സംരംഭങ്ങള്‍ക്ക് വളരാന്‍ അവസരമൊരുക്കി ‘സോള്‍’

സംരംഭങ്ങള്‍ക്ക് വളരാന്‍ അവസരമൊരുക്കി ‘സോള്‍’

സോള്‍ ആഗോള സ്റ്റാര്‍ട്ടപ്പ് മത്സരം; ക്ഷണവുമായി  പ്രതിനിധി സംഘം മേക്കര്‍വില്ലേജിലെത്തി

കൊച്ചി: ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന ആഗോള സ്റ്റാര്‍ട്ടപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 1,66,000 അമേരിക്കന്‍ ഡോളറാണ്(1,13,46,930 രൂപ) മൊത്തം സമ്മാനത്തുക.

സ്റ്റാര്‍ട്ടപ്പുകളെ മത്സരത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയന്‍ സംഘം രാജ്യത്തെ ഏറ്റവും വലിയ ഹാര്‍ഡ്‌വെയര്‍ ഇന്‍കുബേറ്ററായ കളമശ്ശേരി മേക്കര്‍വില്ലേജ് സന്ദര്‍ശിച്ചു.

‘കെസ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ച്2018’ എന്ന പേരിലുള്ള മത്സരം രാജ്യത്തെ നാഷണല്‍ ഐടി ഇന്‍ഡസ്ട്രി പ്രൊമോഷന്‍ ഏജന്‍സി(നിപ)യാണ് സംഘടിപ്പിക്കുന്നത്. നിപയുടെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഹ്യൂ ജിയൂന്‍ കിം, എക്‌സിക്യൂട്ടീവ് അഡൈ്വസര്‍ ടാക് ലീ എന്നിവരാണ് മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ചത്.

കേരള സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കി വരുന്ന പ്രോത്സാഹനത്തില്‍ സംഘം ഏറെ സംതൃപ്തി പ്രകടിപ്പിച്ചു. മേക്കര്‍ വില്ലേജിലെ അത്യാധുനിക ഉപകരണങ്ങള്‍ ഇതിന്റെ ഉദാഹരണമാണെന്ന് ഹ്യൂ ജിയൂന്‍ കിം പറഞ്ഞു. ഇത്രയും മികച്ച അന്തരീക്ഷം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നിപയുടെ വെബ്‌സൈറ്റ് വഴി ജൂണ്‍ 14ന് മുമ്പ് അപേക്ഷിക്കണം. ദക്ഷിണപശ്ചിമേഷ്യയിലെ മുഴുവന്‍ രാജ്യങ്ങളിലെയും അപേക്ഷകള്‍ പരിശോധിക്കുന്നത് ബെംഗളുരുവിലാണ്. അവിടെ നടക്കുന്ന വിലയിരുത്തല്‍ പരീക്ഷയും അഭിമുഖവും കഴിഞ്ഞതിനു ശേഷം വിവിധ രാജ്യങ്ങളില്‍ നിന്നായി 80 മത്സരാര്‍ത്ഥികള്‍ക്ക് മത്സരത്തിന് അവസരം ലഭിക്കും.

ഒന്നാം സ്ഥാനക്കാര്‍ക്ക് 1 ലക്ഷം ഡോളര്‍, രണ്ടാം സ്ഥാനക്കാര്‍ക്ക് 40,000 ഡോളര്‍, മൂന്നാം സ്ഥാനക്കാര്‍ക്ക് 20,000 ഡോളര്‍, പ്രോത്സാഹന സമ്മാനമായി 6000 ഡോളര്‍ എന്നിങ്ങനെയാണ് സമ്മാനത്തുക. മത്സരത്തില്‍ പങ്കെടുക്കാനവസരം ലഭിച്ചവര്‍ക്ക് ആറു മാസം കൊറിയയില്‍ താമസിക്കാം. ഇതു കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ 40 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏതാണ്ട് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും ലഭിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച നിക്ഷേപ സാധ്യതയാണ് സ്റ്റാര്‍ട്ടപ്പ് മത്സരത്തിലൂടെ തുറന്നു കിട്ടുന്നത്. ദക്ഷിണ കൊറിയയിലെ മൊബീല്‍ കമ്പനികളടക്കമുള്ള പ്രമുഖ ടെക് ഭീമന്മാരുമായി സഹകരണത്തിനും ഇതിലൂടെ അവസരമൊരുങ്ങും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്ത്യയും കൊറിയയും തമ്മിലുള്ള വിനിമയപദ്ധതിയെക്കുറിച്ചും പ്രതിനിധി സംഘവുമായി മേക്കര്‍വില്ലേജ് അധികൃതര്‍ ചര്‍ച്ച നടത്തി.

മത്സരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ https://www.k-startupgc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇന്ത്യയടക്കം 120 രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ലക്കത്തില്‍ ഇന്ത്യയില്‍ നിന്നുമാത്രം ഇരുനൂറിലധികം സ്റ്റാര്‍ട്ടപ്പുകളാണ് അപേക്ഷിച്ചത്.

 

Comments

comments

Categories: Entrepreneurship