ദുബായ്; ഉപഭോക്തൃ പരാതികളില്‍ 30 ശതമാനം വര്‍ധന

ദുബായ്; ഉപഭോക്തൃ പരാതികളില്‍ 30 ശതമാനം വര്‍ധന

 

ആദ്യ പാദത്തില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്ന പരാതികളില്‍ 15 ശതമാനവും വാറ്റുമായി ബന്ധപ്പെട്ടതാണ്

ദുബായ്: ഉപഭോക്തൃ പരാതികളില്‍ വ്യാപകമായ വര്‍ധന. 2018ലെ ആദ്യ പാദത്തില്‍ പരാതികളിലുണ്ടായിരിക്കുന്നത് 30 ശതമാനം വര്‍ധനയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചുള്ള കണക്കാണിത്.

ആദ്യ പാദത്തിലെ മൊത്തം പരാതികളില്‍ 15 ശതമാനവും പുതുതായി നടപ്പാക്കിയ നികുതി പരിഷ്‌കരണമായ വാറ്റു(മൂല്യ വര്‍ധിത നികുതി)മായി ബന്ധപ്പെട്ടതാണെന്ന് ഇക്കണോമിക് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള കൊമേഴ്‌സ്യല്‍ കംപ്ലയന്‍സ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ വ്യക്തമാക്കി.

2018ലെ ആദ്യ പകുതിയില്‍ മൊത്തം ലഭിച്ചത് 8,166 പരാതികളാണ്. ശരാശരി ഒരു ദിവസം ലഭിക്കുന്നത് 270 പരാതികളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 2017ലെ ആദ്യ പാദത്തില്‍ ലഭിച്ചത് 6,275 പരാതികളായിരുന്നു. മൊത്തം പരാതികളില്‍ കൂടുതലും വന്നിരിക്കുന്നത് സേവന മേഖലയില്‍ നിന്നാണ്. 33.9 ശതമാനമാണ് പരാതികളിലേക്കുള്ള ഈ മേഖലയുടെ സംഭാവന. ഇലക്ട്രോണിക്‌സ് മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 16.7 ശതമാനം പരാതികളാണ്, ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട് 10.7 ശതമാനവും.

2018ലെ ആദ്യ പകുതിയില്‍ മൊത്തം ലഭിച്ചത് 8,166 പരാതികളാണ്. ശരാശരി ഒരു ദിവസം ലഭിക്കുന്നത് 270 പരാതികളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 2017ലെ ആദ്യ പാദത്തില്‍ ലഭിച്ചത് 6,275 പരാതികളായിരുന്നു

യുഎഇയെയും ദുബായിയെയും സംബന്ധിച്ചിടത്തോളം പ്രധനമാണ് റീട്ടെയ്ല്‍ മേഖല. സാമ്പത്തിക വളര്‍ച്ചയിലേക്ക് വലിയ രീതിയില്‍ സംഭാവന ചെയ്യുന്നു ഈ മേഖലയിലെ പ്രമുഖര്‍. മേഖലയുടെ ഇടപാടുകളില്‍ വലിയ തോതിലുള്ള സുതാര്യത കൈവരിക്കുകയാണ് ലക്ഷ്യം-കൊമേഴ്‌സ്യല്‍ കംപ്ലയന്‍സ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സിഇഒ മൊഹമ്മദ് അലി റഷിദ് ലൂട്ട പറഞ്ഞു.

റീട്ടെയ്ല്‍ മേഖലയില്‍ മികച്ച കുതിപ്പാണ് ദുബായ് രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഈ രംഗത്തുനിന്നുള്ള പരാതികളും കൂടാന്‍ സാധ്യതയുണ്ട്. 2021 ആകുമ്പോഴേക്കും ദുബായിലെ റീട്ടെയ്ല്‍ മേഖലയുടെ വില്‍പ്പന 43.8 ബില്ല്യണ്‍ ഡോളറിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

2018-2021 കാലയളവില്‍ ദുബായുടെ റീട്ടെയ്ല്‍ മേഖലയുടെ ശരാശരി വളര്‍ച്ചാ നിരക്ക് 5.6 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റീട്ടെയ്ല്‍, റിയല്‍ എസ്റ്റേറ്റ്, ട്രാവല്‍, ടൂറിസം തുടങ്ങിയ വിപണികള്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നത് ഗുണം ചെയ്യുമെന്നും അത് എല്ലാ മേഖലകള്‍ക്കും ഉണര്‍വ് പകരുമെന്നുമാണ് വിപിണി വിദഗ്ധരുടെ വിലയിരുത്തല്‍.

ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന മികച്ച വര്‍ധനയും ഷോപ്പിംഗ് മാളുകളിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലെ വന്‍ വര്‍ധനയുമാണ് റീട്ടെയ്ല്‍ മേഖലയ്ക്ക് ഉണര്‍വ് പകരുന്നത്. ആളോഹരി വരുമാനത്തിലെ ഉയര്‍ച്ചയും മേഖലയുടെ കുതിപ്പിനെ സ്വാധീനിക്കുന്നു.

Comments

comments

Categories: Arabia