പിഎംടി എണ്ണപ്പാട തര്‍ക്കം ; ആര്‍ഐഎല്ലും ഷെല്ലും ഒഎന്‍ജിസിയും 3.8 ബില്യണ്‍ ഡോളര്‍ നല്‍കണമെന്ന് സര്‍ക്കാര്‍

പിഎംടി എണ്ണപ്പാട തര്‍ക്കം ; ആര്‍ഐഎല്ലും ഷെല്ലും ഒഎന്‍ജിസിയും 3.8 ബില്യണ്‍ ഡോളര്‍ നല്‍കണമെന്ന് സര്‍ക്കാര്‍

 

ന്യൂഡെല്‍ഹി: പന്ന-മുക്ത, തപ്തി (പിഎംടി) എണ്ണപ്പാടങ്ങളില്‍ നിന്നുള്ള സര്‍ക്കാരിന്റെ വര്‍ധിച്ച വിഹിതമെന്ന നിലയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും റോയല്‍ ഡച്ച് ഷെല്ലും ഒഎന്‍ജിസിയും ചേര്‍ന്ന് 3.8 ബില്യണ്‍ ഡോളര്‍ നല്‍കണമെന്ന് കേന്ദ്ര എണ്ണ മന്ത്രാലയം ഉത്തരവിട്ടു. പിഎംടി എണ്ണ-വാതക പാടങ്ങളിലെ തങ്ങളുടെ പങ്കാളിത്തത്തിന് ആനുപാതികമായിട്ടായിരിക്കും കമ്പനികള്‍ ഈ ബാധ്യത ഏറ്റെടുക്കുക.
മുംബൈ തീരത്തുള്ള പിഎംടി എണ്ണപ്പാടത്തില്‍ 40 ശതമാനം പങ്കാളിത്തമാണ് ഒഎന്‍ജിസിക്കുള്ളത്. 30 ശതമാനം വീതം പങ്കാളിത്തം ആര്‍ഐഎല്ലിനും റോയല്‍ ഡച്ച് ഷെല്ലിനുമുണ്ട്. ഇതുസരിച്ചുള്ള വിഹിതം കമ്പനികള്‍ സര്‍ക്കാരിലേക്ക് അടക്കേണ്ടി വരും. പിഎംടി എണ്ണപ്പാടവുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലില്‍ നിന്നും അനുകൂല ഉത്തരവ് ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ അധിക ലാഭവിഹിതമെന്ന നിലയില്‍ 3.9 ബില്യണ്‍ ഡോളര്‍ സര്‍ക്കാരിലേക്ക് അടയ്ക്കണമെന്ന് കഴിഞ്ഞ വര്‍ഷം മേയില്‍ ധനമന്ത്രാലയം ഉത്തരവിട്ടിരുന്നു. ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ വിധിക്കെതിരേ യുകെ കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണെന്ന മറുപടിയാണ് കമ്പനികള്‍ നല്‍കിയത്. ഈ അപ്പീലുകളും തള്ളിയതോടെയാണ് ധനമന്ത്രാലയം പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
ഈ ഘട്ടത്തില്‍ പേമെന്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് അനവസരത്തിലുള്ളതാണെന്നും കേസില്‍ ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും റിലയന്‍സും ഷെല്ലും പ്രത്യേകം ആരോപിച്ചു. പന്ന-മുക്ത, തപ്തി എണ്ണപ്പാടങ്ങളില്‍ നിന്നുള്ള പെട്രോളിയം ലാഭം, റോയല്‍റ്റി എന്നിവയിന്മേലാണ് സര്‍ക്കാരും എണ്ണ കമ്പനികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ഇതേ തുടര്‍ന്ന് 2010 ഡിസംബറിലാണ് റിലയന്‍സും ബിജിയും (ഷെല്‍ ഏറ്റെടുത്തു) ചേര്‍ന്ന് സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര തര്‍ക്ക പരിഹാര സമിതിയെ (ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍) സമീപിച്ചത്. എണ്ണപ്പാടങ്ങളില്‍ നിന്നുള്ള ലാഭം കമ്പനികളുടെ മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ കൂടി ഉള്‍പ്പെടുത്തി കണക്കാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കരാറില്‍ രേഖപ്പെടുത്തിയിട്ടുള്ള സാങ്കല്‍പ്പിക നികുതി നിരക്കായ 50 ശതമാനം കുറയ്ക്കുന്നതിനു പകരം യഥാര്‍ത്ഥത്തില്‍ അടച്ച നികുതി നിരക്കായ 33 ശതമാനം കുറച്ചാണ് ലാഭം കണക്കാക്കേണ്ടതെന്നും അന്ന് സര്‍ക്കാര്‍ വാദിച്ചു. ഈ നിലപാടുകളെ അന്താരാഷ്ട്ര തര്‍ക്ക പരിഹാര സമിതി അംഗീകരിക്കുകയായിരുന്നു.
2016 ഒക്‌റ്റോബറിലാണ് ഇതുസംബന്ധിച്ച അന്തിമ ഭാഗിക ഉത്തരവ് ട്രൈബ്യൂണല്‍ പുറത്തിറക്കിയത്. ഇതേ വര്‍ഷം നവംബറില്‍ ട്രെബ്യൂണല്‍ വിധിയെ വെല്ലുവിളിച്ചുകൊണ്ട് കമ്പനികള്‍ യുകെ കോടതിയെ സമീപിച്ചു. ലാഭം കണക്കാക്കുന്നതില്‍ ട്രൈബ്യൂണലിന്റെ വീക്ഷണങ്ങള്‍ ശരിവെച്ചുകൊണ്ട് ഈ വര്‍ഷം ഏപ്രിലില്‍ സര്‍ക്കാരിന് അനുകൂലമായ വിധി യുകെ കോടതിയും പ്രഖ്യാപിച്ചു. ലാഭ വിഹിതം കണക്കാക്കുന്നതില്‍ കമ്പനികളുടെ മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ ഉള്‍പ്പെടുത്തണമെന്ന ട്രൈബ്യൂണല്‍ നിരീക്ഷണവും യുകെ കോടതി സ്ഥിരീകരിച്ചു. മേയ് 2ന് കോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം കമ്പനികള്‍ അപ്പീലില്‍ ഉന്നയിച്ച ഒരു പ്രശ്‌നം കേസ് ട്രൈബ്യൂണലിന്റെ പുനഃപരിശോധനയ്ക്ക് വിടുകയും ചെയ്തിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: PMT