ഐഡിയ-എടിസി ടവര്‍ ഇടപാടിന് ടെലികോം വകുപ്പിന്റെ അനുമതി

ഐഡിയ-എടിസി ടവര്‍ ഇടപാടിന് ടെലികോം വകുപ്പിന്റെ അനുമതി

വോഡഫോണ്‍- ഐഡിയ ലയനം അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കിയേക്കും

കൊല്‍ക്കത്ത: ഐഡിയ സെല്ലുലാറിന്റെ ടവറുകള്‍ അമേരിക്കന്‍ ടവര്‍ കോര്‍പ്പറേഷന്റെ (എടിസി) ഇന്ത്യന്‍ വിഭാഗത്തിന് വില്‍ക്കുന്നതിന് ടെലികോം വകുപ്പ് അനുമതി നല്‍കി. ഏകദേശം 9,000 സ്റ്റാന്‍ഡ്എലോണ്‍ ടവറുകളാണ് 4,000 കോടി രൂപയ്ക്ക് വില്‍ക്കുന്നത്. ഐഡിയക്ക് പുറമെ വോഡഫോണിന്റെ ടവറുകളും യുഎസ് കമ്പനി വാങ്ങുന്നുണ്ട്. ഇരു ടെലികോം കമ്പനികളുടെയും കൂടി ഏകദേശം 20,000 സ്റ്റാന്‍ഡ്എലോണ്‍ ടവറുകള്‍ 7,850 കോടി രൂപയ്ക്കാണ് എടിസി വാങ്ങുക. രണ്ട് ഘട്ടമായിട്ടായിരിക്കും വാങ്ങല്‍ പ്രക്രിയ. വോഡഫോണിന്റെ 10,926 ടവറുകള്‍ എടിസിക്ക് 3850 കോടി രൂപയ്ക്ക് വില്‍ക്കുന്നതിന് കഴിഞ്ഞ മാസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

വോഡഫോണ്‍ ഇന്ത്യയുമായുള്ള ലയനത്തിന് മുമ്പായി കമ്പനിയിലെ വിദേശ നിക്ഷേപം 100 ശതമാനമാക്കണമെന്നാവശ്യപ്പെട്ട് ഐഡിയ സമര്‍പ്പിച്ച അപേക്ഷയ്ക്ക് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോണും മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ ഐഡിയയും തമ്മിലുള്ള ലയനം അടുത്ത മാസത്തോടെ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഡിയ-വോഡഫോണ്‍ ലയനത്തിന് അനുമതി നല്‍കുന്നതിനുള്ള അന്തിമ ഘട്ടത്തിലാണ് ടെലികോം വകുപ്പെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ നേരത്തെ പറഞ്ഞിരുന്നു. ലയനത്തിന് സെബിയില്‍ നിന്നും നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ നിന്നും ഇരു കമ്പനികള്‍ക്കും ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനം അനുവദിക്കണമെന്ന ഐഡിയയുടെ അപേക്ഷയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷനും (ഡിഐപിപി) എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടില്ല. ഐഡിയയുടെ അപേക്ഷ നിലവില്‍ ടെലികോം മന്ത്രാലയത്തിന് കീഴിലേക്കാണ് ഡിഐപിപി കൈമാറ്റം ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ടെലികോം മന്ത്രാലയമാണ്.

ഏറ്റെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ ഏകദേശം 80,000 ടവറുകളാണ് എടിസിക്ക് ഇന്ത്യയിലുണ്ടാവുക. രാജ്യത്തെ മുന്‍നിര ടവര്‍ കമ്പനികളായ ഇന്‍ഡസ് ടവറിന് 1,23,000 ടവറുകളും ഭാരതി ഇന്‍ഫ്രാടെലിന് 91,000 ടവറുകളുമാണുള്ളത്. യുഎസിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടവര്‍ കമ്പനിയായ എടിസി തങ്ങളുടെ ഇന്ത്യന്‍ ടവര്‍ പോര്‍ട്ട്‌ഫോളിയോ ക്രമേണ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. 2016 സാമ്പത്തിക വര്‍ഷത്തില്‍ വിയോ നെറ്റ്‌വര്‍ക്‌സിന്റെ 51 ശതമാനം ഓഹരികള്‍ 7635 കോടി രൂപയ്ക്ക് എടിസി ഏറ്റെടുത്തിരുന്നു. എടിസിക്ക് തങ്ങളുടെ സ്റ്റാന്‍ഡ്എലോണ്‍ ടവറുകള്‍ വില്‍ക്കാന്‍ പോകുന്നുവെന്ന് കഴിഞ്ഞവര്‍ഷം നവംബറിലാണ് ഐഡിയയും വോഡഫോണും പ്രഖ്യാപിച്ചത്.

Comments

comments

Categories: Slider, Tech
Tags: Idea