2025 ഓടെ ഇന്ത്യയില്‍ ഒരു കോടി സിഎന്‍ജി വാഹനങ്ങളെന്ന് നൊമൂറ

2025 ഓടെ ഇന്ത്യയില്‍ ഒരു കോടി സിഎന്‍ജി വാഹനങ്ങളെന്ന് നൊമൂറ

പുതുതായി 5,000 സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കേണ്ടതായി വരും

ന്യൂഡെല്‍ഹി : പുതുതായി 5,000 ഫില്ലിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചാല്‍ 2024-25 ഓടെ ഇന്ത്യയില്‍ ഒരു കോടി സിഎന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) വാഹനങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പരിസ്ഥിതി സൗഹൃദ മൊബിലിറ്റിയെന്ന മുറവിളിക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ നാച്ചുറല്‍ ഗ്യാസ് വാഹനങ്ങള്‍ക്ക് (എന്‍ജിവി) കഴിയുമെന്നും നൊമൂറ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ആര്‍ഐ) കണ്‍സള്‍ട്ടിംഗിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിഎന്‍ജി സ്‌റ്റേഷനുകളുടെ എണ്ണം നിലവിലെ 1,349 ല്‍നിന്ന് 5,000 ആയി വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇതുവഴി ഏകദേശം 95,000 കോടി രൂപയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാനും 2025 സാമ്പത്തിക വര്‍ഷത്തോടെ സാധിക്കും.

പാസഞ്ചര്‍ വാഹനങ്ങള്‍, മൂന്നുചക്ര വാഹനങ്ങള്‍, ബസ്സുകള്‍ ഉള്‍പ്പെടെയാണ് ഒരു കോടി സിഎന്‍ജി വാഹനങ്ങള്‍ എന്ന് കണക്കാക്കിയിരിക്കുന്നത്. നിലവില്‍ 30 ലക്ഷം സിഎന്‍ജി വാഹനങ്ങള്‍ക്കുവേണ്ട ഫില്ലിംഗ് സ്‌റ്റേഷനുകള്‍ മാത്രമാണ് ഇന്ത്യയിലുള്ളതെന്ന് എന്‍ആര്‍ഐ കണ്‍സള്‍ട്ടിംഗ് ആന്‍ഡ് സൊലൂഷന്‍സ് പാര്‍ട്ണര്‍ ആശിം ശര്‍മ്മ പറഞ്ഞു. ആഗോള മാനദണ്ഡമനുസരിച്ച് 1,500 സിഎന്‍ജി വാഹനങ്ങള്‍ക്ക് ഒരു ഫില്ലിംഗ് സ്റ്റേഷന്‍ എന്നതാണ് കണക്ക്. മെസ്സെ ഫ്രാങ്ക്ഫര്‍ട്ടിന്റെ (ഫ്രാങ്ക്ഫര്‍ട്ട് ട്രേഡ് ഫെയര്‍) ഭാഗമായി നടന്ന എന്‍ജിവി ഇന്ത്യാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ആശിം ശര്‍മ്മ.

നിലവില്‍ 30 ലക്ഷം സിഎന്‍ജി വാഹനങ്ങള്‍ക്കുവേണ്ട ഫില്ലിംഗ് സ്‌റ്റേഷനുകള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്

2025 ഓടെ 5,000 പുതിയ സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കേണ്ടതായി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുതായി 86 കേന്ദ്രങ്ങളില്‍ നഗര വാതക (സിറ്റി ഗ്യാസ്) വിതരണ ലൈസന്‍സ് അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ബിഡ്ഡുകള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. 2025 ഓടെ 5,000 സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഈ മാര്‍ഗ്ഗം ഉപയോഗപ്പെടുത്താന്‍ കഴിയും. സിഎന്‍ജി, എല്‍എന്‍ജി വാഹനങ്ങള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കണമെന്ന് ആശിം ശര്‍മ്മ ആവശ്യപ്പെട്ടു. സിഎന്‍ജി സ്റ്റേഷനുകള്‍ ധാരാളമുണ്ടെങ്കില്‍ കൂടുതലായി അത്തരം വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് കമ്പനികള്‍ തയ്യാറാകുമെന്ന് മാരുതി സുസുകി ഇന്ത്യ വൈസ് പ്രസിഡന്റ് രാഹുല്‍ ഭാരതി പറഞ്ഞു.

Comments

comments

Categories: Auto