ഇന്ധനവില വര്‍ധന: പെട്രോളിനും ഡീസലിനും ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

ഇന്ധനവില വര്‍ധന: പെട്രോളിനും ഡീസലിനും ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

മുംബൈ: ദിനംപ്രതി വര്‍ധിച്ചുവരുന്ന ഇന്ധനവില നിയന്ത്രിക്കുന്നതിന് പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ മതിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്.
മഹാരാഷ്ട്ര ഈ നടപടിയെടുക്കാന്‍ സമ്മതം നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ കൂടി ഇക്കാര്യത്തില്‍ യോജിച്ചാല്‍ എണ്ണവില കുറയ്ക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയുടെ അടിസ്ഥാനത്തിലാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ വില നിയന്ത്രിക്കുന്നതിനായി നിയുക്ത സംഘത്തെ നിയമിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച തുടരുകയാണ്. ചര്‍ച്ച ചെയ്ത് ധാരണയിലെത്തുകയാണെങ്കില്‍ വില നിയന്ത്രിക്കാനാകുമെന്നും ഫട്‌നാവിസ് ചൂണ്ടിക്കാട്ടി. ജിഎസ്ടി പരിധിയില്‍ പെട്രോള്‍, ഡീസല്‍ വില കൊണ്ടുവന്നാല്‍ ജനങ്ങള്‍ക്ക് ഒറ്റനികുതി നല്‍കിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും എണ്ണ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. രാജ്യവ്യാപകമായി വിലക്കയറ്റത്തില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെയാണ് എണ്ണവില ഇന്നും കൂട്ടിയത്. മെട്രോ നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരത്ത് പെട്രോളിന് 38 പൈസ കൂടി 82 രൂപയും ഡീസലിന് 24 പൈസ വര്‍ധിച്ച് 74.60 രൂപയുമായി. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ പെട്രോളിന് 3.39 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 3.8 രൂപയും കൂടി.

ഡെല്‍ഹിയില്‍ പെട്രോള്‍വില 77.83 രൂപയും മുംബൈയില്‍ 85.65 രൂപയുമാണ്. കൊല്‍ക്കത്തയിലും ചെന്നൈയിലും പെട്രോള്‍വില 80 രൂപയാണ്.

 

Comments

comments