ഐബിസി ഭേദഗതി; ഹോം ബയേഴ്‌സിനെ സാമ്പത്തിക വായ്പാദാതാക്കളായി കണക്കാക്കും

ഐബിസി ഭേദഗതി; ഹോം ബയേഴ്‌സിനെ സാമ്പത്തിക വായ്പാദാതാക്കളായി കണക്കാക്കും

 

ന്യൂഡെല്‍ഹി: റിയല്‍റ്റിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് (ഹോം ബയേഴ്‌സ്) ആശ്വാസം പകര്‍ന്ന് പാപ്പരത്ത നിയമ (ഐബിസി) ഭേദഗതിക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. ഹോം ബയേഴ്‌സിനെ സാമ്പത്തിക വായ്പാദാതാക്കളെന്ന് കണക്കാക്കി റിയല്‍റ്റി കമ്പനികളില്‍ നിന്നുള്ള കുടിശിക വീണ്ടെടുക്കുന്നതിനുള്ള നടപടികളില്‍ ബാങ്കുകള്‍ക്കും മറ്റ് സ്ഥാപന വായ്പാദാതാക്കള്‍ക്കുമൊപ്പം ഇവര്‍ക്കും പരിഗണന നല്‍കുന്നതിനാണ് ഭേദഗതി അനുമതി നല്‍കുന്നത്.

നിലവില്‍ ചില റിയല്‍റ്റി കമ്പനികള്‍ പാപ്പരത്ത നടപടികളെ നേരിടുന്നുണ്ട്. നിലവിലുള്ള നിയമങ്ങള്‍ കുടിശിക വീണ്ടെടുക്കലില്‍ ഹോം ബയേഴ്‌സ് പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യം സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനം കൈക്കൊണ്ടത്. ജയ്പീ വിഷ് ടൗണില്‍ നിന്നും ഭവനങ്ങള്‍ വാങ്ങിയവര്‍ നേരത്തേ ജയ്പീ ഇന്‍ഫ്രാടെക്കിന്റെ വിറ്റൊഴിക്കല്‍ ശുപാര്‍ശയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ഐബിസി പ്രകാരം ഹോം ബയേഴ്‌സ് ഈടില്ലാത്ത വായ്പാദാതാക്കളാണ്. ഈടുള്ള സ്ഥാപന വായ്പാദാതാക്കള്‍ക്ക് താഴെ മാത്രമാണ് ഇവര്‍ക്ക് പരിഗണന ലഭിക്കുക.

സാമ്പത്തിക വായ്പാ ദാതാക്കളായി ഹോം ബയേഴ്‌സിനെ കണക്കാക്കിയില്ലെങ്കില്‍ പാപ്പരത്ത നിയമവും റെറ (റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ആക്ട്്) നിയമവും പരസ്പര വിരുദ്ധമാകുന്ന സാഹചര്യമുണ്ടാകുമായിരുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വായ്പയ്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പാപ്പരത്തം ഫയല്‍ ചെയ്യാന്‍ ഐബിസി കമ്പനികള്‍ക്ക് അനുമതി നല്‍കുന്നു. അതേസമയം, ഹോം ബയേഴ്‌സിന് ആശ്വാസം നല്‍കുന്നതിനും റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറുന്നതില്‍ സംഭവിക്കുന്ന കാലതാമസം ഒഴിവാക്കാനുമാണ് റെറ പ്രവര്‍ത്തിക്കുന്നത്.

നിര്‍ദിഷ്ട ഭേദഗതികളിലൂടെ ഐബിസി നിയമത്തിലെ സെക്ഷന്‍ 29 എ ക്കു കീഴില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍(എംഎസ്എംഇ)ക്കും ഇളവുകള്‍ നല്‍കുന്നുണ്ട്. വായ്പാ തിരിച്ചടവില്‍ ബോധപൂര്‍വം വീഴ്ച വരുത്തിയ പ്രമോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പാപ്പരത്ത നടപടിക്ക് കീഴില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സെക്ഷന്‍ 29 എ അനുശാസിക്കുന്നത്.

 

Comments

comments

Tags: home buyers, IBC