മോദിയുടെ നാല് വര്‍ഷം; ബാങ്കിംഗ് മേഖലയിലും ഡിജിറ്റല്‍ ഇടപാടുകളിലും ഉണ്ടായ മാറ്റങ്ങള്‍

മോദിയുടെ നാല് വര്‍ഷം; ബാങ്കിംഗ് മേഖലയിലും ഡിജിറ്റല്‍ ഇടപാടുകളിലും ഉണ്ടായ മാറ്റങ്ങള്‍

വിനിയോഗത്തിലുള്ള നോട്ടുകളുടെ മൂല്യം വര്‍ധിക്കുന്നത് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് തിരിച്ചടി

ന്യൂഡെല്‍ഹി: 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ അനധികൃത പണമിടപാടുകള്‍ നിയന്ത്രിക്കുന്നതിന് അതിവേഗ ഡിജിറ്റല്‍ പേമെന്റ് സംവിധാനമൊരുക്കുമെന്ന സൂചന നല്‍കിയിരുന്നു. ഭരണത്തിലേറി രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു. ചരിത്രപരമായ നോട്ട് അസാധുവാക്കല്‍ നയം നടപ്പാക്കികൊണ്ടായിരുന്നു അത്. ഇതോടെ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.
2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് വിനിമയത്തിലുള്ള 86 ശതമാനം നോട്ടുകളും അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് ഡിസംബറില്‍ ഡിജിറ്റല്‍ പണമിടപാടുകളുടെ എണ്ണം 957.5 മില്യണിലേക്കെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. എന്നാല്‍, വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണം നോട്ട് അസാധുവാക്കല്‍ നയത്തിനു മുന്‍പുള്ള അതേ തലത്തിലേക്ക് ക്രമാനുഗതമായി ഉയരാന്‍ തുടങ്ങിയതോടെ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തിലും കുത്തനെയുള്ള ഇടിവ് പ്രകടമായി തുടങ്ങിയിരുന്നു. പക്ഷെ, 2017 ഡിസംബറില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ ഒരു ബില്യണ്‍ എന്ന ചരിത്ര റെക്കോഡ് കുറിച്ചതായി കേന്ദ്ര ബാങ്കിന്റെ കണക്കുകള്‍ പറയുന്നു.

2017 ഡിസംബറില്‍ 1.06 ബില്യണ്‍ ഡിജിറ്റല്‍ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഇത് 4.73 ശതമാനം വര്‍ധിച്ച് 1.11 ബില്യണിലെത്തിയതായും കേന്ദ്ര ബാങ്ക് പറയുന്നു. സുരക്ഷിതമായി ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ (യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്) സംവിധാനം അവതരിപ്പിച്ചതും ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ വേഗം കൂട്ടി. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് ഇ-പേമെന്റ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന് ബാങ്കുകളെയും മറ്റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ മാസം 27,021 കോടി രൂപയുടെ 190 മില്യണ്‍ ഇടപാടുകളാണ് യുപിഐ പ്ലാറ്റ്‌ഫോമില്‍ നടന്നത്.
യുപിഐ ഇടപാടുകള്‍ക്ക് പുറമെ ക്രെഡിറ്റ്, ഡെബിറ്റ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റുകള്‍ തുടങ്ങിയവ വഴിയുള്ള ഇടപാടുകളിലും ഇക്കാലയളവില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. 2022 ഓടെ ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഒരു ട്രില്യണ്‍ ഡോളറിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ക്യൂആര്‍ കോഡ് വഴിയുള്ള പേമെന്റിനു പകരം വ്യാപാരികളെ ഭീം-യുപിഐ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാനും വാഹനങ്ങളില്‍ ഫാസ്റ്റാഗ് (ഓണ്‍ലൈനായി ടോള്‍ അടക്കാനുള്ള സംവിധാനം) നടപ്പാക്കുന്നത് പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ നോക്കുന്നുണ്ട്.

Comments

comments

Categories: Politics, Slider