ഇന്ധന വില വര്‍ധന വെല്ലുവിളി; പരിഷ്‌കരണ അജണ്ടകള്‍  പരീക്ഷണ ഘട്ടത്തിലെന്ന്‌ ക്രിസില്‍

ഇന്ധന വില വര്‍ധന വെല്ലുവിളി; പരിഷ്‌കരണ അജണ്ടകള്‍  പരീക്ഷണ ഘട്ടത്തിലെന്ന്‌ ക്രിസില്‍

തൊഴിലില്ലായ്മ വളര്‍ച്ച സംബന്ധിച്ച ആശങ്കകള്‍ രാജ്യത്ത് നിലനില്‍ക്കുന്നു

ന്യൂഡെല്‍ഹി: രാജ്യാന്തര വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസസരിച്ച് രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നത് കറന്റ് എക്കൗണ്ട് കമ്മിയിലും ഉപഭോക്തൃ വില വര്‍ധനയിലും സമ്മര്‍ദം ചെലുത്തുന്നതിനൊപ്പം നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് റേറ്റിംഗ് സംരംഭമായ ക്രിസിലിന്റെ റിപ്പോര്‍ട്ട്. മോദി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങളെല്ലാം അതിന്റെ പുരോഗമന ഘട്ടത്തിലാണ്. എന്നാല്‍, ഭരണത്തിന്റെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കാനിരിക്കെ പരിഷ്‌കരണ അജണ്ടകള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ വെല്ലുവിളി അഭിമുഖീകരിക്കുമെന്നും നടപ്പു സാമ്പത്തിക വര്‍ഷം ഇവ യഥാര്‍ത്ഥ പരീക്ഷണ ഘട്ടത്തിലാണെന്നുമാണ് ക്രിസില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്‍ഡിഎ സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷം പ്രതിസന്ധികളും പരിഷ്‌കരണങ്ങളും മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും ഇടചേര്‍ന്നതായിരുന്നുവെന്ന് ക്രിസില്‍ നിരീക്ഷിക്കുന്നു. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലും ഉയര്‍ന്ന നികുതി വരുമാനം നേടുന്നതിലും പുരോഗതി കൈവരിക്കാന്‍ ഇക്കാലയളവില്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. അതേസമയം, തൊഴില്‍, നിക്ഷേപം, മാനുഫാക്ച്ചറിംഗ്, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ പ്രധാന മേഖലകളില്‍ കാര്യമായ പുരോഗതിയൊന്നും സര്‍ക്കാരിന് അവകാശപ്പെടാനില്ലെന്നും ക്രിസില്‍ പറയുന്നു.

സാമ്പത്തിക വളര്‍ച്ച പ്രേത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള നടപടികള്‍ ഹ്രസ്വകാല നേട്ടങ്ങളെ അവഗണിച്ചുകൊണ്ടുള്ളതായിരുന്നു. ഇതില്‍ ഭൂരിഭാഗം പരിഷ്‌കരണങ്ങളും (നികുതി പരിഷ്‌കരണം, ഊര്‍ജമേഖലലയിലെ പരിഷ്‌കരണം, പാപ്പരത്ത നിയമം തുടങ്ങിയവ) ഇടക്കാല-ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫലം പ്രതീക്ഷിക്കുന്നവയാണെന്നും ക്രിസില്‍ ചൂണ്ടിക്കാട്ടി. അതേസമയം, നാല് വര്‍ഷത്തിനിടെ ബൃഹത് സാമ്പത്തിക ഘടകങ്ങളില്‍ പുരോഗതി നിരീക്ഷിക്കാനായിട്ടുണ്ടെന്ന് ക്രിസില്‍ പറയുന്നു.

2014 മുതലുള്ള നാല് വര്‍ഷത്തെ ഇന്ത്യയുടെ ശരാശരി ജിഡിപി വളര്‍ച്ച 7.3 ശതമാനമാണ്. ബ്രിക്‌സ് രാഷ്ട്രങ്ങളില്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണകൊറിയ) ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണിത്. പക്ഷെ, മുന്‍ ദശാബ്ദത്തിലെ 7.6 ശതമാനം ശരാശരി വളര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ വളര്‍ച്ചയാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യക്കുണ്ടായത്. 2012-2013 സാമ്പത്തിക വര്‍ഷം 4.8 ശതമാനമായിരുന്ന ഇന്ത്യയുടെ ധനക്കമ്മി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.5 ശതമാനമായി ചുരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കറന്റ് എക്കൗണ്ട് കമ്മി ഇക്കാലയളവില്‍ 3.6 ശതമാനത്തില്‍ നിന്നും 1.9 ശതമാനമായും പണപ്പെരുപ്പം 9.5 ശതമാനത്തില്‍ നിന്ന് 3.6 ശതമാനമായും ചുരുങ്ങിയിട്ടുണ്ടെന്ന് ക്രിസില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.

ആഗോള തലത്തില്‍ മികച്ച മത്സരക്ഷമത നിലനിര്‍ത്തുകയും ലോക ബിസിനസ് റാങ്കിംഗില്‍ നില മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ബിസിനസ് വികാര സൂചികയില്‍ കാര്യമായ ചലനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ക്രിസിലിന്റെ നിരീക്ഷണം. കാര്‍ഷികേതര മേഖലകളില്‍ കണ്‍സ്ട്രക്ഷന്‍, മാനുഫാക്ച്ചറിംഗ് രംഗത്തെ പ്രകടനം മോശം തലത്തിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങളുടെ ആഘാതങ്ങളില്‍ നിന്നും സമ്പദ്‌വ്യവസ്ഥ ക്രമേണ കരകയറുന്നുണ്ടെങ്കിലും തൊഴിലില്ലായ്മ വളര്‍ച്ച സംബന്ധിച്ച ആശങ്കകള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നും ക്രിസില്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy, Slider
Tags: fuel price