വികസ്വര വിപണികള്‍ തിരിച്ചടി നേരിടും: മാര്‍ക് മൊബിയസ്

വികസ്വര വിപണികള്‍ തിരിച്ചടി നേരിടും: മാര്‍ക് മൊബിയസ്

കറന്‍സി മൂല്യം ഇടിയുന്നത് വികസ്വര വിപണികളിലെ നിക്ഷേപാവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു

ന്യൂഡെല്‍ഹി: വികസ്വര വിപണികള്‍ക്ക് മോശം കാലമാണ് വരാന്‍ പോകുന്നതെന്ന് മൊബിയസ് കാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് എല്‍എല്‍പി സ്ഥാപകനും പ്രമുഖ നിക്ഷേപകനുമായ മാര്‍ക് മൊബിയസിന്റെ മുന്നറിയിപ്പ്. വികസ്വര വിപണികളില്‍ ചില തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്നും എന്നാല്‍, കൃത്യമായി തെരഞ്ഞെടുത്ത് നിക്ഷേപം നടത്തുന്നവര്‍ക്ക് ഇത്തരം വിപണികളില്‍ ചുരുക്കം ചില മികച്ച അവസരങ്ങള്‍ ഉണ്ടാകുമെന്നും മാര്‍ക് മൊബീയസ് പറഞ്ഞു. ബ്ലൂംബെര്‍ഗ് ടിവിയില്‍ നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

എംഎസ്‌സിഐ (മോര്‍ഗന്‍ സ്റ്റാന്‍ലി കാപിറ്റല്‍ ഇന്റര്‍നാഷണല്‍) എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഓഹരി സൂചിക പത്ത് വര്‍ഷത്തെ ഉയര്‍ന്ന തലത്തില്‍ നിന്നും ജനുവരി ആദ്യം ഏകദേശം 11 ശതമാനം ഇടിഞ്ഞിരുന്നു. വികസ്വര വിപണികളില്‍ ട്രഷറി നിക്ഷേപം വര്‍ധിക്കുന്നതും ഡോളര്‍ കരുത്താര്‍ജിക്കുന്നതുമാണ് ഇതിനുള്ള കാരണമായി മൊബീയസ് ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ കാരണം തുര്‍ക്കിഷ് കറന്‍സിയായ ലിറയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തി. പെസോ (അര്‍ജന്റീന കറന്‍സി) മൂല്യം ഇടിഞ്ഞ സാഹചര്യത്തില്‍ അര്‍ജന്റീനയും തങ്ങളുടേതായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോളറിനെതിരെ കറന്‍സി മൂല്യം ഇടിയുന്നത് വികസ്വര വിപണികളിലെ നിക്ഷേപാവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതായി മൊബീയസ് അഭിപ്രായപ്പെട്ടു. അതേസമയം, ബാങ്കിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതിന്റെ ഫലമായി ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ ഓഹരികളില്‍ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഔട്ട്‌സോഴ്‌സിംഗില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിപണി കുത്തനെ ഇടിയുകയാണെങ്കില്‍ ചൈനീസ് ടെക് ഓഹരികളില്‍ നിക്ഷേപ അവസരങ്ങളുണ്ടായേക്കുമെന്നും ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ ഷഓമിസ് കോര്‍പ്പ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy
Tags: share market