ഐഎംഡി കോംപെറ്റിറ്റീവ്‌നെസ്സ് റാങ്കിംഗ് ; മല്‍സരക്ഷമതയില്‍ ഇന്ത്യ ഒരുപടി മുന്നേറി 44-ാം സ്ഥാനത്ത്

ഐഎംഡി കോംപെറ്റിറ്റീവ്‌നെസ്സ് റാങ്കിംഗ് ; മല്‍സരക്ഷമതയില്‍ ഇന്ത്യ ഒരുപടി മുന്നേറി 44-ാം സ്ഥാനത്ത്

 

സൈപ്രസും സൗദി അറേബ്യയും ആദ്യമായി റാങ്കിംഗില്‍ ഇടം നേടി

ന്യൂഡെല്‍ഹി: സമ്പദ്ഘടനകളുടെ മത്സരക്ഷമതയെ അടിസ്ഥാനമാക്കി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (ഐഎംഡി) തയാറാക്കിയ വാര്‍ഷിക റാങ്കിംഗില്‍ ഇന്ത്യ 44-ാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ 45-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ശക്തമായ സാമ്പത്തിക പ്രകടവും അടിസ്ഥാന സൗകര്യങ്ങളുമുള്ള അമേരിക്കയാണ് ആഗോളതലത്തിലെ ഏറ്റവും മത്സരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ. പട്ടികയില്‍ ഹോങ്കോംഗ് രണ്ടാം സ്ഥനത്തും സിംഗപ്പൂര്‍ മൂന്നാം സ്ഥാനത്തുമാണ് ഇടം നേടിയിട്ടുള്ളത്. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയ മറ്റ് രണ്ട് രാജ്യങ്ങള്‍ നെതര്‍ലന്‍ഡ്‌സും സ്വിറ്റ്‌സര്‍ലന്‍ഡുമാണ്. മത്സരാധിഷ്ഠിത സമ്പദ്ഘടനകളായ 14 ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 12-ാം സ്ഥാനത്ത് ഇടം നേടിയിട്ടുണ്ട്.
2018 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ നേരിടുന്ന ചില വെല്ലുവിളികളെ സംബന്ധിച്ച് ഐഎംഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തൊഴില്‍ നൈപുണ്യം, തൊഴില്‍ സൃഷ്ടിക്കല്‍, ചരക്ക് സേവന നികുതിയുടെ സുഗമമായ നടപ്പിലാക്കല്‍, സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉയര്‍ന്ന വളര്‍ച്ചയും തമ്മിലുള്ള സന്തുലനം തുടങ്ങിയ കാര്യങ്ങളാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളികളായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്രാമീണ മേഖലയിലെ ഡിജിറ്റല്‍ സാക്ഷരതയും മതിയായ ബാന്‍ഡ് വിഡ്തും, പശ്ചാത്തല വികസനങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങളുടെ സമാഹരണം തുടങ്ങിയവയാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മറ്റു മേഖലകളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഡെന്‍മാര്‍ക്ക്, യുഎഇ, നോര്‍വെ, സ്വീഡന്‍, കാനഡ എന്നീ രാജ്യങ്ങളാണ് യഥാക്രമം പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയവ. 14-ാം സ്ഥാനത്താണ് ചൈനയുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പട്ടികയില്‍ തുടര്‍ച്ചായി ചൈന നില മെച്ചപ്പെടുത്തുന്നുണ്ട്. 2014 മുതല്‍ 10 സ്ഥാനങ്ങളുടെ മുന്നേറ്റമാണ് ചൈന കുറിച്ചിട്ടുള്ളത്. തൊഴില്‍ ശക്തി, ആഭ്യന്തര വിപണിയിലെ ശക്തമായ സാമ്പത്തിക പ്രകടനം എന്നിവയാണ് ചൈനയ്ക്ക് തുണയായത്.
എല്ലാ മത്സരാധിഷ്ഠിത ഘടകങ്ങളിലും ശരാശരിക്കു മുകളിലുള്ള പ്രകടനം പങ്കുവെച്ച രാജ്യങ്ങളാണ് റാങ്കിംഗില്‍ മുന്‍നിരയിലെത്തിയതെന്നും എന്നാല്‍ അവരുടെ മത്സരക്ഷമതയുടെ സ്വഭാവം വ്യത്യസ്തമാണെന്നും ഐഎംഡി പറയുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഐഎംഡി ബിസിനസ് സ്‌കൂളിന്റെ ഒരു റിസര്‍ച്ച് സെന്ററാണ് ഐഎംഡി വോള്‍ഡ് കോംപറ്റിറ്റീവ്‌നെസ് സെന്റര്‍. 1989 മുതല്‍ എല്ലാവര്‍ഷവും ഐഎംഡി റാങ്കിംഗ് പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ വര്‍ഷം 63 രാജ്യങ്ങളാണ് റാങ്കിംഗിലുണ്ടായിരുന്നത്. സൈപ്രസും സൗദി അറേബ്യയും ആദ്യമായി റാങ്കിംഗില്‍ ഇടം നേടിയതും ഈ വര്‍ഷമാണ്.

Comments

comments

Categories: Business & Economy