നിപ്പ, കൂടുതല്‍ ജാഗ്രത പുലര്‍ത്തണം

നിപ്പ, കൂടുതല്‍ ജാഗ്രത പുലര്‍ത്തണം

കോഴിക്കോട് പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഉചിതമായ തീരുമാനമാണ്. ജാഗ്രതയോടെ സമീപിച്ചില്ലെങ്കില്‍ നിപ്പ ഇനിയും കൈവിട്ടുപോകും. യുക്തിപരമായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് വേണ്ടത്

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികില്‍സയിലായിരുന്ന ഒരു യുവതിക്ക് കൂടി ഇന്നലെ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി. 11 പേര്‍ ഇതിനടോകം മരണം ഏറ്റുവാങ്ങുകയും ചെയ്തു. മലയാളിയെ മുള്‍മുനയില്‍ നിര്‍ത്തി പിടി തരാതെ പോകുകയാണ് നിപ്പ. വിവേകത്തോടെ, പരിഭ്രാന്തരാകാതെ ഇതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. അതില്‍ കൃത്യമായ ആശയവിനിമയത്തിനും സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്കും പ്രാധാന്യമുണ്ട്.

കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് മേയ് 31 വരെ വിലക്കേര്‍പ്പെടുത്തിയ നടപടി ഉചിതമായി. യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍ തുടങ്ങിയ പരിപാടികളെല്ലാം നിര്‍ത്തിവെക്കാനാണ് കളക്റ്റര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് മാത്രമല്ല കല്ല്യാണങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ വലിയ തോതില്‍ നടത്തുന്നതില്‍ നിന്നും വിട്ട് നില്‍ക്കുന്നതാണ് ഉചിതം. രോഗം ഉണ്ടെന്ന് സംശയിക്കുന്നവര്‍ അത് തുറന്ന് പറയാനും അവരില്‍ നിന്ന് മറ്റുള്ളവര്‍ കൃത്യമായ അകലം പാലിക്കാനും യാതൊരുവിധ സങ്കോചവുമില്ലാതെ തയാറാകണം.

നിലവിലെ അവസ്ഥയില്‍ വൈറസ് പടരാതിരിക്കാന്‍ ആവതും ചെയ്യുകയെന്നതാണ് പ്രധാനം, പ്രത്യേകിച്ചും വൈറസിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനാകത്ത സ്ഥിതിക്ക്. ഇപ്പോള്‍ പരിമിതമാണ് വൈറസ് ബാധ ഏറ്റവരുടെ എണ്ണം. ഇത് കൂടുന്നത് തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാണ്.

1998ല്‍ മലേഷ്യയില്‍ ആദ്യമായി കണ്ടെത്തിയത് മുതല്‍ ഇന്നു വരെ ഏതാണ്ട് 550 പേരെ മാത്രമാണ് ഈ രോഗം ബാധിച്ചിട്ടുള്ളത്. എന്നാല്‍ അതില്‍ 260 പേര്‍ മരിച്ചുവെന്നത് ഈ രോഗത്തിന്റെ മരണനിരക്കിന്റെ തീവ്രത വ്യക്തമാക്കുന്നു. മലേഷ്യയില്‍ 105 പേരാണ് മരിച്ചത്. എന്നാല്‍ സിംഗപ്പൂരില്‍ മരണം 11 പേരില്‍ ഒതുങ്ങി. അവരെടുത്ത സുരക്ഷാ ക്രമീകരണങ്ങളുടെ നിലവാരം കൊണ്ടാകാം.

ഇന്ത്യയില്‍ ആദ്യമായി പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ ഈ വൈറസ് ബാധ 66 പേരെയാണ് ബാധിച്ചത്, അതില്‍ 45 പേര്‍ മരിക്കുകയും ചെയ്തു. പറഞ്ഞുവന്നത് ഈ വൈറസിന്റെ മരണനിരക്കിന്റെ തീവ്രതയെക്കുറിച്ചാണ്. വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യനില്‍നിന്ന് മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള അസുഖമായാണ് ഇതിനെ കണക്കാക്കുന്നത്. കേരളത്തില്‍ ഈ അസുഖത്തിന്റെ ഉറവിടം വവ്വാലുകള്‍ ആണോയെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും മുന്‍അനുഭവങ്ങള്‍ വെച്ച് പലരും വിരല്‍ ചൂണ്ടുന്നത് വവ്വാലിലേക്ക് തന്നെയാണ്.

ശരീരദ്രവങ്ങളിലൂടെ പകരുന്ന അസുഖമാണിത്. അതുകൊണ്ടുതന്നെ വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച ഫലങ്ങളിലൂടെ പകരുകയും ചെയ്യാം. ഇതൊരു ശക്തമായ സാധ്യതയാണ്. ഈ സാഹചര്യത്തില്‍ വവ്വാലുകള്‍ കഴിച്ച ഫലം കഴിച്ചുവെന്ന് അവകാശപ്പെട്ട് അതിന്റെ വിഡിയോ എല്ലാം പ്രചരിപ്പിക്കുന്നത് വിവേചന ബുദ്ധിക്ക് ചേരാത്ത ഏര്‍പ്പാടാണ്. ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ മാത്രമേ ഇതെല്ലാം ഉപകരിക്കൂ. ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കൃത്യമായ നിലപാടെടുക്കുന്നത് സ്വാഗതാര്‍ഹമാണ്. സാമാന്യയുക്തിക്ക് നിരക്കുന്ന, ഈ ഭയാനക വൈറസ് വ്യാപിക്കുന്നതിനെ പ്രതിരോധിക്കാന്‍ സഹായകമാകുന്ന കാര്യങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ പ്രസക്തിയുള്ളൂ.

Comments

comments

Categories: Editorial, Slider
Tags: Nipah Virus