അരിയില്‍ പോഷകഗുണം കുറയുന്നു

അരിയില്‍ പോഷകഗുണം കുറയുന്നു

ലണ്ടന്‍: അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് ഉയരുന്നത്, ഭൂമിയെ ചൂട് പിടിപ്പിക്കുമെന്നു മാത്രമല്ല, അവ നമ്മളുടെ പ്രധാന വിളകളുടെ പോഷകഗുണം നഷ്ടപ്പെടുത്തുമെന്നും പഠനം തെളിയിക്കുന്നു. ഏറ്റവും പുതിയ പഠനമനുസരിച്ച് കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അന്തരീക്ഷത്തിലെ തോത് വര്‍ധിക്കുന്നത് അരിയില്‍ പോഷകഗുണം നഷ്ടമാകാന്‍ കാരണമാകുമെന്നാണ്. ലോകത്ത്, പലരാജ്യങ്ങളിലും പ്രധാന ഭക്ഷണമാണ് അരി. എന്നാല്‍ അരിയില്‍ പോഷകഗുണം കുറയുന്നത്, കോടിക്കണക്കിന് വരുന്ന ആളുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും പഠനം പറയുന്നു. ബംഗ്ലാദേശ്, മഡഗാസ്‌കര്‍ തുടങ്ങിയ രാജ്യങ്ങളെയായിരിക്കും ഏറ്റവുമധികം ബാധിക്കുക. ലോകത്ത് ഏകദേശം 200 കോടി ജനങ്ങള്‍ക്ക് അരി പ്രധാന ഭക്ഷണമാണ്. ബുധനാഴ്ച സയന്‍സ് അഡ്‌വാന്‍സസ് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് അരിക്ക് ഭീഷണിയാകുന്ന കാര്യങ്ങളെ കുറിച്ചു വിശദീകരിച്ചിരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനത്തിന്റെ മുഖ്യകാരണങ്ങളിലൊന്നാണു ഹരിതഗൃഹ വാതകം. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഗ്രീന്‍ഹൗസ് ഗ്യാസുകളിലൊന്നാണ്. ഇവയുടെ സാന്നിധ്യത്തില്‍ നെല്ല് വളരുമ്പോള്‍ പ്രധാന വിറ്റാമിനുകള്‍ നഷ്ടമാവുകയാണെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിനെതിരേ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മനുഷ്യന്റെ ആരോഗ്യത്തിനു ദോഷകരമായി തീരുമെന്നു യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ചര്‍ ക്രിസ്റ്റി എബി പറഞ്ഞു. പഠനം നടത്തിയ സംഘത്തില്‍ ഇദ്ദേഹവുമുണ്ടായിരുന്നു. ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലാണു ഗവേഷണം സംഘടിപ്പിച്ചത്. 2010 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 18 ഇനം നെല്ല് പഠനത്തിനു വിധേയമാക്കിയിരുന്നു.

 

Comments

comments

Categories: Health