നിപാ ഭീതിയില്‍ ആശുപത്രികളും: സാധാരണ പനി ബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നതായി പരാതി

നിപാ ഭീതിയില്‍ ആശുപത്രികളും: സാധാരണ പനി ബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നതായി പരാതി

കോഴിക്കോട്: കേരളം നിപ വൈറസ് ഭീതിയിലാണ്. വൈറസ് പകരുന്നതോടെ അസുഖം പിടിപെടാമെന്നതിനാല്‍ ആശുപത്രികളും നിപ ഭീതിയിലാണ്. വൈറല്‍ പനി ബാധിച്ചെത്തുന്നവര്‍ക്ക് നിപ വൈറസ് ഭീതിയില്‍ ചികിത്സ നിഷേധിക്കുന്നതായി പരാതി. പനിയാണന്ന് പറഞ്ഞ് എത്തുന്നവരെ ജീവനക്കാര്‍ ഭീതിയോടെ അകറ്റി നിര്‍ത്തുകയും ചികിത്സ നിഷേധിക്കുകയും ചെയ്തുവെന്നാണ് പരാതികള്‍.

നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ പനി ബാധിച്ചെത്തിയ രോഗിയെ പരിചരിക്കാന്‍ കഴിയില്ലെന്നും മെഡിക്കല്‍ കോളേജിലേക്ക് പോകാനും നിര്‍ദ്ദേശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. രോഗി ആശുപത്രി വിട്ടതോടെ ആശുപത്രി പരിസരം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രോഗം പേരാമ്പ്ര മേഖലയില്‍ നിന്നും ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിനാല്‍
ഈ മേഖലയിലുള്ളവര്‍ കടുത്ത വിവേചനവും അവഗണനയുമാണ് ജോലി സ്ഥാപനങ്ങളില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും നേരിടേണ്ടി വരുന്നത്. യാത്രക്കാരെ ബസുകളില്‍ പോലും കയറ്റുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ഇതിനിടെയാണ് സാധാരണ പനി ബാധിച്ചവരെ പോലും തഴയുന്ന സമീപനം ചില സ്വകാര്യ ആശുപത്രികള്‍ കൈകൊള്ളുന്നത്. പനി ബാധിച്ചവരെ ഒറ്റപ്പെടുത്തുന്നുവെന്ന പരാതിയും വ്യാപകമാണ്. നിപാ ലക്ഷണങ്ങളോടെയുള്ളവര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളതിനാല്‍ പനി വന്നാല്‍ ചികിത്സിക്കാന്‍ പോകാന്‍ പോലും ജനങ്ങള്‍ക്ക് ഭയമാണ്.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പനി ക്ലിനിക്കുകള്‍ ഉള്‍പ്പെടെ ആരംഭിച്ചിട്ടുണ്ടെങ്കിലും നിപ വൈറസ് വ്യാപിക്കാന്‍ കാരണമായത് ആശുപത്രികളാണന്ന വ്യാജപ്രചരണം വിശ്വസിച്ച് പലരും മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും താത്കാലിക പനി മരുന്നുകള്‍ വാങ്ങി കഴിക്കുന്ന പ്രവണതയും വര്‍ധിക്കുന്നുണ്ട്.

 

 

 

Comments

comments

Categories: FK News, Health, Slider
Tags: Calicut, Nipah