ആസിയാന്‍ വഴി ചൈനീസ് ഫോണുകള്‍ എത്തുന്നുവെന്ന് മൊബീല്‍ സംഘടന

ആസിയാന്‍ വഴി ചൈനീസ് ഫോണുകള്‍ എത്തുന്നുവെന്ന് മൊബീല്‍ സംഘടന

സര്‍ക്കാരിന്റെ വരുമാനത്തെയും മേക്ക് ഇന്‍ ഇന്ത്യ ലക്ഷ്യങ്ങളെയും ബാധിക്കുമെന്ന് നിരീക്ഷണം

ന്യൂഡെല്‍ഹി: വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്ക് മൊബീല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്ത് കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്താന്‍ സാധ്യതയുണ്ടെന്ന് മൊബീല്‍ ഹാന്‍ഡ്‌സെറ്റ് സംഘടനയായ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചു. മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിനും അനുബന്ധ നിക്ഷേപങ്ങള്‍ക്കും ഇത് ദോഷകരമാണെന്നും സംഘടന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളുടെ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടുന്നത്. ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പൂര്‍ണമായി നിര്‍മിച്ച മൊബീല്‍ ഫോണുകള്‍ക്ക് നികുതി ഈടാക്കില്ലെന്ന സാധ്യത സംബന്ധിച്ച് ധനകാര്യ മന്ത്രാലയത്തിന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കുന്ന നടപടിയാണിതെന്നും ഇത്തരം നീക്കങ്ങള്‍ക്ക് മേല്‍ അടിയന്തരമായ പരിശോധന നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് റവന്യു സെക്രട്ടറി ഹസ്മുഖ് അദിയക്ക് സംഘടന കത്ത് അയച്ചിട്ടുണ്ട്.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മൊബീല്‍ ഫോണുകളില്‍ വളരെ കുറച്ച് മാത്രമാണ് ആസിയാന്‍ രാജ്യങ്ങളില്‍ നിര്‍മിക്കുന്നതെന്നും ചൈനയില്‍ നിന്നുള്ളവയാണ് ഇവയില്‍ കൂടുതലെന്നും ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പങ്കജ് മൊഹീന്ദ്രോ പറയുന്നു. ഫോണുകളുടെ മൂന്നില്‍ രണ്ട് ഘടകങ്ങളും നിര്‍മിക്കുന്നത് ചൈനയിലാണെന്നും ഇവയെല്ലാം കൂട്ടിച്ചേര്‍ത്ത് ഫോണ്‍ നിര്‍മിക്കുന്നത് മാത്രമാണ് ആസിയാന്‍ രാജ്യങ്ങളില്‍ കൂടുതലായി നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശത്ത് നിന്നുള്ള മൊബൈല്‍ ഫോണുകളുടെ കസ്റ്റംസ് തീരുവ 20 ശതമാനമാക്കി സര്‍ക്കാര്‍ അടുത്തിടെ ഉയര്‍ത്തിയിരുന്നു. സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) അനുസരിച്ചുള്ള നികുതി ഇളവ് ആസിയാനില്‍ നിന്നുള്ള ഫോണുകള്‍ക്ക് നല്‍കുന്നതിലൂടെ ഇന്ത്യന്‍ വ്യവസായത്തിന്റെ വികസനത്തില്‍ ഗുരുതരമായ വിട്ടുവീഴ്ച ചെയതെന്ന് കൂടിയാണ് അര്‍ത്ഥമാക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.
ചില ഇറക്കുമതികള്‍ സാധാരണയായി വിമാനം വഴിയാണ് വരാറുള്ളത് എന്നതിനാല്‍ സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ഹാനോയ്,സൈഗോണ്‍, ജക്കാര്‍ത്ത,ബാങ്കോക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ഫ്‌ളൈറ്റ് ഡാറ്റ പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ആസിയാന്‍ രാജ്യങ്ങളായ സിംഗപ്പൂര്‍,മാലേഷ്യ, ഇന്തോനേഷ്യ,ഫിലിപ്പൈന്‍സ്,തായ്‌ലന്‍ഡ്, മ്യാന്‍മര്‍,ലാവോസ്,കംബോഡിയ,വിയറ്റ്‌നാം, ബ്രൂണൈ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടിട്ടുള്ളത്. ആസിയാനില്‍ നിര്‍മിച്ച ഡിവൈസുകളാണ് ഇവയെന്ന് കയറ്റുമതി ചെയ്യുന്ന രാജ്യത്തെ സര്‍ക്കാര്‍ നിയുക്ത ഏജന്‍സിയാണ് സാക്ഷ്യപ്പെടുത്തുക.

Comments

comments

Categories: Tech