താരിഫ് യുദ്ധം; ലാഭം നേടാനാകുക 2020 സാമ്പത്തിക വര്‍ഷത്തിലെന്ന്‌ ബിഎസ്എന്‍എല്‍

താരിഫ് യുദ്ധം; ലാഭം നേടാനാകുക 2020 സാമ്പത്തിക വര്‍ഷത്തിലെന്ന്‌ ബിഎസ്എന്‍എല്‍

2016-17 വര്‍ഷത്തില്‍ 4786 കോടി രൂപയായിരുന്നു ബിഎസ്എന്‍എലിന്റെ നഷ്ടം

ന്യൂഡെല്‍ഹി: വിപണിയിലെ ശക്തമായ മത്സരം മാര്‍ജിനുകളെ ദുര്‍ബലപ്പെടുത്തിയതിനാല്‍ നടപ്പു സാമ്പത്തിക വര്‍ഷം ലാഭമുണ്ടാക്കാനാകില്ലെന്നും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മാത്രമേ ലാഭത്തില്‍ എത്തിച്ചേരാനാകുകയുള്ളൂവെന്നും പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎഎസ്എന്‍എല്‍. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം നേടാനാകുമെന്നായിരുന്നു മുന്‍ നിഗമനം.
വിപണിയിലെ മാറ്റങ്ങളും താരിഫുകളിലെ ഇടിവും 2018-19 സാമ്പത്തിക വര്‍ഷത്തിലെ ലാഭ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അനുപം ശ്രീവാസ്തവ പറയുന്നു. വരും പാദങ്ങളില്‍ വരുമാനം സംരക്ഷിക്കുന്നതിന് എന്‍ര്‍പ്രൈസ് ബിസിനസ് വളര്‍ത്തുന്നതിലും ഉപഭോക്തൃ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി കമ്പനികള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയും വെല്ലുവിളികള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യമാണ് വിപണിയിലുള്ളത്.
രാജ്യത്തുടനീളം മൊബീല്‍, ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്ന (എംടിഎന്‍എന്‍ സേവനം നല്‍കുന്ന ഡെല്‍ഹിയിലും മുംബൈയിലും ഒഴികെ) ബിഎസ്എന്‍എല്‍ 2017-18 വര്‍ഷത്തെ സാമ്പത്തിക ഫലങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുഖ്യ എതിരാളികളായ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ നില കാര്യമായി മെച്ചപ്പെടുത്താതിരുന്ന സമയത്ത് ബിഎസ്എന്‍എലിന് വിപണി വിഹിതം നേടാന്‍ സാധിച്ചുവെന്ന് ശ്രിവാസ്തവ പറഞ്ഞു.
പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച കമ്പനികളില്‍ നിന്ന് ഉപയോക്താക്കളെ നേടാന്‍ ബിഎസ്എന്‍എലിന് സാധിച്ചു. വെല്ലുവിളികള്‍ നേരിടുന്ന വിപണിയില്‍ വരുമാനത്തില്‍ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഉപഭോക്തൃ വിഹണി വിഹിതം കൂടി ലക്ഷ്യമിടേണ്ടതുണ്ടെന്നും തങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും അപ്രകാരം പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നും ശ്രവാസ്തവ പറയുന്നു.
2016-17 വര്‍ഷത്തില്‍ 4786 കോടി രൂപയായിരുന്നു ബിഎസ്എന്‍എലിന്റെ നഷ്ടം. 2015-16 വര്‍ഷത്തില്‍ 4875 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. അതേസമയം 2014-15ല്‍ 8234 കോടി രൂപയെന്ന വന്‍ നഷ്ടമാണ് ബിഎസ്എന്‍എല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2016-17 ല്‍ ബിഎസ്എന്‍എലിന്റെ മൊത്തം വരുമാനം ഏകദേശം 32,000 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 28,000 കോടി രൂപയും ഇബിഐടിഡിഎ (പലിശ, നികുതി, മറ്റ് ചെലവുകള്‍ എന്നിവ മാറ്റി നിര്‍ത്തിയുള്ള വരുമാനം) ഏകദേശം 1,700 കോടി രൂപയായിരുന്നു.
2017-18 കാലയളവില്‍ സമാനമായ തുകയാണ് റിപ്പോര്‍ട്ട് ചെയ്യുകയെന്നും വിപണിയില്‍ മത്സരമുണ്ടെങ്കിലും ഇബിഐടിഡിഎ പോസിറ്റീവായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രിനിവാസന്‍ പറയുന്നു. കുറഞ്ഞ ചെലവിടലിന്റെ ഫലമായി അറ്റ നഷ്ടം കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Comments

comments

Categories: Business & Economy, Slider
Tags: Tariff