പരിഷ്‌കരണം; തൊഴില്‍ നിയമത്തില്‍ യുഎഇ മാറ്റം വരുത്തുന്നു

പരിഷ്‌കരണം;  തൊഴില്‍ നിയമത്തില്‍ യുഎഇ മാറ്റം വരുത്തുന്നു

 

സ്വകാര്യ മേഖലയിലെ തൊഴില്‍ ശക്തിയില്‍ 5 ശതമാനം എമിറാറ്റികള്‍ തന്നെയായിരിക്കണം. യുഎഇയുടെ മൊത്തം തൊഴില്‍ ശക്തിയില്‍ ആറ് ശതമാനവും എമിറാറ്റികള്‍ ആകണം

ദുബായ്: എണ്ണയുഗത്തില്‍ നിന്ന് പുറത്തുകടക്കുന്ന യുഎഇ തൊഴില്‍ നിയമത്തിലും അതിനനുസരിച്ച മാറ്റം കൊണ്ടുവരുന്നു. യുഎഇ നേതൃത്വത്തിനും പൗരന്മാര്‍ക്കും സ്വകാര്യമേഖലയ്ക്കും അനുയോജ്യമായ തരത്തില്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി നാസര്‍ ബിന്‍ തനി അല്‍ ഹമേലി പറഞ്ഞു.

എന്ന് മുതലാണ് പുതിയ നിയമം നടപ്പാക്കുകയെന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. സ്വകാര്യ മേഖലയിലെ തൊഴില്‍ ശക്തിയില്‍ 5 ശതമാനം എമിറേറ്റികള്‍ തന്നെയായിരിക്കണം. യുഎഇയുടെ മൊത്തം തൊഴില്‍ ശക്തിയില്‍ ആറ് ശതമാനവും എമിറേറ്റികള്‍ ആകണം എന്ന ലക്ഷ്യത്തിലധിഷ്ഠിതമായിട്ടായിരിക്കും പരിഷ്‌കരണങ്ങള്‍.

2017ല്‍ സ്വകാര്യമേഖലയില്‍ 6,862 എമിറാറ്റികള്‍ക്കാണ് ജോലി ലഭിച്ചത്. 2016നെ അപേക്ഷിച്ച് 22 ശതമാനം വര്‍ധന. 5,608 എമിറാറ്റികള്‍ക്കായിരുന്നു 2016ല്‍ സ്വകാര്യ മേഖലയില്‍ ജോലി ലഭിച്ചത്‌

എണ്ണ-ഇതര സാമ്പത്തിക യുഗത്തിലെ സാമ്പത്തിക, സാമൂഹ്യ പദ്ധതികള്‍ക്ക് അനുസൃതമായിട്ടായിരിക്കും പുതിയ തൊഴില്‍ നിയമങ്ങള്‍ എന്ന് അല്‍ ഹമേലി വ്യക്തമാക്കി. 2021 ആകുമ്പോഴേക്കും വ്യക്തമായ ലക്ഷ്യങ്ങളാണ് യുഎഇ തൊഴില്‍ രംഗത്ത് നിര്‍വചിച്ചിരിക്കുന്നത്. എമിറാറ്റി തൊഴില്‍ ശക്തിയുടെ 50 ശതമാനത്തോളം സ്വകാര്യമേഖലയില്‍ തന്നെ വിന്യസിക്കുയെന്നതാണ് പ്രധാനമായും ഉന്നമിടുന്നത്.

2,000 സ്വകാര്യ കമ്പനികളിലെ തെരഞ്ഞെടുത്ത 400 പ്രൊഫഷനുകളിലേക്ക് റിക്രൂട്ടിംഗ് നടത്തുമ്പോള്‍ എമിറാറ്റികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും അല്‍ ഹമേലി വ്യക്തമാക്കി. എമിററ്റൈസേഷന്‍ നയങ്ങള്‍ നടപ്പാക്കുന്നതിനായി പുതിയ നിമയങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും യുഎഇ ആലോചിച്ചേക്കും.

യോഗ്യതയുള്ള എമിറാറ്റികള്‍ക്കായിരിക്കണം സ്വകാര്യ കമ്പനികള്‍ റിക്രൂട്ട്‌മെന്റില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ഹ്യൂമണ്‍ റിസോഴ്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എമിറാറ്റികളല്ലാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കും മുമ്പ് കമ്പനികള്‍ നിര്‍ബന്ധമായും ഇത് പരിഗണിക്കേണ്ടി വന്നേക്കും.

തന്ത്രപരമായ സാമ്പത്തിക മേഖലകളില്‍ 15,000 എമിറാറ്റികള്‍ക്ക് ഈ വര്‍ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് അല്‍ ഹമേലി വ്യക്തമാക്കിയത്. 2017ല്‍ സ്വകാര്യമേഖലയില്‍ 6,862 എമിറാറ്റികള്‍ക്കാണ് ജോലി ലഭിച്ചത്. 2016നെ അപേക്ഷിച്ച് 22 ശതമാനം വര്‍ധന. 5,608 എമിറാറ്റികള്‍ക്കായിരുന്നു 2016ല്‍ സ്വകാര്യ മേഖലയില്‍ ജോലി ലഭിച്ചത്.

Comments

comments

Categories: Arabia
Tags: Dubai