ആന്ധ്രയിലും തെലങ്കാനയിലും 1,387 കോടി രൂപ നിക്ഷേപിക്കാന്‍ ഐഒസി

ആന്ധ്രയിലും തെലങ്കാനയിലും 1,387 കോടി രൂപ നിക്ഷേപിക്കാന്‍ ഐഒസി

തെലുങ്ക് മണ്ണിലെ എണ്ണ നിക്ഷേപം

ആന്ധ്രപ്രദേശില്‍ 827 കോടി രൂപയും തെലങ്കാനയില്‍ 560 കോടി രൂപയും നിക്ഷേപിക്കാനാണ് പദ്ധതി

തെലങ്കാന/ഹൈദരാബാദ്: ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി അടുത്ത ഏതാനും വര്‍ഷങ്ങളില്‍ 1,387 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയിട്ട് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി). ഇരു സംസ്ഥാനങ്ങളിലും വ്യത്യസ്ത പദ്ധതികളുടെ നിര്‍മാണത്തിനായാണ് നിക്ഷേപം. ആന്ധ്രപ്രദേശില്‍ 827 കോടി രൂപയും തെലങ്കാനയില്‍ 560 കോടി രൂപയും നിക്ഷേപിക്കാനാണ് പരിപാടിയെന്ന് ഐഒസി (തെലങ്കാന, ആന്ധ്രപ്രദേശ്) എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ രാഹുല്‍ ഭരദ്വാജ് പറഞ്ഞു.

”നല്‍ഗൊണ്ടയില്‍ അത്യാധുനിക എണ്ണ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ 500 കോടി രൂപയുടെ നിക്ഷേപമാണ് ഞങ്ങള്‍ നടത്തുക. ഇതിനായി 67.33 ഏക്കര്‍ ഭൂമി നിലവില്‍ ഏറ്റെടുത്തിട്ടുണ്ട്. 10 ഏക്കര്‍ ഭൂമി കൂടി ഇതിനായി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളിലാണ് ഞങ്ങള്‍’- അദ്ദേഹം പറഞ്ഞു. ചെര്‍ലാപള്ളി, തിമ്മാപൂര്‍ ബോട്ടിലിംഗ് പ്ലാന്റുകളിലെ എല്‍പിജി ശേഷി വര്‍ധിപ്പിക്കാന്‍ 60 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനു സമീപം പുതിയ ടെര്‍മിനല്‍ നിര്‍മിക്കാന്‍ 60 ഏക്കര്‍ ഭൂമി ഏറ്റെടുത്തുവെന്നും പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ 320 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാനമായി ഗുണ്ടകലില്‍ പുതിയ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് 83 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 350 കോടി രൂപയായിരിക്കും ഈ പദ്ധതിക്കു വരുന്ന ചെലവ്. ഇതിനു പുറമേ ബ്രൗണ്‍ഫീല്‍ഡ് പദ്ധതികള്‍ക്കു കീഴില്‍ വിജയവാഡ ടെര്‍മിനലിന്റെ വിപുലീകരണ പ്രൊജക്റ്റും വിശാഖ് ടെര്‍മിനലിന്റെ നവീകരണ പ്രവര്‍ത്തനങ്ങളും കമ്പനി നടത്തുമെന്ന് ഐഒസി എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ അറിയിച്ചു.

4.55 ദശലക്ഷം മെട്രിക് ടണ്‍ ശേഷി വരുന്ന പാരദീപ്-ഹൈദരാബാദ് പൈപ്പ് ലൈന്‍ പദ്ധതിക്കായി വ്യത്യസ്ത സ്ഥലങ്ങളില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നടന്നു വരികയാണെന്നും മിക്കയിടങ്ങളിലും ഭൂമിയേറ്റെടുത്തു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രകാരം 2020 ഓടെ പാരദീപ്-വിശാഖ്-വിജയവാഡ-സൂര്യാപേട്ട്-ഹൈദരാബാദ് പൈപ്പ് ലൈന്‍ കമ്മീഷന്‍ ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തെലങ്കാന ട്രഷറിയിലേക്ക് 3,838 കോടി രൂപയും ആന്ധ്രപ്രദേശ് സര്‍ക്കാരിന് 3,171 കോടി രൂപയും കമ്പനി സംഭാവന ചെയ്തുവെന്ന് ഐഒസിയുടെ എക്‌സിക്യുട്ടീവ് ഡയറക്റ്ററും കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ബ്രാന്‍ഡിംഗിന്റെ ഓള്‍ ഇന്ത്യ തലവനുമായ സുബോധ് ദക്‌വാലേ പറഞ്ഞു.

 

Comments

comments

Categories: Business & Economy
Tags: fuel, Oil