കിലും മഞ്ജു പിന്മാറിയില്ല. ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ഉണ്ടെന്നും തനിക്കിത് ചെയ്യാന്‍ കഴിയുമെന്ന ഉത്തമബോധ്യമുണ്ടെന്നും അധികൃതരെ അറിയിച്ചതിനു പിന്നാലെ റെയില്‍വെ മഞ്ജുവിന് ചുമടെടുക്കുവാനുള്ള അനുവാദം നല്‍കി.

ദിവസവും 30 കിലോയോളം ഭാരം താന്‍ ചുമക്കാറുണ്ടെന്ന് മഞ്ജു പറയുന്നു. കുടുംബം പോറ്റുന്നതിനിടയില്‍ ഈ ഭാരമൊന്നും ഒന്നുമല്ലെന്നാണ് മഞ്ജുവിന്റെ അഭിപ്രായം. ചുവന്ന ചുരിദാറും ധരിച്ച്, ബാഗുകളും ചുമന്ന് യാത്രക്കാരുടെ ഇടയിലൂടെ പോകുന്ന മഞ്ജു ഇന്ന് ജയ്പൂര്‍ റെയില്‍വെ സ്റ്റേഷനിലെ സ്ഥിരം കാഴ്ചയാണ്.
മഞ്ജുവിന്റെ ഈ കഠിനാധ്വാനത്തെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം പ്രശംസിച്ചിട്ടുമുണ്ട്.

 

 

Comments

comments

Categories: FK News, Life, Motivation, Women