ഹ്യുണ്ടായ് ഐ20 സിവിടി പുറത്തിറക്കി

ഹ്യുണ്ടായ് ഐ20 സിവിടി പുറത്തിറക്കി

ഇന്ത്യ എക്‌സ് ഷോറൂം വില 7.04 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് എലീറ്റ് ഐ20 സിവിടി ഇന്ത്യയില്‍ അവതരിപ്പിച്ചു. മാഗ്ന, ആസ്റ്റ എന്നീ രണ്ട് വേരിയന്റുകളില്‍ ഐ20 സിവിടി ലഭിക്കും. മാഗ്ന വേരിയന്റിന് 7.04 ലക്ഷം രൂപയും ആസ്റ്റ വേരിയന്റിന് 8.16 ലക്ഷം രൂപയുമാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. ഈ മാസമാദ്യം ബുക്കിംഗ് ആരംഭിച്ചിരുന്നു. വൈകാതെ ഡെലിവറി തുടങ്ങും.

പെട്രോള്‍ മാന്വല്‍ വേരിയന്റുകളേക്കാള്‍ ഏകദേശം ഒരു ലക്ഷം രൂപ കൂടുതലാണ് ഐ20 ഓട്ടോമാറ്റിക്കിന്റെ വില. മാരുതി സുസുകി ബലേനോ, ഹോണ്ട ജാസ് ഉള്‍പ്പെടെയുള്ള എതിരാളികളേക്കാള്‍ വിലക്കുറവിലാണ് ഹ്യുണ്ടായ് ഐ20 സിവിടി വിപണിയിലെത്തുന്നത്. മാന്വല്‍ വേര്‍ഷനിലെ എല്ലാ ഫീച്ചറുകളും പുതിയ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റില്‍ നല്‍കിയിരിക്കുന്നു.

2018 ഹ്യുണ്ടായ് ഐ20 ഉപയോഗിക്കുന്ന അതേ 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായാണ് കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (സിവിടി) നല്‍കിയിരിക്കുന്നത്. 83 ബിഎച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 2018 ഹ്യുണ്ടായ് ഐ20 ഫേസ്‌ലിഫ്റ്റ് അടിസ്ഥാനമാക്കി വരുന്ന സിവിടി വേരിയന്റുകളില്‍ പുതിയ കാസ്‌കേഡിംഗ് ഗ്രില്‍, പരിഷ്‌കരിച്ച ബംപര്‍, സ്‌മോക്ക്ഡ് ഹെഡ്‌ലാംപുകള്‍ എന്നിവ കാണാം. ആസ്റ്റ വേരിയന്റിന് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ലഭിച്ചു.

പുതിയ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, ഡുവല്‍ ടോണ്‍ ബംപര്‍ എന്നിവയാണ് മാറ്റങ്ങള്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം പുതിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ ആംറെസ്റ്റ്, ആര്‍കാമിസ് പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവ ഹ്യുണ്ടായ് ഐ20 ഓട്ടോമാറ്റിക്കിന്റെ കാബിന്‍ ഫീച്ചറുകളാണ്. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവ രണ്ട് വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്.

മാരുതി സുസുകി ബലേനോ, ഹോണ്ട ജാസ് ഉള്‍പ്പെടെയുള്ള എതിരാളികളേക്കാള്‍ വിലക്കുറവിലാണ് ഹ്യുണ്ടായ് ഐ20 സിവിടി വരുന്നത്

ദക്ഷിണ കൊറിയന്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം, പ്രീമിയം കോംപാക്റ്റ് ഹാച്ച്ബാക്ക് സെഗ്‌മെന്റ് ഓരോ വര്‍ഷം കഴിയുന്തോറും വളരുകയാണ്. 2014 ല്‍ 4.5 ശതമാനമായിരുന്നു വില്‍പ്പനയെങ്കില്‍ 2017 ല്‍ 13 ശതമാനമായി വര്‍ധിച്ചു. ഈ സെഗ്‌മെന്റിലെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില്‍പ്പന 2014 ലെ നാല് ശതമാനത്തില്‍നിന്ന് 2018 ല്‍ 14 ശതമാനമായും വര്‍ധിച്ചു.

Comments

comments

Categories: Auto